Health

മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടാകുന്നുണ്ടോ ? കാരണങ്ങള്‍ പലത്

അണുബാധമൂലവും മൂക്കില്‍നിന്നും രക്തം ഉണ്ടാകാം. മൂക്കിലുണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും രക്തസ്രാവം വര്‍ധിപ്പിക്കാം. അതുപോലെ ദീര്‍ഘനേരം സൂര്യപ്രകാശമേല്‍ക്കുമ്പോഴും രക്തസ്രാവം വര്‍ധിക്കാം . മൂക്കില്‍നിന്നുള്ള രക്തസ്രാവത്തിന് കാരണങ്ങള്‍ പലതാണ്. ഇതിന് പൊതുവെ പറയുന്ന പേരാണ് എപ്പിസ്റ്റാക്‌സിസ്.

രാവിലെ ഉറക്കമുണരുമ്പോള്‍ ചിലരില്‍ മൂക്കില്‍ക്കൂടി രക്തസ്രാവമുണ്ടാകുന്നു. മൂക്കില്‍ ദശ വളര്‍ന്നു നില്‍ക്കുന്നതിനാലാകാമിത്. അണുബാധമൂലവും മൂക്കില്‍നിന്നും രക്തം ഉണ്ടാകാം. മൂക്കിലുണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും രക്തസ്രാവം വര്‍ധിപ്പിക്കാം. അതുപോലെ ദീര്‍ഘനേരം സൂര്യപ്രകാശമേല്‍ക്കുമ്പോഴും രക്തസ്രാവം വര്‍ധിക്കാം.

മൂക്കില്‍ അന്യവസ്തുക്കള്‍ കുടുങ്ങിയാല്‍

കുട്ടികള്‍ കളിക്കിടയില്‍ പലപ്പോഴും പഞ്ഞി, ബട്ടന്‍സ്, ഈര്‍ക്കില്‍ മുതലായവ മുക്കില്‍ കടത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മൂക്കിലൂടെ
രക്തസ്രാവം ഉണ്ടാകാം. വളരെ അപകടകരമായ അവസ്ഥയാണിത്. മൂക്ക് ശക്തിയായി ചീറ്റിക്കൊണ്ട് മൂക്കില്‍ കയറ്റിയ വസ്തു പുറത്തുകളയാം. മൂക്കില്‍ മൂര്‍ച്ചയേറിയ ഉപകരണങ്ങളുടെ സഹായത്താല്‍ കുടുങ്ങിയിട്ടുള്ള വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കരുത്.

ഇങ്ങനെ നീക്കം ചെയ്യാനുള്ള ശ്രമം വസ്തു ഉള്ളിലേക്ക് കൂടുതല്‍ കൂടുതല്‍ കയറി കൂടുതല്‍ അപകടം ഉണ്ടാകാന്‍ ഇടവരുന്നു. മൂക്കു ചീറ്റുക വഴി കുടുങ്ങിയ വസ്തു പുറത്തു പോയില്ലെങ്കില്‍ എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കുക.

ദശവളര്‍ച്ചയും അണുബാധയും

മൂക്കിലെ ദശവളര്‍ച്ചയും അതിനെ തുടര്‍ന്നുണ്ടാകുന്ന അണുബാധയും മൂക്കില്‍ കൂടി രക്തം വരുന്നതിന് കാരണമാകാറുണ്ട്. പാപ്പിലോമാ, ഗ്രാനുലോമാ എന്നിങ്ങനെയാണ് മൂക്കിലുണ്ടാകുന്ന ദശകളുടെ പേര്.
ഇത് കരിച്ചു കളയാന്‍ സാധിക്കും. എന്നാല്‍ കരിച്ചു കളഞ്ഞതിന് ശേഷവും ദശയുടെ അംശം മൂക്കില്‍ അവശേഷിച്ചാല്‍ ആ ഭാഗം വീണ്ടും തടിച്ചു വരാന്‍ സാധ്യത കൂടുതലാണ്. ജെല്ലി പോലെ മൃദുവായ ദശയും കട്ടി കൂടിയ ദശയുമുണ്ട്. കട്ടി കുറഞ്ഞ ദശ കരിച്ചു കളയുന്നത് കൊണ്ട് പ്രയോജനമുണ്ട്. ദശ കരിച്ചു കളഞ്ഞാലും വീണ്ടും വരാം.

ഒസീന

മൂക്കിലെ അസ്ഥികളും ശ്ലേഷ്മപടലങ്ങളും ക്ഷയിച്ച് ചെറിയ പൊട്ടലുകളും ദുര്‍ഗന്ധവും സ്രവവും ഉണ്ടാകുന്ന അവസ്ഥയാണ് ഒസീന. മൂക്കിന്റെ വീക്കം നീണ്ടു നിന്നാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

ഇതിന്റെ ഫലമായി മൂക്കില്‍നിന്നും രക്തസ്രാവമുണ്ടാകാം. ഈ രോഗാവസ്ഥയില്‍ ഗന്ധം തിരിച്ചറിയാനുള്ള കഴിവ് ക്രമേണ നഷ്ടപ്പെടാനിടയുണ്ട്.
മൂക്കിന്റെ പാലത്തിനുണ്ടാകുന്ന സുഷിരം

മൂക്കിന്റെ പാലത്തിന് സുഷിരങ്ങള്‍ ഉണ്ടാകാറുണ്ട്. സുഷിരത്തോടൊപ്പം വ്രണങ്ങളും കാണപ്പെടുന്നു.ഈ രോഗാവസ്ഥയില്‍ ദുര്‍ഗന്ധത്തോടു കൂടിയ രക്തം കലര്‍ന്ന സ്രവം മൂക്കില്‍നിന്നും വരാറുണ്ട്.

അസ്ഥികള്‍ക്ക് അസഹനീയമായ വേദനയും അനുഭവപ്പെടുന്നു. മൂക്കിലെ അസ്ഥികളും ശ്ലേഷ്മ പടലവും നശിക്കുന്നതാണ് ഇതിന് കാരണം. പച്ച
നിറത്തില്‍ ദുര്‍ഗന്ധത്തോടു കൂടിയ നാസികാസ്രവവും വരാറുണ്ട്.
മൂക്കിലെയും തൊണ്ടയിലെയും കാന്‍സര്‍
മൂക്കില്‍ കൂടിയുള്ള രക്തസ്രാവത്തിന് മറ്റ് കാരണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കാന്‍സറിന്റെ സാധ്യത തള്ളിക്കളഞ്ഞു കൂടാ. രക്താര്‍ബുദം, മൂക്കിലെയും തൊണ്ടയിലെയും കാന്‍സര്‍ ഇവയുടെ ലക്ഷണമെന്ന നിലയിലും മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടാകാം.

മറ്റ് കാരണങ്ങള്‍

തണുപ്പുമൂലം മൂക്കിലെ ചര്‍മ്മം വലിഞ്ഞു പൊട്ടുക, മൂക്കില്‍ ഏല്‍ക്കുന്ന ക്ഷതങ്ങള്‍, ശക്തിയായി തുമ്മുകയോ ചീറ്റുകയോ ചെയ്യുക, അണുബാധ, മൂക്കില്‍ അന്യവസ്തുക്കളോ വിരലോ കയറ്റുക, മൂക്കിലെയോ തൊണ്ടയിലെയോ അര്‍ബുദം, രക്തം കട്ട പിടിക്കാത്ത രോഗം, അമിത രക്തസമ്മര്‍ദം എന്നിവയെല്ലാം മൂക്കില്‍ നിന്നുള്ള രക്തസ്രാവത്തിന് കാരണങ്ങളാണ്.
കൂടാതെ ലുക്കീമിയ, ഡെങ്കിപ്പനി, ചിക്കന്‍പോക്‌സ് എന്നിവയുടെ ഫലമായും മൂക്കില്‍നിന്ന് രക്തസ്രാവം ഉണ്ടാകാം. മൂക്കില്‍നിന്ന് രക്തസ്രാവം ഉണ്ടായാല്‍ അതിന്റെ യഥാര്‍ഥ കാരണം കണ്ടെത്തി ചികിത്സ നേടുകയാണ് വേണ്ടത്.

പ്രഥമ ശുശ്രൂഷ

രക്തം വരുന്നതായി കണ്ടാലുടനെ മൂക്കിന്റെ ഇരു ദ്വാരങ്ങളും ഒരുമിച്ച് ചേര്‍ത്ത് പതിനഞ്ച് മിനിറ്റോളം അമര്‍ത്തിപ്പിടിച്ച് വായിലൂടെ ശ്വസിക്കുക. തുമ്മുകയോ ചീറ്റുകയോ ചെയ്യരുത്. ഇത് കട്ടപിടിച്ച രക്തം നീക്കിക്കളയുകയും വീണ്ടും രക്തസ്രാവത്തിന് ഇടയാക്കുകയും ചെയ്യും.

മൂക്കിനു പുറമേ ഐസ് കട്ടകള്‍ വച്ച് തണുപ്പിക്കുന്നതും നല്ലതാണ്. രക്തം നിലയ്ക്കുന്നില്ലെങ്കില്‍ എത്രയും വേഗം ആശുപത്രിയില്‍ എത്തണം. നിലയ്ക്കാത്ത രക്തസ്രാവം നിയന്ത്രിക്കുവാന്‍ മൂക്കിനുള്ളില്‍ പഞ്ഞി തിരുകിക്കയറ്റി വയ്‌ക്കേണ്ടി വരും.