തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗകേസിൽ പരാതിക്കാരി മൊഴി നൽകി. രക്ഷപ്പെടാൻ കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പല പ്രാവശ്യം ഭീഷണിപ്പെടുത്തി വീണ്ടും വിളിച്ചെന്നും പേടി കാരണമാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നതെന്നുമാണ് പരാതിക്കാരിയുടെ മൊഴി. എസ് പി പൂങ്കുഴലിയാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയും ഡിജിറ്റൽ തെളിവുകളും കോടതിയിൽ നൽകി.
വിവാഹവാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചതെന്നും സംസാരിക്കാനെന്ന് പറഞ്ഞ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ടുപോയി അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും അതിജീവിത മൊഴി നൽകി. ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗികാതിക്രമം നടത്തിയെന്നും I want to rape you എന്ന് പറഞ്ഞു കൊണ്ടിരുന്നുവെന്നും അതിജീവിത വ്യക്തമാക്കി.
പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടർന്നു. ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാനാകില്ല എന്നറിയിച്ചു. മാനസികമായും ശാരീരികമായും തകർന്ന് പോയെന്നും അതിജീവിത പറഞ്ഞു. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാൻ രാഹുൽ പിന്നാലെ നടന്നു. ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുമായിരുന്നുവെന്നും. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ പോരാൻ പലവട്ടം ആവശ്യപ്പെട്ടുവെന്നും അതിജീവിത മൊഴി നൽകി. നമുക്ക് ഒരു കുഞ്ഞ് വേണമെന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു. രാഹുലിനെ ഭയമാണെന്നും അതിജീവിത പറഞ്ഞു. കേസുമായി മുന്നോട്ട് പോകാൻ ഭയമാണെന്നും അതിജീവിത വ്യക്തമാക്കി. പ്രോസിക്യൂഷൻ മുദ്ര വെച്ച കവറിലാണ് മൊഴി സമർപ്പിച്ചത്.
രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യേപക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ആദ്യ കേസിൽ ഈ മാസം 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞെങ്കിലും രണ്ടാമത്തെ കേസിൽ ഇതുവരെ ഒരു കോടതിയും അറസ്റ്റ് തടഞ്ഞിട്ടില്ല. പേരില്ലാത്ത പരാതി രാഷ്ട്രീയ പ്രേരിതമെന്നാണ് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.




