Featured Myth and Reality

ഹിപ്പോപ്പൊട്ടാമസിന്റെ പാലിന് പിങ്ക് നിറമാണോ? സത്യ​മോ കെട്ടുകഥയോ ?

പ്രകൃതിയിൽ നിരവധി കൗതുകകരമായ പ്രതിഭാസങ്ങളുണ്ട്. അതിലൊന്നാണ് ഹിപ്പോപ്പൊട്ടാമസിന്റെ പാൽ പിങ്ക് നിറമാണെന്ന പ്രചരണം. ഈ വാദം വളരെക്കാലമായി ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് ശാസ്ത്രീയമായി ശരിയാണോ അതോ കെട്ടുകഥയാണോ എന്ന് പലർക്കും അറിയില്ല.

ഹിപ്പോപ്പൊട്ടാമസി​ന്റെ പാൽ പിങ്ക് നിറമാണോ?

പൊതുവെ ഹിപ്പോപ്പൊട്ടാമസ് എന്നറിയപ്പെടുന്ന ഹിപ്പോകൾ അർദ്ധ- ജലജീവികളും ആക്രമണകാരികളുമാണ്. അവ പിങ്ക് നിറത്തിലുള്ള പാൽ ചുരത്തുന്നുണ്ടെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ ഈ വാദം ശരിയാണോ? ഹിപ്പോപ്പൊട്ടാമിന്റെ പാലിന്റെ നിറം പിങ്ക് അല്ല, മറ്റ് സസ്തനികളെപ്പോലെ സാധാരണ വെള്ള നിറമാണ് ഇതിനുള്ളത്. ഈ തെറ്റിദ്ധാരണ ഉണ്ടായതിന് ഒരു പ്രത്യേക കാരണമുണ്ട്.

ഹിപ്പോകളുടെ ചർമ്മം രണ്ട് തരം ആസിഡ് സ്രവങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. അതിൽ ഒന്ന് ചുവപ്പ് നിറമുള്ള ‘ഹിപ്പോസ്യൂഡോറിക് ആസിഡും’ മറ്റൊന്ന് ഓറഞ്ച് നിറമുള്ള ‘നോർഹിപ്പൂറിക് ആസിഡുമാണ്’. ഈ രണ്ട് ആസിഡുകളും കൂടിച്ചേരുമ്പോൾ സൂര്യതാപത്തിൽ നിന്നും അണുബാധകളിൽ നിന്നും മൃഗങ്ങളെ സംരക്ഷിക്കുന്ന ഒരു പ്രകൃതിദത്ത സൺ ബ്ലോക്കും ആന്റിബാക്ടീരിയൽ കവചവും ഉണ്ടാക്കുന്നു. ഇവ രണ്ടും കലരുമ്പോൾ ചിലപ്പോൾ പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറം ലഭിക്കും. അതിനാൽ ഒരു ഹിപ്പോയുടെ പാൽ അതിന്റെ വിയർപ്പുമായി കൂടിച്ചേരുമ്പോൾ ഇളം പിങ്ക് നിറമായി തോന്നാം.

വർഷങ്ങളായി പല ഗവേഷകരും മൃഗ വിദഗ്ദ്ധരും അഭിപ്രായപ്പെട്ടത്, ഹിപ്പോകൾ ചെളി നിറഞ്ഞ വെള്ളത്തിൽ ഇരിക്കുമ്പോഴോ കളിക്കുമ്പോഴോ ഇത്തരം ആസിഡ് സ്രവങ്ങൾ പുറത്തുവിടാറുണ്ടെന്നാണ്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ, അമ്മയുടെയും കുട്ടികളുടെയും ചുറ്റും കണ്ട പിങ്ക് നിറം പാടാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചിരിക്കാം. യഥാർത്ഥത്തിൽ, ഈ സ്രവങ്ങൾ ഹിപ്പോകൾക്കൊപ്പം ഉണ്ടായിരുന്നുവെന്നല്ലാതെ പാലിന് നിറം നൽകിയിരുന്നില്ല.

ഹിപ്പോകൾ ഒരു നിഗൂഢ ജീവിയായതുകൊണ്ട് തന്നെ പിങ്ക് പാലിനെക്കുറിച്ചുള്ള ഈ മിത്ത് ലോകമെമ്പാടുമുള്ള ആളുകളെ കൂടുതൽ ആകർഷിക്കുന്നു. ഹിപ്പോപ്പൊട്ടാമസിന്റെ പാൽ വളരെ പോഷക സമ്പുഷ്ടമാണെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. അതിൽ ഉയർന്ന അളവിൽ പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നു, ഇത് ഹിപ്പോക്കുട്ടികൾക്ക് വേഗത്തിൽ വളരാനും ഭാരം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

ചുരുക്കത്തിൽ, ഹിപ്പോപ്പൊട്ടാമസിന്റെ പാൽ പിങ്ക് നിറമല്ല. ചുവപ്പ് നിറമുള്ള ചർമ്മത്തിലെ സ്രവങ്ങൾ കാരണം പിങ്ക് നിറമായി തോന്നുന്നുവെന്ന മിഥ്യാധാരണയിൽ നിന്നാണ് ഈ പ്രചരണമുണ്ടായത്. അടിസ്ഥാനപരമായ ജീവശാസ്ത്രപരമായ കാര്യങ്ങൾ പോലും ആളുകളിൽ എങ്ങനെ കൗതുകമുണ്ടാക്കുന്നു എന്നതിന് ഇത് ഒരു ഉദാഹരണമാണ്.