കഴിഞ്ഞ വര്‍ഷത്തെ തന്റെ അരങ്ങേറ്റ ഐപിഎല്‍ സീസണില്‍ 150 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ പന്തെറിഞ്ഞാണ് 22 വയസ്സുള്ള മായങ്ക് യാദവ് ഞെട്ടിച്ചത്. വെറും നാല് മത്സരങ്ങള്‍ മാത്രം കളിച്ച അദ്ദേഹം ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി നാല് മത്സരങ്ങളില്‍ തുടര്‍ച്ചയായി രണ്ട് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളും നേടിയ ശേഷം പരിക്കുമൂലം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
ബംഗ്ലാദേശിനെതിരായ കഴിഞ്ഞ ടി20യില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച മായങ്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. പിന്നാലെ പരിക്ക് പറ്റി. ഐപിഎല്ലില്‍ പുതിയ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ആരാധകര്‍ക്കാണ് ആകാംഷ. പേസര്‍ ബിസിസിഐയുടെ ഫിറ്റ്നസ് ക്ലിയറന്‍സ് നേടി എപ്പോള്‍ മടങ്ങി വരുമെന്നാണ് ചോദ്യം.
തിങ്കളാഴ്ച നെറ്റ്‌സില്‍ മായങ്ക് ബൗളിംഗ് ആരംഭിച്ചു. ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ ലംബാര്‍ സ്‌ട്രെസ് പരിക്കില്‍ നിന്ന് പേസര്‍ സുഖം പ്രാപിച്ചുവരികയാണ്. തിങ്കളാഴ്ച മായങ്ക് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തു, അവിടെ അദ്ദേഹം സപ്പോര്‍ട്ട് സ്റ്റാഫിന്റെ നിരീക്ഷണത്തില്‍ നെറ്റ്‌സില്‍ ബൗള്‍ ചെയ്യുന്നത് കാണാം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഐപിഎല്‍ 2025 ന്റെ ആദ്യ പകുതിയില്‍ പേസര്‍ക്ക് കളിക്കാന്‍ കഴിയില്ല. പക്ഷേ സമീപകാല സംഭവവികാസങ്ങള്‍ ലഖ്നൗ ആരാധകര്‍ക്ക് അദ്ദേഹത്തിന്റെ തിരിച്ചുവരവിന് പ്രതീക്ഷ നല്‍കുന്നു.
2024 സീസണിന് മുമ്പ് 20 ലക്ഷം രൂപയ്ക്ക് ലഖ്നൗവില്‍ അണ്‍ക്യാപ്പ്ഡ് ഫാസ്റ്റ് ബൗളറായി ആദ്യം ചേര്‍ന്ന അദ്ദേഹത്തെ കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിനാല്‍ എല്‍എസ്ജി 11 കോടി രൂപയ്ക്ക് ഇത്തവണ നിലനിര്‍ത്തി. ഫെബ്രുവരിയില്‍, മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറും ഇപ്പോള്‍ എല്‍എസ്ജിയുടെ ടീം ഡയറക്ടറുമായ സഹീര്‍ ഖാന്‍, മായങ്കിന്റെ രോഗമുക്തിക്കായി ബിസിസിഐയുടെ മെഡിക്കല്‍ ടീമുമായി സഹകരിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. എന്നിരുന്നാലും, മായങ്ക് പൂര്‍ണ്ണമായും ആരോഗ്യവാനാണെങ്കില്‍ മാത്രമേ അദ്ദേഹത്തിന്റെ തിരിച്ചുവരവ് പരിഗണിക്കൂ എന്ന് അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തിരുന്നു.