Celebrity

‘സിനിമയിലേക്ക് എത്തിയത് കഠിനകഠോരമായ തീരുമാനം, പൊളിഞ്ഞാല്‍ പിന്നെ നാട്ടില്‍ കയറാന്‍ പറ്റില്ലല്ലോ..’ -ബേസില്‍ ജോസഫ്

മലയാള സിനിമയിലെ പുതു താരങ്ങൾക്കിടയിൽ ഒരു സകലകലാ വല്ലഭനാണ് ബേസിൽ ജോസഫ്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ നടനായും സംവിധായകനായുമൊക്കെ മലയാള സിനിമയെ കയ്യിലെടുക്കാൻ ബേസിലിന് സാധിച്ചിട്ടുണ്ട്. ഇതുവരെ മൂന്ന് സിനിമകളെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും മൂന്നും ഒന്നിനൊന്ന് കയ്യടി നേടിയ ചിത്രങ്ങളാണ്. അതിനൊപ്പം അഭിനയത്തിലൂടെയും ബേസിൽ പ്രേക്ഷക മനസ്സ് കീഴടക്കുന്നുണ്ട്. അഭിനയവും സംവിധാനവും ഒരുപോലെ വഴങ്ങുന്ന ബേസിലിന്റെ ചിത്രങ്ങൾ കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്.

ദിലീഷ് പോത്തൻ ചിത്രം ജോജിക്ക് ശേഷമാണ് നടനെന്ന നിലയിൽ ബേസിലിനെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്. അതുവരെ ചെയ്തുകൊണ്ടിരുന്ന ടെംപ്ലേറ്റ് വേഷങ്ങളിൽ നിന്ന് പുറത്തുക്കാൻ സഹായമായ കഥാപാത്രമായിരുന്നു ജോജിയിലേത്. ജാൻ എ മൻ സിനിമയിലെ ജോയ്മോനും പാൽതു ജാൻവറിലെ പ്രസൂണും ജയ ജയ ഹേയിലെ രാജേഷും ജോജിക്ക് ശേഷം ബേസിലിന് ലഭിച്ച മികച്ച വേഷങ്ങളായിരുന്നു. പിന്നാലെയാണ് ബേസിൽ പ്രധാന വേഷത്തിലെത്തുന്ന ഫാലിമിയും റിലീസായത്. സിനിമയ്ക്ക് മികച്ച പ്രതികരണവും കിട്ടിയിരുന്നു.

ബേസിലിനെ നായകനാക്കി മുഹഷിന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘കഠിന കഠോരമീ അണ്ഡകടാഹം’. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, സ്വാതി ദാസ് പ്രഭു, നിർമൽ പാലാഴി, ജോണി ആന്റണി, ബിനു പപ്പു, സുധീഷ്, ശ്രീജ രവി, പാർവതി കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. കൊവിഡ് കാലത്തെ പശ്ചാത്തലമാക്കിയാണ് ചിത്രമൊരുക്കിയത്. ഇപ്പോഴിതാ സിനിമയിലെത്തിയതിനെക്കുറിച്ച് പറയുകയാണ് ബേസില്‍. ജീവിതത്തില്‍ എടുത്ത കഠിന കഠോരമായ തീരുമാനം എന്തായിരുന്നു എന്ന് അവതാരകന്‍ ചോദിച്ചപ്പോഴാണ് ബേസില്‍ മറുപടി പറയുന്നത്. ജോലി വിട്ട് സിനിമയിൽ വരാൻ തീരുമാനിച്ചതും ആ സമയത്ത് കൂട്ടുകാരിൽനിന്നും കുടുംബത്തിൽനിന്നുമൊക്കെ ലഭിച്ച സപ്പോർട്ടിനെ കുറിച്ചും ബേസില്‍ പറയുന്നു.

‘‘അത് സിനിമയിലേക്ക് വരുക എന്നതാണ് കഠിന കഠോരമായ ഡിസിഷന്‍. അതായത് ജോലി വിട്ടിട്ട്, കംഫര്‍ട്ട് സോണില്‍ നിന്ന് വിട്ടുമാറി വീട്ടുകാരെയും കൂട്ടുകാരെയും ടെന്‍ഷനിലാക്കി എടുത്ത തീരുമാനമാണത്. ഇവനെന്താണ് ചെയ്യുന്നത് എന്ന് നാട്ടുകാര്‍ ചോദിക്കുന്ന തരത്തിലുള്ള തീരുമാനം. പൊളിഞ്ഞു കഴിഞ്ഞാല്‍ പിന്നെ നാട്ടിലേക്ക് കയറാന്‍ പറ്റില്ലല്ലോ. കിട്ടിയിരുന്ന സ്ഥിര ശമ്പളമൊക്കെ വേണ്ടെന്ന് വച്ച് എടുക്കുന്നതാണത്. അന്നേരമൊക്കെ എല്ലാവരും നല്ല സപ്പോര്‍ട്ടായിരുന്നു. നല്ല മോട്ടിവേഷനായിരുന്നു കൂട്ടുകാരും വീട്ടുകാരുമൊക്കെ. ‘നീ ഒന്ന് ആലോചിച്ചു നോക്കിക്കേ, ഈ ഇരിക്കുന്ന കമ്പനിയില്‍ നീ നാളെ ഗസ്റ്റായി വരുന്നതൊക്കെ’ എന്നൊക്കെ പറയുമായിരുന്നു. ആ വാക്ക് സത്യമാക്കും പോലെ ​‘ഗോദ’ ഹിറ്റായിക്കഴിഞ്ഞ് ഞാനവിടെ ഗസ്റ്റായി പോയി. അന്ന് എന്നോടത് പറഞ്ഞ ആളും കാണികളില്‍ ഉണ്ടായിരുന്നു. ഇക്കാര്യമൊക്കെ ഞാനവിടെ സംസാരിക്കുകയും ചെയ്തിരുന്നു. അങ്ങനെ എല്ലാവരും ശരിക്കും മോട്ടിവേറ്റ് ചെയ്തു.

പൈസയൊക്കെ കടം തന്നത് കൂട്ടുകാരും കൂടെ ജോലി ചെയ്തവരുമൊക്കെയാണ്. വൈഫും നല്ല പിന്തുണയായിരുന്നു. അന്ന് പക്ഷേ വൈഫായിട്ടില്ല, ഗേള്‍ഫ്രണ്ടാണ്. അവളും നല്ല സപ്പോര്‍ട്ടായിരുന്നു. നല്ല ഒരു ജോലി കളഞ്ഞിട്ട് സിനിമയിലേക്ക് ഇറങ്ങുമ്പോള്‍ എന്തു വിശ്വസിച്ചാണ് കൂടെ നില്‍ക്കുന്നത്. അവള്‍ പക്ഷേ കൂടെ നിന്നു. ഒരു സിനിമ ഹിറ്റായിക്കഴിഞ്ഞിട്ടല്ല ആ പിന്തുണ കിട്ടിയത്. അതിനു മുമ്പ് കിട്ടിയിരുന്നു….’’ ബേസില്‍ പറയുന്നു. തമാശക്ക് വേണ്ടി മാത്രമല്ലാതെ വൈകാരിക കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് സ്വയം തോന്നിയതും ഈ സിനിമയ്ക്ക് ശേഷമാണെന്നും വ്യത്യസ്ഥങ്ങളായ വേഷങ്ങൾ തന്നെ തേടി വന്നപ്പോഴാണത് മനസ്സിലായതെന്നും ബേസില്‍ പറഞ്ഞു.