Oddly News

സിനിമാനടീനടന്മാര്‍ക്ക് മാത്രമല്ല ; ഏലിയന്‍സിനും തമിഴ്‌നാട്ടില്‍ ക്ഷേത്രം; ഇന്ത്യയില്‍ ആദ്യ സംഭവം

ആരാധന മൂത്താല്‍ നടീനടന്മാര്‍ക്ക് വരെ ക്ഷേത്രം പണിയുന്നൊരു നാട്ടില്‍ അന്യഗ്രഹജീവിക്കും ക്ഷേത്രം. തമിഴ്‌നാട്ടില്‍ തന്നെയാണ് ‘ഏലിയന്‍ ഗോഡി’ നും ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. സേലം ജില്ലയില്‍ ‘സിദ്ദാര്‍’ എന്ന മനുഷ്യനാണ് ഇന്ത്യയില്‍ ആദ്യമായി ഏലിയന്‍സിന് ക്ഷേത്രം നിര്‍മ്മിച്ചത്. ഈ ക്ഷേത്രത്തില്‍, മനുഷ്യര്‍ ‘അന്യദൈവത്തിന്’ പ്രത്യേക ആരാധന നടത്തുന്നു.

ലോകത്തില്‍ പരമശിവന്‍ സൃഷ്ടിച്ച ആദ്യത്തെ ദൈവമാണ് ഏലിയന്‍, പരിധിയില്ലാത്ത ശക്തിയുള്ളതിനാല്‍ ലോകത്തെ ദുരന്തത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുന്ന ഒരേയൊരു ദൈവമാണ് അന്യഗ്രഹജീവികളെന്നാണ് പ്രാദേശിക മാധ്യമ ചാനലുകളോട് സംസാരിക്കവെ സിദ്ദാര്‍ പറഞ്ഞു. ജില്ലയിലെ മല്ലമുപ്പട്ടി ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ‘സിദ്ധര്‍ ഭകിയ’ എന്നാണ് പൂജാരിയെ അറിയപ്പെടുന്നത്.

കൈലായ ശിവക്ഷേത്ര സമുച്ചയത്തിനകത്തുള്ള ക്ഷേത്രത്തിന്റെ ഭൂഗര്‍ഭ പ്രദേശത്താണ് ‘ഏലിയന്‍ ഗോഡ്’. കറുത്ത നിറത്തിലുള്ള പ്രതിഷ്ഠ ഇവിടെ സ്ഥാപിച്ചിരിക്കുന്നു. അന്യഗ്രഹജീവികളുമായി സംസാരിച്ച് അനുമതി വാങ്ങിയ ശേഷമാണ് ക്ഷേത്രം പണിതതെന്ന് പൂജാരി പറഞ്ഞു. ‘ഏലിയന്‍സ് ലോകത്തെ ഉപദ്രവിക്കില്ല. മനുഷ്യര്‍ക്ക് ഒരു ദോഷവും ചെയ്യില്ല. നന്മ ചെയ്യാന്‍ വേണ്ടി മാത്രമാണ് അവര്‍ നമ്മെ അന്വേഷിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചത്.’ ക്ഷേത്രം പൂജാരിയായ ലോകനാഥന്‍ പറഞ്ഞു.

അന്യഗ്രഹജീവികളെ സിനിമയില്‍ കാണിക്കുന്നത് പോലെയല്ല. ”സിനിമയില്‍ കാണിക്കുന്നത് പോലെ അന്യഗ്രഹജീവികള്‍ക്ക് കൊമ്പൊന്നും ഉണ്ടാകില്ല. അവ മനുഷ്യരെപ്പോലെ കാഴ്ചയില്‍ സാധാരണമാണ്. അവര്‍ ആണിന്റെയും പെണ്ണിന്റെയും രൂപത്തില്‍ നിലനില്‍ക്കുന്ന മനുഷ്യരെപ്പോലെയാണെന്നും ലോകനാഥന്‍ പറയുന്നു. താന്‍ അന്യഗ്രഹജീവികളെ കണ്ടിട്ടുണ്ടെന്നും സംസാരിച്ചിട്ടുണ്ടെന്നും പറയുന്നു.

”ഞാന്‍ അന്യഗ്രഹജീവികളെ വ്യക്തതയോടെ കണ്ടിട്ടുണ്ട്. രണ്ടു പ്രാവശ്യം വന്ന് സംസാരിച്ചു. ഞാന്‍ ഒരു അന്യഗ്രഹജീവിയോട് സംസാരിക്കുന്നതിനാല്‍ എനിക്ക് ഭ്രാന്താണെന്ന് ആരും കരുതരുത്. അന്യഗ്രഹ ജീവികളെ കുറിച്ച് പലരും ഗവേഷണം നടത്തുന്നുണ്ട്. അവര്‍ അതിനെക്കുറിച്ച് പലരോടും പറയുന്നു, പക്ഷേ ആരും വിശ്വസിക്കുന്നില്ല, ” പുരോഹിതന്‍ പറഞ്ഞു.