Lifestyle

നോണ്‍സ്റ്റിക്ക് പാത്രത്തില്‍ ഒരു പോറല്‍ മതി, ഓടിയെത്തും രോഗങ്ങൾ; ഉപയോഗം എപ്പോള്‍ നിര്‍ത്തണം?

കോട്ടിങ് പോയ നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ വീണ്ടും പാചകത്തിനായി ഉപയോഗിക്കാറുണ്ടോ? അങ്ങനെ ആണെങ്കിൽ അത് ഉടനെ നിര്‍ത്തിയേപറ്റൂ. നോണ്‍സ്റ്റിക്ക് പാത്രങ്ങളുടെ പ്രതലത്തിലുണ്ടാകുന്ന സൂക്ഷമകണങ്ങള്‍ പോലും അപകടകരമായ ദശലക്ഷക്കണക്കിന് സൂക്ഷമകണങ്ങള്‍ പുറത്തു വിടാനും ദോഷങ്ങളിലേക്ക് നയിക്കാനും കാരണമാകുന്നുവെന്ന് പഠനം. ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ റെമഡിയേഷന്‍ ഗവേഷകര്‍ നടത്തിയ പഠനം പ്രകാരം ടെഫ്‌ളോണ്‍ കോട്ടിങ്ങില്‍ ഉണ്ടാകുന്ന ഒരു പോറല്‍ 9000 ത്തിലധികം സൂക്ഷമ നാനോകണങ്ങള്‍ പുറത്തുവിടുന്നു.

ഓസ്‌ട്രേലിയ ആസ്ഥാനമാക്കിയ ഗവേഷണ സംഘം നോണ്‍ സ്റ്റിക്ക് കുക്ക് വെയറില്‍ നിന്ന് പുറത്തുവരുന്ന കണികകള്‍ എണ്ണുന്നതിനുള്ള ഒരു അല്‍ഗോരിതം വികസിപ്പിച്ചെടുത്തു. മോളിക്യുലാര്‍ ഇമേജിങ് കൂടി ഉപയോഗിച്ചപ്പോള്‍ ഭക്ഷണം പാകം ചെയ്യാനായി എടുക്കുന്ന സമയത്തിനുള്ളില്‍ നോണ്‍സ്റ്റിക്ക് പാനിന്റെ വിള്ളലില്‍ നിന്ന് 2.3 ദശലക്ഷം വരെ മൈക്രോപ്ലാസ്റ്റിക്‌സും നാനോപ്ലാസ്റ്റിക്‌സും പുറത്തുവരുന്നുവെന്ന് കണക്കാക്കി.

2013 വരെ നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ പെർഫ്ലൂറോഒക്റ്റാനോയിക് ആസിഡ്. (PFOA)എന്ന രാസവസ്തു ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. ഇത്തരത്തിലുള്ള പാത്രം അധികമായി ഉപയോഗിക്കുന്നവര്‍ക്ക് വൃക്കരോഗങ്ങളും കാന്‍സറും കൂടുതലായി ഉണ്ടാകുന്നതായി ഒരു പഠനം വ്യക്തമാക്കി. ഇപ്പോൾ (PFSA) ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് ഉള്ളില്‍ എത്തിയാല്‍ കരള്‍ രോഗം, വൃക്കരോഗം രക്തസമ്മര്‍ദ്ദം ചിലപ്പോള്‍ അര്‍ബുദത്തിന് വരെ കാരണമാകാം.

നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ 170 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടാകുമ്പോള്‍ അവയുടെ കോട്ടിങ്ങില്‍ നിന്നുംവിഷപ്പുക പുറത്തുവരും . ഈ പുക ശ്വസിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തൈറോയ്ഡ് തകരാറുകള്‍, ചിലതരം അര്‍ബുദങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും.ഇത് പാകം ചെയ്യുന്ന ഭക്ഷണത്തിലേക്ക് പകര്‍ന്നേക്കാം.പരിസ്ഥിതിയ്ക്കും നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ ദോഷകരമാണ്. അതിനാല്‍ കളിമണ്ണ് , കാസ്റ്റ് ഇരുമ്പ് എന്നിവ ഉപയോഗിക്കാവുന്നതാണ്.

കാലപ്പഴക്കം കൊണ്ടെല്ലാ നോണ്‍സ്റ്റിക്ക് പാത്രങ്ങളില്‍ പോറലുകള്‍ വീഴാം. ഇത്തരത്തില്‍ പോറല്‍ കണ്ടാല്‍ ഉടനെ ആ പാത്രം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഒരോ 5 വര്‍ഷത്തിലും നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ മാറ്റണം.ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പാത്രത്തിന്റെ ആകൃതിയിലോ നിറത്തിലോ മാറ്റം വന്നാലും പിന്നീട് അത് ഉപയോഗിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *