Featured Sports

മുഹമ്മദ് ഷമിയുടെ 24 വിക്കറ്റുകള്‍ ലോകകപ്പിലെ റെക്കോഡാണോ? കണക്കുകള്‍ പറയുന്നത്

ആദ്യത്തെ നാലു മത്സരങ്ങള്‍ക്ക് ശേഷം കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ ഉജ്വലമായ ബൗളിംഗ് കൊണ്ട് മറുപടി നല്‍കിയയാളാണ് ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമി. താരത്തിന്റെ തകര്‍പ്പന്‍ സ്‌പെല്ലുകള്‍ ഇന്ത്യയെ ലോകകപ്പിലെ ഫൈനലിലേക്ക് കടക്കാന്‍ ഏറ്റവും നിര്‍ണ്ണായകമായി മാറുകയും ചെയ്തു. എന്നാല്‍ ഷമിയുടെ ഏഴു കളിയിലെ 24 വിക്കറ്റുകള്‍ ലോകകപ്പിലെ ഒരു റെക്കോഡാണോ? ലോകകപ്പില്‍ 23 വിക്കറ്റുകള്‍ നേടിയ ഓസ്ട്രേലിയയുടെ ആദം സാംപയേക്കാള്‍ ഒരു വിക്കറ്റ് കൂടുതല്‍ നേടിയാണ് ഷമി 2023 ലോകകപ്പ് പൂര്‍ത്തിയാക്കിത്.

എന്നാല്‍ ഷമിയുടേത് ലോകകപ്പിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നായി നില്‍ക്കുമ്പോഴും മുന്‍ ടൂര്‍ണമെന്റിലേക്ക് നോക്കുമ്പോള്‍ രണ്ട് ഓസ്ട്രേലിയക്കാര്‍ ഷമിയേക്കാള്‍ മുന്നിലുണ്ട്. 2019-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 27 വിക്കറ്റ് നേടിയിരുന്നു. അതിന് മുമ്പ് 2007-ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്ത് 26 വിക്കറ്റ് നേടി. ഷമിയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്റ്റാര്‍ക്ക് പത്ത് മത്സരങ്ങളും മഗ്രാത്ത് 11 മത്സരങ്ങളും കളിച്ചിരുന്നു. എന്നാല്‍ ഷമിയുടെ 24 വിക്കറ്റുകള്‍ വന്നത് വെറും ഏഴു മത്സരങ്ങളില്‍ നിന്നുമായിരുന്നു. ഷമിയുടെ നിലവിലെ ഫോമില്‍ അദ്ദേഹത്തെ ആദ്യത്തെ നാലു മത്സരങ്ങള്‍ കൂടി കളിപ്പിച്ചിരുന്നെങ്കില്‍ എത്ര വിക്കറ്റ് വീഴ്ത്തുമായിരുന്നു എന്ന് നിരാശപ്പെടുകയാണ് ആരാധകര്‍.

ചാമിന്ദ വാസ് (2003), മുത്തയ്യ മുരളീധരന്‍ (2007), ഷോണ്‍ ടെയ്റ്റ് (2007) എന്നിവര്‍ ഒരു ലോകകപ്പില്‍ 23 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. അതേസമയം മുംബൈ വാങ്കഡേയില്‍ ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലില്‍ 57ന് 7 വിക്കറ്റ് വീഴ്ത്തിയ ഷമി ലോകകപ്പ് നോക്കൗട്ട് മത്സരത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമായിരുന്നു നടത്തിയത്. മുമ്പ് 1975ല്‍ ഹെഡിംഗ്ലിയില്‍ ഗാരി ഗില്‍മോര്‍ 14ന് 6 ആയിരുന്നു മുമ്പത്തെ മികച്ച പ്രകടനം. ലോകകപ്പിലെ മൊത്തം വിക്കറ്റുകള്‍ കണക്കാക്കുമ്പോള്‍ 65 ലോകകപ്പ് വിക്കറ്റുകളുമായി സ്റ്റാര്‍ക്ക് ഈ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കി. മൊത്തത്തില്‍ മഗ്രാത്ത് (71), മുരളി (68) എന്നിവര്‍ക്ക് പിന്നില്‍ മൂന്നാമനായി.

മൊത്തം ലോകകപ്പ് വിക്കറ്റ് വേട്ടയില്‍ അഞ്ചാമനായി മാറിയിരിക്കുകയാണ് ഷമി ഇപ്പോള്‍. അതേസമയം ഒരു ലോകകപ്പില്‍ 21 വിക്കറ്റ് വീഴ്ത്തിയ സഹീര്‍ഖാന്റെ റെക്കോഡ് മറികടന്ന് ഷമി ഏറ്റവും കൂടുതല്‍ ലോകകപ്പ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരമായി മാറിയിരുന്നു. ഏകദിനത്തില്‍ ഒരു ഗ്രൗണ്ടില്‍ നൂറോ അതിലധികമോ വിക്കറ്റുകള്‍ നേടിയത് മൂന്ന് പേര്‍. മിര്‍പൂരിലെ ഷെരെ ബംഗ്ലാ സ്റ്റേഡിയത്തില്‍ ഷാക്കിബ് അല്‍ ഹസന്‍ 131 റണ്‍സുമായി ഒന്നാമതുള്ളപ്പോള്‍ ഷാര്‍ജയില്‍ പാകിസ്ഥാന്‍ പേസ് ജോഡികളായ വസീം അക്രം 122 ഉം വഖാര്‍ യൂനിസ് 114 ഉം വിക്കറ്റ് വീഴ്ത്തി. മറ്റൊരു ബംഗ്ലാദേശ് താരം മഷ്റഫെ മൊര്‍ത്താസ മിര്‍പൂരില്‍ ഏകദിനത്തില്‍ 94 വിക്കറ്റ് വീഴ്ത്തി. മുരളി ഷാര്‍ജയില്‍ 82 ഉം കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ 75 ഉം നേടി.