ഉറുഗ്വേയുടെ സൂപ്പര്‍താരം ലൂയി സുവാരസ് പഴയ കൂട്ടുകാരന്‍ ലിയോണേല്‍ മെസ്സിയുമായി വീണ്ടും ഒരുമിക്കുന്നു. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍മിയാമിയുമായി കരാറിലെത്തുന്ന നാലാമത്തെ മുന്‍ ബാഴ്‌സിലോണ താരമായി ലൂയി സുവാരസ് മാറി. അടുത്ത സീസണ്‍ മുതല്‍ ഇന്റര്‍മയാമിയില്‍ ലിയോണേല്‍ മെസ്സി, സെര്‍ജിയോ ബുസ്‌ക്വെറ്റ്സ്, ജോര്‍ഡി ആല്‍ബ എന്നിവര്‍ക്കൊപ്പം സുവാരസ് മാറും.
പാരീസ് സെന്റ് ജെര്‍മെയ്ന്‍ വിട്ട ശേഷം മെസ്സി ഇന്റര്‍ മിയാമിയിലാണ് ചേര്‍ന്നത്. അവിടെ താരം അവര്‍ക്കായി ആദ്യകിരീടം നേടുകയും ചെയ്തിരുന്നെങ്കിലും ലീഗില്‍ പതിനാലാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. മിയാമി കിറ്റുകളില്‍ ബാഴ്സ ഐക്കണുകളുടെ പേരുകളുള്ള നാല് ആണ്‍കുട്ടികളുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് എംഎല്‍എസ് ക്ലബ് സുവാരസുമായുള്ള കരാര്‍ പ്രഖ്യാപിച്ചത്.
”ഇന്റര്‍ മിയാമിയുമായി ഈ പുതിയ വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനും ആവേശഭരിതനുമാണ്. എനിക്ക് ആരംഭിക്കാന്‍ കാത്തിരിക്കാനാവില്ല, ഈ മഹത്തായ ക്ലബ്ബിനൊപ്പം കൂടുതല്‍ കിരീടങ്ങള്‍ നേടുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഞാന്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്.” സുവാരസ് പറഞ്ഞു. ബാഴ്സലോണയില്‍ അവരുടെ ആറ് വര്‍ഷത്തിനിടയില്‍, സുവാരസും മെസ്സിയും നാല് ലാ ലിഗ കിരീടങ്ങളും ചാമ്പ്യന്‍സ് ലീഗും ക്ലബ് ലോകകപ്പും നേടിയിരുന്നു.
മുന്‍ ലിവര്‍പൂള്‍ എയ്സ് സുവാരസ് 2020 ല്‍ ബാഴ്സലോണ വിട്ട് അത്ലറ്റിക്കോ മാഡ്രിഡില്‍ ചേര്‍ന്നിരുന്നു. പിന്നീട് 2022-ല്‍ സ്‌പെയിന്‍ വിട്ട് തെക്കേ അമേരിക്കയിലേക്ക് മടങ്ങി, അവിടെ ബ്രസീലിയന്‍ക്ലബ്ബ് നാഷനലിലും പിന്നീട് ഗ്രെമിയോയിലും ചേര്‍ന്നു. ഫെബ്രുവരിയിലാണ് മേജര്‍ ലീഗ് സോക്കര്‍ സീസണ്‍ ആരംഭിക്കുന്നത്. 38 കാരനായ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബിന് മെസ്സി ആദ്യ ലീഗ് കപ്പ് നേടിക്കൊടുത്തിരുന്നു. ഏഴ് മത്സരങ്ങളില്‍ ക്‌ളബ്ബിന് വേണ്ടിയിറങ്ങിയ താരം പത്ത് ഗോളുകള്‍ നേടി.
എന്നാല്‍ പതിവ് സീസണിന്റെ പകുതിയില്‍ മാത്രം ചേര്‍ന്നതിനാല്‍, ക്ലബ് പ്ലേ ഓഫ് ചെയ്യാനായില്ല. നാലാമത്തെ മുന്‍ ബാഴ്സലോണ താരം കൂടിച്ചേര്‍ന്നത് അവര്‍ പ്ലേ ഓഫിലേക്ക് പോകുമെന്നും യോഗ്യത നേടുമെന്നും പ്രതീക്ഷ നല്‍കുന്നു. നേരത്തേ ബാഴ്‌സിലോണയില്‍ മികച്ച സുഹൃത്തുക്കളായിരുന്നു മെസ്സിയും സുവാരസും. പിച്ചിന് പുറത്ത് ഇവരുടെ പങ്കാളികളും മികച്ച സുഹൃത്തുക്കളാണ്.