Fitness

സിനിമാ നായകന്മാരെ പോലെ സിക്സ്പാക്കാണോ നിങ്ങളുടെ സ്വപ്നം? എങ്കില്‍ ഭക്ഷണത്തില്‍ കുറച്ച് ശ്രദ്ധ വയ്ക്കാം

മസില്‍ വളരാനും പേശീബലം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന 10 ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം…

ആപ്പിള്‍ – ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ആപ്പിള്‍. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പെക്ടിന്‍ ഉള്‍പ്പടെയുള്ള പോഷകങ്ങള്‍ അടങ്ങിയ ആപ്പിള്‍ ധാരാളം കഴിച്ചാല്‍ പേശികളുടെ വളര്‍ച്ചയ്ക്കും ബലം വര്‍ദ്ധിപ്പിക്കാനും സഹായകരമാകും.

സാല്‍മണ്‍ – പേശികളുടെ വളര്‍ച്ചയ്ക്കും ബലം കൂട്ടാനും ഏറ്റവും നല്ല ഒന്നാണ് സാല്‍മണ്‍ മല്‍സ്യം. ധാരാളം ഒമേഗത്രീ ഫാറ്റി ആസിഡും ആവശ്യത്തിന് പ്രോട്ടീനും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ചുവന്ന പഴങ്ങള്‍ – ആപ്പിള്‍, മാതളം, സ്ട്രാബെറി, ചെറി എന്നീ ചുവന്ന പഴങ്ങളില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ സ്ഥിരമായി കഴിച്ചാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുകയും, പേശികളുടെ ശരിയായ വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യാം.

മുട്ടയുടെ മഞ്ഞക്കരു – ആവശ്യത്തിന് മാംസ്യം, വിറ്റാമിന്‍ എ, ഡി, ഇ എന്നിവയും അടങ്ങിയിട്ടുള്ള മുട്ടയുടെ മഞ്ഞക്കരു പേശികളുടെ വളര്‍ച്ചയ്ക്ക് ഏറെ ഉത്തമമാണ്. സ്ഥിരമായി മുട്ടയുടെ മഞ്ഞക്കരു കഴിച്ചാല്‍ ശരീരത്തിലെ കൊളസ്ട്രോള്‍ വര്‍ദ്ധിക്കുകയും അതിനൊപ്പം കരുത്ത് വര്‍ദ്ധിപ്പിക്കുന്ന ടെസ്റ്റോസ്റ്റീറോണ്‍ ഹോര്‍മോണിന്റെ അളവ് കൂടുകയും ചെയ്യും.

തൈര് – നമ്മുടെ ദഹനേന്ദ്രിയവ്യവസ്ഥയുടെ ആരോഗ്യത്തെ സഹായിക്കുന്ന തരം നല്ല ബാക്ടീരിയ തൈരില്‍ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതിലൂടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പേശികളുടെ ബലം കൂട്ടുകയും ചെയ്യാം.

ചീര – ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് ചീര. പേശികളുടെയും അസ്ഥികളുടെയും ക്ഷയം പ്രതിരോധിക്കുന്ന ചീര, ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവയില്‍നിന്ന് പ്രതിരോധം ഒരുക്കുകയും ചെയ്യുന്നു.

മീനെണ്ണ – ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാനും, ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂട്ടാനും സഹായിക്കുന്ന ഒന്നാണ് മീനെണ്ണ. ഒമേഗത്രീ ഫാറ്റി ആസിഡ് അടങ്ങിയ മീനെണ്ണ, പേശികളുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്.

ചണക്കുരു – ധാരാളം നാരുകളും പ്രോട്ടീനും ഒമേഗത്രീഫാറ്റി ആസിഡും അടങ്ങിയിട്ടുള്ള ഒന്നാണ് ചണക്കുരു. ഇത് സ്ഥിരമായി കഴിച്ചാല്‍ പേശികളുടെ വളര്‍ച്ച കൂട്ടുകയും ബലം വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.

ഒലിവ് ഓയില്‍ – ഹൃദയാരോഗ്യത്തിന് ഉത്തമമായ അപൂരിത കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഒലിവ് ഓയില്‍. വ്യായാമം ചെയ്യുന്ന സമയത്ത്, ശരീരത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കാനും ക്ഷീണം അകറ്റാനും സഹായിക്കുന്ന ഒന്നാണ് ഒലിവ് ഓയില്‍.

തക്കാളി – ക്യാന്‍സറിനെ ശക്തമായി പ്രതിരോധിക്കുന്ന ലൈസോപീന്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യവിഭവമാണ് തക്കാളി. ഇതുകൂടാതെ, ക്ഷീണമില്ലാതെ വ്യായാമം ചെയ്യാനും തക്കാളി സഹായിക്കും.