കോവിഡ് മഹാമാരിയുടെ ആദ്യ വര്‍ഷത്തെ ഒരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. ഗര്‍ഭകാലത്ത് അമ്മമാര്‍ക്ക് കോവിഡ്-19 ബാധിക്കപ്പെട്ടാല്‍ അത് ജനിയ്ക്കുന്ന കുട്ടികള്‍ക്ക് ഓട്ടിസം ഉള്‍പ്പെടെ തലച്ചോര്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ബോസ്റ്റണിലെ മാസ് ജനറല്‍ ബ്രിഗ്ഹാം എന്ന അക്കാദമിക, ഗവേഷണ മെഡിക്കല്‍ സെന്ററാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
അമ്മമാര്‍ക്കുണ്ടാകുന്ന ഇന്‍ഫ്ളുവന്‍സ, റൂബെല്ല, സിക്ക വൈറസ് അണുബാധകളും ഇത്തരത്തില്‍ ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിന്റെ തലച്ചോറിന്റെ വികസനത്തെ ബാധിക്കാറുണ്ട്. വൈറസ് നേരിട്ട് മറുപിള്ളയിലേക്ക് എത്തുന്നതാകില്ല ഈ സ്വാധീനത്തിന് കാരണമെന്ന് ഗവേഷകര്‍ കരുതുന്നു. മറിച്ച് അണുബാധ മൂലം അമ്മമാരുടെ ശരീരത്തിലുണ്ടാകുന്ന പ്രതിരോധ പ്രതികരണവും നീര്‍ക്കെട്ടുമൊക്കെയാകാം കുട്ടിയുടെ തലച്ചോറിന്റെ വികസനത്തെ ബാധിക്കുന്നത്. കോവിഡിന്റെ ആദ്യ വര്‍ഷമായിരുന്നു പഠന കാലയളവ് എന്നതിനാല്‍ ഇതില്‍ നിരീക്ഷിക്കപ്പെട്ട അമ്മമാരില്‍ ഭൂരിപക്ഷവും ആ സമയത്ത് വാക്സീന്‍ എടുത്തിരുന്നില്ല.
കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത 2020 മാര്‍ച്ച് മുതല്‍ 2021 മെയ് വരെയുള്ള കാലയളവില്‍ 18,124 അമ്മമാരിലും അവരുടെ കുട്ടികളിലുമാണ് ഗവേഷണം നടത്തിയത്. ഇതില്‍ 861 അമ്മമാര്‍ക്ക് ഗര്‍ഭകാലത്ത് കോവിഡ്-19 ബാധിക്കപ്പെട്ടു. ഇവരുടെ കുട്ടികള്‍ക്ക് മൂന്ന് വയസ്സ് തികയുമ്പോഴേക്കും കോവിഡ് പോസിറ്റീവായ അമ്മമാര്‍ക്കുണ്ടായ 16.3 ശതമാനം കുട്ടികള്‍ക്കും നാഡീവ്യൂഹപരമായ പ്രശ്നങ്ങള്‍ നിരീക്ഷിക്കപ്പെട്ടു.
ഗര്‍ഭകാലത്തിന്റെ മൂന്നാം ത്രൈമാസത്തില്‍ കോവിഡ് ബാധിക്കപ്പെട്ട അമ്മമാരുടെ കുട്ടികള്‍ക്കായിരുന്നു തലച്ചോറിന്റെ വികസനത്തില്‍ കൂടുതല്‍ പ്രശ്നങ്ങളെന്നും ഗവേഷകര്‍ പറയുന്നു. ഓട്ടിസം, സംസാരിക്കുന്നതിലെ കാലതാമസം, ചലനത്തിലെ ഏകോപനം സംബന്ധിച്ച പ്രശ്നങ്ങള്‍ എന്നിവയാണ് ശ്രദ്ധയില്‍പ്പെട്ടത്. അതേ സമയം കോവിഡ് ബാധിക്കാത്ത അമ്മമാര്‍ക്കുണ്ടായ 9.7 ശതമാനം കുട്ടികള്‍ക്കാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായത്.
പ്രായം, മുന്‍പേയുള്ള രോഗാവസ്ഥകള്‍ തുടങ്ങിയ ഘടകങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ കോവിഡ് ബാധിതരായ അമ്മമാരുടെ കുട്ടികള്‍ക്ക് നാഡീവ്യൂഹപരമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത അതില്ലാത്തവരെ അപേക്ഷിച്ച് 29 ശതമാനം അധികമാണെന്നും ഗവേഷകര്‍ കണ്ടെത്തി. കോവിഡ് ബാധിക്കപ്പെട്ട അമ്മാര്‍ക്കുണ്ടായ ആണ്‍കുട്ടികള്‍ക്കാണ് പെണ്‍കുട്ടികളേക്കാള്‍ ഇത്തരം പ്രശ്നങ്ങള്‍ കൂടുതല്‍ ഉണ്ടായതെന്നും പഠനം വിലയിരുത്തുന്നു.




