Sports

ബാറ്റിങ്ങിൽ വിറച്ച് ഇന്ത്യ, ഒറ്റക്ക് പൊരുതി സൂര്യ; പക്ഷേ ബൗളിങ്ങിൽ വിറപ്പിച്ചു; ടി20 ലോകകപ്പിൽ യു.എസ്.എ.ക്കെതിരേ ജയം

മുംബൈ: ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ തന്നെ പേരുകേട്ട ഇന്ത്യൻ ടീമിനെ വിറപ്പിച്ച ശേഷം കീഴടങ്ങി യുഎസ്എ. 29 റൺസിനായിരുന്നു തോൽവി. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ശേഷം ഇന്ത്യയെ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 161 റൺസിൽ ഒതുക്കിയ യുഎസ്എയ്ക്ക് പക്ഷേ ബാറ്റിങ്ങിൽ ആ മികവ് പുറത്തെടുക്കാനായില്ല. 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 132 റൺസിലെത്താനേ അവർക്കായുള്ളൂ.

 പേരുകേട്ട ഇന്ത്യൻ ബാറ്റിങ്നിര ക്രിക്കറ്റിലെ കുഞ്ഞൻമാരായ യു.എസിന് മുമ്പിൽ അടിപതറുന്നതാണ് ഇന്ന് മുംബൈയിൽ കണ്ടത്. 84 റൺസെടുത്ത സൂര്യകുമാർ യാദവിനൊഴികെ മറ്റാർക്കും ഇന്ത്യൻ നിരയിൽ തിളങ്ങാനായില്ല. സൂര്യകുമാറിന്റെ ഒറ്റയാൾ പോരാട്ടം തന്നെയാണ് വലിയ ​നാണക്കേടിൽ നിന്നും ഇന്ത്യയെ രക്ഷിച്ചെടുത്തത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യക്ക് തുടക്കം മുതൽ തിരിച്ചടിയായിരുന്നു. സ്കോർബോർഡിൽ എട്ട് റൺസ് ചേർക്കുമ്പോഴേക്കും അഭിഷേക് ശർമ്മ വീണു. മൂന്നാമതെത്തിയ തിലക് വർമ്മയുമായി ഇഷാൻ കിഷൻ മികച്ചൊരു കൂട്ടുകെട്ട് ഉണ്ടാക്കുമെന്ന് തോന്നിച്ചുവെങ്കിലും ടീം സ്കോർ 45ൽ നിൽക്കെ മിലിന്ദ് കുമാറിന് കാച്ച് നൽകി കിഷൻ മടങ്ങി. വാൻ ഷാൽക്വിക്കിനായിരുന്നു വിക്കറ്റ്. ഷാൽക്വിക്കിന്റെ ഈ ഓവറിൽ തന്നെ തിലവക് വർമയും ശിവം ദുബെയും കൂടി മടങ്ങിയതോടെ ഇന്ത്യക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് വ്യക്തമായി.

പിന്നീടെത്തിയ റിങ്കു സിങ്ങിനെ മുഹമ്മദ് മൊഹ്സിനും ഹാർദിക് പാണ്ഡ്യയെ ഹർമീത് സിങ്ങും മടക്കിയതോടെ ഇന്ത്യ കടുത്ത സമ്മർദത്തിലേക്ക് വീണു. 14 റൺസെടുത്ത അക്സർ പട്ടേലിനെ ഹർമീത് സിങ് കൂടി മടക്കിയതോടെ ഇന്ത്യയുടെ വിക്കറ്റ് നഷ്ടം ഏഴായി. അർഷ്ദീപ് ഒന്നും ചെയ്യാൻ സാധിച്ചില്ലെങ്കിലും അവസാന ഓവറിൽ ഉൾപ്പടെ കത്തിക്കയറിയ സൂര്യകുമാർ യാദവ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിക്കുകയായിരുന്നു. യു.എസിന് വേണ്ടി ഷ്വാൽകിക്ക് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹർമീത് സിങ് രണ്ട് വിക്കറ്റെടുത്തു.

162 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത യുഎസിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. 3.2 ഓവറിൽ 13 റൺസിനിടെ അവർക്ക് ആൻഡ്രിസ് ഗസ് (6), ക്യാപ്റ്റൻ മൊണാങ്ക് പട്ടേൽ (0), സായ്‌തേജ മുക്കാമല്ല (2) എന്നിവരെ നഷ്ടമായി. എന്നാൽ നാലാം വിക്കറ്റിൽ 58 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ മിലിന്ദ് കുമാർ – സഞ്ജയ് കൃഷ്ണമൂർത്തി സഖ്യം സ്‌കോർ 71-ൽ എത്തിച്ചു.

12-ാം ഓവറിൽ മിലിന്ദിനെ മടക്കി വരുൺ ചക്രവർത്തി ഈ സഖ്യം പൊളിച്ചു. 34 പന്തിൽ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 34 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെ 27 റൺസ് ചേർക്കുന്നതിനിടെ സഞ്ജയുടെ വിക്കറ്റും അവർക്ക് നഷ്ടമായി. 31 പന്തിൽ നിന്ന് 37 റൺസെടുത്ത താരത്തെ അക്ഷർ പട്ടേലാണ് വീഴ്ത്തിയത്. തൊട്ടടുത്ത പന്തിൽ ഹർമീത് സിങ്ങിനെയും (0) അക്ഷർ പുറത്താക്കി. 22 പന്തിൽ നിന്ന് 37 റൺസുമായി ശുഭം രഞ്ജാനെ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.

ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് മൂന്നും അർഷ്ദീപ് സിങ്, അക്ഷർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

12-ാം തീയതി ഡൽഹിയിൽ നമീബിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അസുഖം കാരണം ജസ്പ്രീത് ബുംറയ്ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു. സഞ്ജു സാംസണും പ്ലേയിങ് ഇലവനിൽ ഇടംകിട്ടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *