വിമാനയാത്രാമധ്യേ അപ്രതീക്ഷിതമായി സീറ്റ് ആടിയുലഞ്ഞപ്പോള്‍ പരിഭ്രാന്തിയിലായി ഇന്‍ഡിഗോ യാത്രക്കാരന്‍. ഡല്‍ഹിയില്‍ നിന്ന് ലഖ്‌നൗവിലേക്ക് പറന്ന ദക്ഷ് സേതി എന്ന യുവാവാണ് സീറ്റ് ആടിയുലഞ്ഞതിന്റെ വിചിത്ര അനുഭവം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
സേതി പങ്കുവച്ച വീഡിയോയില്‍ സേതിയും മറ്റ് രണ്ട് യാത്രക്കാരും വിമാനത്തില്‍ ഇരിക്കുന്നുണ്ട്. ഈ സമയം സീറ്റ് പെട്ടെന്ന് പുറകിലേക്ക് ചായുകയും ആടുകയും ചെയ്യുന്നതാണ് കാണുന്നത്. തനിക്കുണ്ടായ ദുരനുഭവം ഓര്‍മിച്ചുകൊണ്ട് സേതി പറഞ്ഞു.
‘വിമാനം പറന്നുയര്‍ന്നയുടനെ, എല്ലാവരും അവരുടെ കാര്യങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു. പെട്ടന്നാണ് ഞങ്ങളുടെ , മൂന്ന് സീറ്റുകള്‍ എങ്ങനെയോ പിന്നോട്ട് പോയത്. വിമാനത്തിനുള്ളിലേക്ക് വീഴുന്നത് പോലെ തോന്നി. അതൊട്ടും സുഖകരമായിരുന്നില്ല. കാരണം ആ അനുഭവം എനിക്ക് ഒരു മിനി ഹാര്‍ട്ട് അറ്റാക്ക് വന്നപോലെയായിരുന്നു. നിങ്ങളാരും ഇത്തരമൊരു അനുഭവം ഒരിക്കലും ആഗ്രഹിക്കില്ല’.
‘ഏറ്റവും പ്രക്ഷുബ്ധമായ കാലാവസ്ഥയില്‍ പോലും ഞാന്‍ ഇത്തരമൊരു കാര്യം അനുഭവിച്ചിട്ടില്ല. പിന്നീടാണ് സീറ്റുകള്‍ അയഞ്ഞതാണെന്നും അവ അക്ഷരാര്‍ത്ഥത്തില്‍ ഒരു നട്ടില്‍ ഉറപ്പിച്ചിരിക്കുകയാണെന്നും ഞങ്ങള്‍ മനസ്സിലാക്കിയത്. വിമാനത്തില്‍ ഞങ്ങള്‍ക്ക് സമീപം ഇരുന്ന ആരോ ആണ് വീഡിയോ പകര്‍ത്തിയത്’. സേതി വ്യക്തമാക്കി. മാത്രമല്ല ‘ഇത് കേള്‍ക്കുന്നവര്‍ക്ക് ഇതത്ര ഗൗരവമുള്ളതായി തോന്നില്ല, പക്ഷേ പ്രായമായ ഒരു യാത്രക്കാരനോ അല്ലെങ്കില്‍ ആരോഗ്യപ്രശ്‌നമുള്ള ഒരാളോ ആ സീറ്റുകളിലൊന്നില്‍ ഇരിക്കുന്നതെങ്കില്‍ എന്തായിരിക്കും അവസ്ഥ എന്നും സേതി ഓര്‍പ്പിച്ചു.
സംഭവത്തിന് പിന്നാലെ ക്രൂവിന്റെ പെട്ടെന്നുള്ള പ്രതികരണത്തെയും സേതി അഭിനന്ദിച്ചു. ഇന്‍ഡിഗോ സ്റ്റാഫ് ഉടന്‍ തന്നെ മറ്റൊരു സീറ്റിലേക്ക് തങ്ങളെ മാറ്റുകയും ലാന്‍ഡിംഗിന് ശേഷം മെയിന്റനന്‍സ് സ്റ്റാഫ് പ്രശ്‌നം പരിശോധിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതായി സേതി തന്റെ വീഡിയോയുടെ അടിക്കുറിപ്പില്‍ പരാമര്‍ശിച്ചു.
വീഡിയോ വൈറലായതിന് പിന്നാലെ ഇന്‍ഡിഗോയും പ്രതികരണം അറിയിച്ച് രംഗത്തെത്തി. ‘ഡല്‍ഹിയില്‍ നിന്ന് ലഖ്നൗവിലേക്കുള്ള 6E 2376 വിമാനത്തിലെ ഒരു ഉപഭോക്താവ് സീറ്റുകളെക്കുറിച്ച് അടുത്തിടെ ഉന്നയിച്ച ആശങ്കയെക്കുറിച്ച് ഞങ്ങള്‍ക്കറിയാം. ഞങ്ങളുടെ ജീവനക്കാര്‍ ഉടന്‍ തന്നെ മറ്റൊരു സീറ്റ് ഉപഭോക്താവിന് നല്‍കി. പ്രശ്‌നം അന്വേഷിക്കുന്നതിനിടയില്‍, ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നതായും ഇന്‍ഡിഗോ വ്യക്തമാക്കി.