ഇളയദളപതി വിജയ് യുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചൂടന്‍ അപ്‌ഡേറ്റ്‌സിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം തന്റെ രാഷ്ട്രീയ പ്രവേശനം ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്യുകയാണ് നടനെന്നാണ് വിവരം. ജനകീയ പ്രസ്ഥാനമായി മാറിയ തന്റെ ഫാന്‍സ് ക്ലബ്ബിലൂടെ നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ തമിഴ്‌രാഷ്ട്രീയം ലക്ഷ്യം വെച്ചാണെന്നാണ് വിലയിരുത്തല്‍.
ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദിന്റെ സഹായത്തോടെ വിജയ് മക്കള്‍ ഇയക്കം പൊതുജനങ്ങള്‍ക്കായി ഒരു സൗജന്യ ക്ലിനിക്ക് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് എന്നതാണ് ഏറ്റവും പുതിയ വിവരം. ഈ മിനി ക്ലിനിക്ക് വഴി ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാണ് പദ്ധതി. മെഡിക്കല്‍ സംഘം ഉടന്‍ രൂപീകരിക്കും. ചെന്നൈയിലെ വിഎംഐ ഹെഡ് ഓഫീസില്‍ ബസ്സി ആനന്ദിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ കൂടിയാലോചന യോഗം ഉടന്‍ നടക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനായി സംസ്ഥാനത്തുടനീളമുള്ള ഡോക്ടര്‍മാരെയും മെഡിക്കല്‍ ജീവനക്കാരെയും ഒരുമിച്ച് കൊണ്ടുവരുന്ന തിരക്കിലാണ് വിഎംഐ അധികൃതര്‍.
നേരത്തേ സൗജന്യ ഭക്ഷണ കേന്ദ്രങ്ങള്‍, രക്തബാങ്കുകള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, നിയമസഹായ കേന്ദ്രങ്ങള്‍ എന്നിവ വിഎംഐ നേരത്തെ ആരംഭിച്ചിരുന്നു. വിഎംഐയുടെ ലീഗല്‍ ടീമും ഐടി ടീമും അടുത്തിടെ ബസ്സി ആനന്ദിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ചു. നേതാക്കളുടെ ജന്മദിനം ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ ആഘോഷിക്കാനും സംസ്ഥാനത്തുടനീളമുള്ള വോട്ടര്‍ പട്ടിക തയ്യാറാക്കാനും വിജയ് വിഎംഐ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായിട്ടാണ് ഏറ്റവും പുതിയ വിവരം.