Sports

നീ പേടിക്കേണ്ട… നിനക്ക് ഒന്നും പറ്റാന്‍ ഞാന്‍ അനുവദിക്കില്ല ; കാലില്‍വീണ ആരാധകനോട് ധോണി

അടുത്തിടെ സമാപിച്ച ഐപിഎല്‍ 2024 സീസണില്‍ തങ്ങളുടെ സൂപ്പര്‍ താരങ്ങളെ കാണാന്‍ കാണികള്‍ ഒരു സ്റ്റേഡിയത്തിലെ സുരക്ഷ ലംഘിച്ച് പിച്ചിലേക്ക് അതിക്രമിച്ച് കയറിയതിന്റെ നിരവധി സംഭവങ്ങളുണ്ട്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരത്തിനിടെയാണ് അത്തരത്തിലുള്ള ഒരു സംഭവമുണ്ടായത്, ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയെ കാണാന്‍ ഒരു സിഎസ്‌കെ ആരാധകന്‍ എത്തി.

മെയ് 10 ന് മൂന്നാം അമ്പയര്‍ ധോണിക്കെതിരായ എല്‍ബിഡബ്ല്യു തീരുമാനം റദ്ദാക്കിയതാണ് സംഭവം. ഈ സമയത്ത് ഗ്രൗണ്ടില്‍ പ്രവേശിച്ച് അദ്ദേഹത്തെ കാണുന്നതിന് ഒരു ആരാധകന്‍ പ്രോട്ടോകോള്‍ മറികടന്ന് ഓടിയെത്തി മുട്ടുകുത്തി അവന്റെ കാലില്‍ തൊട്ടശേഷം താരത്തെ കെട്ടിപ്പിടിച്ചു. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍ ആരാധകനെ ചേര്‍ത്തുനിര്‍ത്തി ധോണി എന്താണ് പറഞ്ഞതെന്ന് അറിയാന്‍ കൗതുകം ഉണര്‍ന്നിരുന്നു. എന്നാല്‍ തനിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്റെ ശസ്ത്രക്രിയയ്ക്കുള്ള ചെലവ് വഹിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ആയിരുന്നെന്ന് ഇയാള്‍ പറഞ്ഞു.

ഫോക്കസ്ഡ് ഇന്ത്യനുമായുള്ള ആശയവിനിമയത്തിനിടെ ആരാധകന്‍ പറഞ്ഞു.”അയാള്‍ ഒരു ഇതിഹാസമാണ്. എനിക്ക് ഭ്രാന്തുപിടിച്ചിരുന്നു. ഞാന്‍ വേലി ചാടി, പിച്ചിലേക്ക് ഓടി അദ്ദേഹത്തിന്റെ കാലില്‍ തൊട്ടു. എന്റെ കണ്ണുകളില്‍ കണ്ണുനീര്‍ വന്നു. കിതച്ച് ശ്വാസം മുട്ടിയപ്പോള്‍ എന്തുപറ്റിയെന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ ശ്വസിക്കാന്‍ തടസ്സം നേരിടുന്ന എന്റെ മൂക്കിലെ ഒരു പ്രശ്നത്തെക്കുറിച്ച് പറഞ്ഞു. അപ്പോള്‍ മഹി ഭായ് പറഞ്ഞു. നിനക്ക് ഒന്നും സംഭവിക്കില്ല, വിഷമിക്കേണ്ട. നിനക്ക് ഒന്നും സംഭവിക്കാന്‍ ഞാന്‍ അനുവദിക്കില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ എല്ലാവരും തല എന്ന് പറയുന്നത്.” അദ്ദേഹം പറഞ്ഞു.