ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്താൻ കാരണം മാതാവ് ശ്രീതുവിന്റെയും സഹോദരൻ ഹരികുമാറിന്റെയും താൽപര്യങ്ങൾക്ക് കുട്ടി തടസ്സമായതിനാലെന്ന് പൊലീസ്. കേസില്‍ നിര്‍ണായകമായത് അമ്മ ശ്രീതുവിന്റേയും അമ്മാവന്‍ ഹരികുമാറിന്റേയും വാട്സാപ് ചാറ്റുകള്‍. അമ്മ ശ്രീതുവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഹരികുമാറിന് ശ്രീതുവിനോടുള്ള ബന്ധത്തിന് കുഞ്ഞ് തടസമായിരുന്നെന്ന് മൊഴിയില്‍ പറയുന്നു. ഇവരുടെ വാട്സാപ് ചാറ്റുകള്‍ മതിയായ തെളിവുകളാണ്. കുഞ്ഞിനെ കൊലപ്പെടുത്തിയതിനു മണിക്കൂറുകള്‍ക്കു മുന്‍പ് ഹരികുമാര്‍ ശ്രീതുവിനോട് മുറിയിലേക്ക് വരാനായി വാട്സാപ് സന്ദേശം അയച്ചിരുന്നു. ഇപ്പോള്‍ വരാന്‍ പറ്റില്ലെന്നും മകള്‍ കൂടെയുണ്ടെന്നുമായിരുന്നു ശ്രീതുവിന്റെ മറുപടി . ഇതോടെ ക്ഷുഭിതനായ ഹരികുമാര്‍ കുഞ്ഞിനെ അപ്പോള്‍ തന്നെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു ശേഷം ശ്രീതു വീടിനു പുറത്തുള്ള ശുചിമുറിയിൽ പോകുന്നതിനിടയ്ക്കാണ് ഹരികുമാർ ഉറങ്ങിക്കിടന്ന ദേവേന്ദുവിനെ എടുത്തുകൊണ്ട് കിണറിനരികിലെത്തിയത്. കുഞ്ഞിനെ എവിടെകൊണ്ടുപോകുന്നെടാ എന്ന് ശ്രീതു ചോദിച്ചതായും ‘ഇന്നത്തോടെ ഇതിന്റെ ശല്യം തീരു’മെന്ന് ഹരികുമാര്‍ മറുപടി പറഞ്ഞതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ജനുവരി 30 നാണ് വീട്ട് മുറ്റത്തെ കിണറ്റിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ അമ്മാവൻ ഹരികുമാർ കൊലപാതകം നടത്തിയെന്ന നിഗമനത്തിലെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ശ്രീതുവിനും കൊലയിൽ പങ്കുണ്ടെന്ന് ഹരികുമാർ തിരുവനന്തപുരം റൂറൽ എസ്.പി കെ.എസ്.സുദർശനോട് വെളിപ്പെടുത്തിയിരുന്നു.
ഇതോടെ നുണപരിശോധനക്ക് ശ്രമിച്ചെങ്കിലും ശ്രീതു തയാറാകാതിരുന്നത് ദുരൂഹത വർധിപ്പിച്ചു. ഹരികുമാർ നുണപരിശോധനയിലും ശ്രീതുവിനെതിരായ ആരോപണം ആവർത്തിച്ചു. ഇരുവരും തമ്മിൽ വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചു. അതിനിടെ കുട്ടിയുടെ ഡി.എൻ.എയ്ക്ക് ശ്രീതുവിൻറെ ഭർത്താവിൻറേയും അമ്മാവൻറേയും ഡിഎൻഎയുമായി പൊരുത്തമില്ലെന്നും പരിശോധനയിൽ തെളിഞ്ഞു.
ഇതോടെ ശ്രീതുവിന് മറ്റൊരു ബന്ധത്തിലുണ്ടായ കുട്ടിയാവാം ദേവേന്ദുവെന്ന സംശയവും പൊലീസിനുണ്ടായി. സഹോദരിയുമായുളള ബന്ധത്തിന് തടസമായ കുട്ടിയെ കൊല്ലുമെന്ന് ഹരികുമാർ പലതവണ ശ്രീതുവിനോട് പറഞ്ഞിരുന്നു. ഇത് തടയാനോ കുട്ടിയെ സുരക്ഷിതയാക്കാനോ ശ്രമിക്കാതിരുന്നതും അമ്മയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നതിന് തെളിവാണെന്നും പൊലീസ് പറയുന്നു.




