കോട്ടയം: തിരുവാതുക്കലില്‍ ദമ്പതിമാരെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പിടികൂടിയ അതേ വേഗത്തില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും. കൊലപാതക വിവരം അറിഞ്ഞ നിമിഷം മുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച ജില്ലാ പോലീസിന് അഭിമാനിക്കാവുന്ന നേട്ടവുമായി അറസ്റ്റും തെളിവെടുപ്പും. തിങ്കളാഴ്ച പുലര്‍ച്ചെ കൊലപാതകം നടന്നുവെങ്കിലും സംഭവം പുറംലോകമറിയുന്നത് രാവിലെ ഒമ്പതരയോടെയാണ്.
തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ അതിവേഗം അന്വേഷണം ആരംഭിക്കുകയായിരുന്നു. ആദ്യ നിമിഷങ്ങളില്‍ തന്നെ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത് അന്വേഷണത്തില്‍ നിര്‍ണായകമായി. ഒരു നിമിഷം പോലും വിശ്രമിക്കാതെ സൈബര്‍ വിഭാഗം ഉള്‍പ്പെടെയുള്ള പോലീസുദ്യോഗസ്ഥര്‍ പ്രതിയുടെ പിന്നാലെ ഉണ്ടായിരുന്നു. സംഭവ സ്ഥലത്തു നിന്നു ലഭിച്ച റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റും കോടാലിയിലെ വിരലടയാളവും അന്വേഷണത്തില്‍ നിര്‍ണായകമായി.
വീട്ടിലെ സി.സി.ടി.വി. ഡി.വി.ആര്‍ മുറിച്ചെടുത്ത് തോട്ടില്‍ എറിഞ്ഞുവെങ്കിലും സമീപ പ്രദേശങ്ങളിലെ സി.സി.ടി.വിയില്‍ പ്രതിയായ അമിത് കുടുങ്ങിരുന്നു. ഇതോടെ, അമിത് എത്തിപ്പെടാനുള്ള സ്ഥലങ്ങളിലേക്ക് വിവിധ ടീമുകളിലായി അന്വേഷണ സംഘം പാഞ്ഞു. ഇതിനിടെ, റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ലോഡ്ജില്‍ അമിത് താമസിച്ചതായുള്ള വിവരത്തില്‍ നടത്തിയ അന്വേഷണത്തില്‍ രക്തം പുരണ്ട വസ്ത്രങ്ങള്‍ കൂടി ലഭിച്ചതോടെ അന്വേഷണത്തിന്റെ വേഗം വര്‍ധിച്ചു.
രാത്രിയോടെ, അമിത് എത്താനുള്ള സ്ഥലത്തെക്കുറിച്ചു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇയാള്‍ക്കു ബന്ധമുള്ള കേന്ദ്രീകരിച്ചു നടത്തിയ സമാന്തര അന്വേഷണങ്ങള്‍ നീക്കങ്ങളില്‍ നിര്‍ണായകമായി. പിടിക്കപ്പെടില്ലെന്ന വിശ്വാസത്തില്‍ സുഹൃത്തിന്റെ മാള മേലഡൂരിലെ വീട്ടില്‍ കഴിയുമ്പോഴാണ് ഇന്നലെ രാവിലെ പോലീസ് എത്തുന്നത്. പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് നീക്കങ്ങളില്‍ പ്രതിഷേധിക്കുക പോലും ചെയ്യാതെ അമിത് അന്വേഷണ സംഘത്തിനൊപ്പം കോട്ടയത്തേയ്ക്കു മടങ്ങി.
കോട്ടയത്തെത്തിച്ച പ്രതിയുമായി തെളിവെടുപ്പും പോലീസ് വേഗത്തിലാക്കി. അന്വേഷണവുമായി അമിത് സഹകരിച്ചതോടെ നിര്‍ണായക തെളിവുകള്‍ വേഗത്തില്‍ ശേഖരിക്കാനും പോലീസിനു കഴിഞ്ഞു.