Health

വിവാഹ പൂര്‍വ്വ വൈദ്യപരിശോധന അനിവാര്യമാണോ?

നമ്മുടെ നാട്ടില്‍ ഏറെയും, മാതാപിതാക്കള്‍ തീരുമാനിച്ച്‌ ഉറപ്പിക്കുന്ന വിവാഹങ്ങാളാണ്‌. മതവും, ജാതിയും, കണക്കിലെടുത്ത്‌, വിദ്യാഭ്യാസവും, സാമ്പത്തികനിലയും, ഗ്രഹനിലയും എല്ലാം പരിഗണിച്ച്‌ ഉറപ്പിക്കുന്ന വിവാഹത്തില്‍ വരന്റെ അല്ലങ്കില്‍ വധുവിന്റെ ആരോഗ്യസ്‌ഥിതിയെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കുന്നതേയില്ല. മാനസികവും ശാരീരികവമായ ആശങ്കകളെ അകറ്റിനിര്‍ത്തി വേണം വിവാഹവേദിയിലേയ്‌ക്ക് കാല്‍വെയ്‌ക്കാന്‍. എന്തെങ്കിലും ആരോഗ്യപ്രശ്‌നം ഉണ്ടെങ്കില്‍ വിവാഹത്തില്‍ നിന്ന്‌ പിന്തിരിയണം എന്നല്ല, മറിച്ച്‌ അത്‌ വിലയിരുത്തി പരിഹാരം കാണണം എന്നു മാത്രമാണ്‌.

ഭാവിയില്‍ ഒരു വിവാഹ മോചനത്തിലേയ്‌ക്കു തന്നെ വഴി തെളിച്ചേക്കാവുന്ന ചില പ്രശ്‌നങ്ങളെങ്കിലും വിവാഹ പൂര്‍വ്വ കൗസിലിങ്ങിലൂടെയും വൈദ്യ പരിശോധനയിലൂടെയും പരിഹരിക്കാന്‍ കഴിയും.

വിവാഹ പൂര്‍വ്വ ആരോഗ്യ പരിശോധനയുടെയും കൗണ്‍സിലിങ്ങിന്റേയും പ്രാധാന്യം വളരെയധികമാണ്‌. വിവാഹത്തിലേയ്‌ക്ക് കടന്നുവരുന്ന വ്യക്‌തിയ്‌ക്ക് സാധാരണയായി രോഗ ലക്ഷണങ്ങള്‍ ഒന്നും കാണുകയില്ല. എന്നാല്‍ ഗര്‍ഭധാരണത്തിശേഷം ഇവ മറ നീക്കി പുറത്തുവരാം. ഉദാഹരണത്തിന്‌ പ്രമേഹം, ഗര്‍ഭിണിയായതിനു ശേഷമാവും ചിലപ്പോള്‍ പ്രമേഹത്തിന്റെ സാമീപ്യം മനസ്സിലാക്കുന്നത്‌. അപ്പോഴേയ്‌ക്കും ചിലപ്പോള്‍ വളരെ വൈകിയെന്നുമിരിക്കും.

നമ്മുടെ സാമൂഹിക സാഹചര്യത്തില്‍ ഇപ്പോള്‍ അടുത്ത രക്‌ത ബന്ധത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹം അപൂര്‍വ്വമാണ്‌. എങ്കിലും പൂര്‍ണ്ണമായി തുടച്ചു മാറ്റപ്പെട്ടിട്ടുമില്ല. ജനിതകമായ പല വൈകല്യങ്ങളും ഇങ്ങനെ ഒരേ കുടുംബത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹത്തില്‍ കൂടുതലായി പ്രതിഫലിക്കാറുണ്ട്‌. വിശദമായ ജനിറ്റിക്‌ കൗസലിങ്ങ്‌ ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പ്രയോജനപ്പെടാം.

ഈ വൈദ്യപരിശോധനയില്‍ ആദ്യമായി ചെയ്യുന്നത്‌ വ്യക്‌തിയുടേയും കുടുംബത്തിന്റേയും മെഡിക്കല്‍ ചരിത്രം പരിശോധിക്കുകയാണ്‌. പെണ്‍കുട്ടിയുടെ ആര്‍ത്തവ ചക്രവും, ക്രമവും വിശകലനം ചെയ്യും. അതുവഴി, അണ്ഡവിസര്‍ജ്‌ജനത്തില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ കണ്ടുപിടിക്കാനും പരിഹരിക്കാനും സാധിക്കുന്നു. പ്രഥമിക ശരീര പരിശോധനയോടൊപ്പം തന്നെ രക്‌ത പരിശോധനയുമുണ്ട്‌. ശരീര ഭാരം, രക്‌തസമ്മര്‍ദ്ദം, വിളര്‍ച്ച തുടങ്ങിയസാമാന്യ കാര്യങ്ങളും, ആവശ്യാനുസരണം മറ്റു പരിശോധനകളും ഉണ്ടായിരിക്കും.

രക്‌ത പരിശോധനയില്‍, ഹീമോഗ്ലോബിന്റെ അളവ്‌, പഞ്ചസാരയുടെ അളവ്‌, വ്യക്കകളുടെ പ്രവര്‍ത്തനം എന്നിവ പരിശോധിക്കും. അതോടൊപ്പം തന്നെ ചില വൈറാണു ബാധകം, ഉദാഹരണത്തിന്‌ ഹെപ്പറ്ററ്റെറ്റിസ്‌ ബി പരിശോധിക്കും. രക്‌ത ഗ്രൂപ്പ്‌ അറിയാത്തവര്‍ വിരളമാണ്‌. എങ്കില്‍ തന്നെയും ചിലപ്പോഴെങ്കിലും നെഗറ്റീവ്‌ ബ്ലഡ്‌ ഗ്രൂപ്പ്‌ അറിയാതെ പോവാറുണ്ട്‌. ഇത്‌ ചിലപ്പോള്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചേക്കാം.

അള്‍ട്രാസൗണ്ട്‌ സ്‌കാന്‍ വഴി ഗര്‍ഭപാത്രത്തെയും അണ്ഡാശയത്തെയും പഠിക്കുവാന്‍ സാധിക്കും. ഗര്‍ഭാശയമുഴകള്‍ അണ്ഡാശയത്തില്‍ കാണപ്പെടുന്ന സിസ്‌റ്റ് എന്നിവ കണ്ടു പിടിച്ച്‌ തക്ക സമയത്ത്‌ ചികിത്സ നേടുന്നത്‌ നന്നായിരിക്കും.

ചില മരുന്നുകള്‍ ഗര്‍ഭസ്‌ഥ ശിശുവിന്‌ ഹാനികരമായേക്കാം. ഉദാഹരണത്തിന്‌ അപസ്‌മാരത്തിന്‌ കഴിക്കുന്ന ചില ഗുളികകള്‍ ഗര്‍ഭിണി ആകുന്നതിന്‌
മുല്‍പു തന്നെ ഇത്തരം മരുന്നുകള്‍വിദഗ്‌ധ നിര്‍ദ്ദേശപ്രകാരം മാറ്റി പകരം കൂടുതല്‍ സുരക്ഷിതമായ മരുന്നുകള്‍ തുടുങ്ങാവുന്നതാണ്‌.

ഉടനെ കുട്ടികള്‍ വേണ്ട എന്നകരുതുന്നവര്‍ക്ക്‌ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ സാധിക്കും. ഗര്‍ഭനിരോധന ഗുളികള്‍ ഉപയോക്കുന്നതിന്‌ മുന്‍പ്‌ അത്‌ ഉപയോഗിക്കുവാന്‍ പാടില്ലാത്ത എന്തെങ്കിലും സാഹചര്യം നിലനില്‍ക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കേണ്ടതാണ്‌.

ലൈംഗിക ജീവിതത്തെക്കുറിച്ചും ഗര്‍ഭധാരണത്തെക്കുറിച്ചും ഉള്ള അനാവശ്യമായ ആശങ്കകള്‍ നീക്കി, ആത്മ വിശ്വാസത്തോടെ വിവാഹ ജീവിതത്തിലേയ്‌ക്ക് പ്രവേശിക്കുവാന്‍ വിവാഹപൂര്‍വ്വ മെഡിക്കല്‍ ചെക്കപ്പും കൗസിലിംഗും വളരെ അധികം സഹായകമാണ്‌.