Lifestyle

കാനഡയില്‍ 60 ലക്ഷം ശമ്പളം; പക്ഷേ ഒന്നിനും തികയില്ലെന്ന് ടെക്കി ; മുറിവാടക മാത്രം 99,000 രൂപ…!

ഇന്ത്യാക്കാരെ സംബന്ധിച്ച് അമേരിക്കന്‍ സ്വപ്നങ്ങളിലെ സുപ്രധാന ഇടങ്ങളിലൊന്നാണ് കാനഡ. തൊഴില്‍ ചെയ്യാനും വിദ്യാഭ്യാസത്തിനുമായി അനേകരാണ് ഈ വടക്കേ അമേരിക്കന്‍ രാജ്യത്തേക്ക് പോകാനായി ബാഗ് പായ്ക്ക് ചെയ്ത് കാത്തിരിക്കുന്നത്. എന്നാല്‍ ഈ കരുതുന്നത്ര സുഖമൊന്നും ഇവിടെ ഇല്ലെന്ന് വെളിപ്പെടുത്തുകയാണ് കാനഡയില്‍ ബാങ്കില്‍ ഉയര്‍ന്ന ശമ്പളത്തിന് ജോലി ചെയ്യുന്ന ഇന്ത്യാക്കാരി.

പ്രതിവര്‍ഷം ഇന്ത്യയിലെ 60 ലക്ഷം രൂപ ശമ്പളം വാങ്ങിയിട്ടും കാനഡയിലെ ടൊറന്റോയില്‍ ജീവിക്കാന്‍ തന്റെ ശമ്പളം പര്യാപ്തമല്ലെന്നാണ് യുവതിയുടെ പ്രതികരണം. ‘സാലറി സ്‌കെയില്‍’ എന്ന ഇന്‍സ്റ്റാഗ്രാം പേജ് നടത്തുന്ന പീയുഷ് മോംഗയുടെ വൈറല്‍ വീഡിയോയിലാണ് ഈ അസാധാരണ പ്രതികരണം. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും ജീവിതച്ചെലവ് കൂടുമ്പോള്‍, കാനഡയില്‍ ജീവിക്കാന്‍ പ്രതിവര്‍ഷം 100,000 ഡോളര്‍ (60 ലക്ഷം രൂപ) തികയില്ലെന്ന് അവര്‍ പറയുന്ന വീഡിയോ വൈറലാണ്.

മോംഗയുടെ പരിപാടിയില്‍ തെരുവില്‍ കാണുന്ന ഒരു സ്ത്രീയാണ് പ്രതികരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ എത്ര സമ്പാദിക്കുന്നെന്നും കാനഡയില്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നുമാണ് ചോദ്യം. ഇതിന് ഇനിയാരും ‘അതെ’ യെന്ന് മറുപടി പറഞ്ഞേക്കാന്‍ സാധ്യത ഇല്ലെന്നും ഒരുപക്ഷേ ഞാന്‍ കുറച്ച് വര്‍ഷങ്ങള്‍ താമസിച്ചേക്കാം, അതിനുശേഷം എവിടേയ്ക്കെങ്കിലും താമസം മാറിയേക്കാം എന്നുമാണ് അവരുടെ ഉത്തരം. ഉപജീവനത്തിനായി എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍, താന്‍ സോഫ്‌റ്റ് വെയര്‍ ടെസ്റ്റിംഗിന് മേല്‍നോട്ടം വഹിക്കുന്ന ജോലി ചെയ്യുന്ന ‘ഒരു ടെസ്റ്റ് ലീഡ്’ ആണെന്നാണ് പ്രതികരിച്ചത്.

തനിക്ക് 10 വര്‍ഷത്തിലേറെ പ്രവൃത്തി പരിചയമുണ്ടെന്നും ഒരു വര്‍ഷത്തില്‍ ഏകദേശം 100,000 ഡോളര്‍ സമ്പാദിക്കുന്നതായും പറഞ്ഞു. എന്നാല്‍ പണപ്പെരുപ്പം പശ്ചാത്തലമായ ‘നിലവിലെ സമ്പദ് വ്യവസ്ഥ കണക്കിലെടുക്കുമ്പോള്‍ അത് അത്ര കൂടുതലൊന്നും അല്ല’ എന്ന് അവള്‍ പറയുന്നു. ശമ്പളത്തില്‍ സന്തോഷമുണ്ടോ എന്ന ചോദ്യത്തിന്, ‘ഒട്ടും ഇല്ല’ എന്ന് നിരാശയോടെ അവള്‍ ഉത്തരം നല്‍കി. അത്രയും പണം കൊണ്ട് ടൊറന്റോയില്‍ ജീവിക്കുക എളുപ്പമല്ലെന്ന് മാത്രമല്ല ഏറെ പാടാണെന്നും അവര്‍ പറഞ്ഞു.


മൂന്ന് വര്‍ഷം മുമ്പ് കാനഡയില്‍ വന്നതിന് ശേഷം എല്ലാറ്റിനും വില ഉയര്‍ന്നതായി ടെക്കി പറഞ്ഞു. അരക്കപ്പ് വെണ്ണയ്ക്ക് 4 ഡോളര്‍ ആയിരുന്നത് ഇപ്പോള്‍ അത് 8 ഡോളറായി. തന്റെ ഒറ്റമുറിയുടെ വാടക മാത്രം 1,600 ഡോളര്‍ (ഏകദേശം 99,000 രൂപ) ആണെന്നും അതിനാല്‍ പണപ്പെരുപ്പം യഥാര്‍ത്ഥമാണെന്നും അവര്‍ പറഞ്ഞു. മിക്ക ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളും ടെക്കിയുടെ അഭിപ്രായങ്ങളോട് വിയോജിക്കുകയും അവളുടെ ശമ്പളം ഒരു വ്യക്തിക്ക് മതിയെന്നും പറഞ്ഞു. ഒരാള്‍ക്ക് 95,000 ജീവിക്കാന്‍ ധാരാളം മതിയാകും! അനേകം ആളുകള്‍ ടൊറന്റോയില്‍ അതിനേക്കാള്‍ കുറവ് ശമ്പളം വാങ്ങി ജീവിക്കുന്നുണ്ടെന്നുമായിരുന്നു ഒരു ഉപയോക്താവ് എഴുതിയത്.