Featured Good News

ചൈനയെ മറികടന്നു, ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ശക്‌തമായ വ്യോമസേന, പാകിസ്‌താന്റെ റാങ്ക് അറിയണ്ടേ?

ന്യൂഡല്‍ഹി: ചൈനയെ മറികടന്ന്‌ ഇന്ത്യന്‍ വ്യോമസേന (എയര്‍ ഫോഴ്‌സ്‌) ലോകത്തിലെ ഏറ്റവും ശക്‌തമായ മൂന്നാമത്തെ വ്യോമസേനയായി മാറി. വേള്‍ഡ്‌ ഡയറക്‌ടറി ഓഫ്‌ മോഡേണ്‍ മിലിട്ടറി എയര്‍ക്രാഫ്‌റ്റിന്റെ (ഡബ്ല്യു.ഡി.എം.എം.എ) ഏറ്റവും പുതിയ റാങ്കിങ്‌ പ്രകാരമാണ്‌ ഈ നേട്ടം. യു.എസ്‌ വ്യോമസേന റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനത്ത്‌ തുടരുന്നു. റഷ്യയാണു രണ്ടാം സ്‌ഥാനത്ത്‌. ചൈന നാലാം സ്‌ഥാനത്താണ്‌.

വ്യോമസേനയുടെ മൊത്തത്തിലുള്ള ശക്‌തിയും ശേഷിയും അളക്കുന്ന ട്രൂ വല്‍ റേറ്റിങ്‌ (ടി.വി.ആര്‍) യു.എസിന്‌ 242.9 ഉം റഷ്യയ്‌ക്ക്‌ 114.2 ഉം ഇന്ത്യയ്‌ക്ക്‌ 69.4 ഉം ആണ്‌. എന്നാല്‍ ചൈനയ്‌ക്ക്‌ ഇത്‌ 63.8 മാത്രമാണെന്ന്‌ റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു. ജപ്പാന്‍ (58.1), ഇസ്രായേല്‍ (56.3), ഫ്രാന്‍സ്‌, യു.കെ (55.3) എന്നീ രാജ്യങ്ങളുടെ ടി.വി.ആര്‍ ഇതിനു പിന്നിലാണ്‌. 46.3 റേറ്റിങ്ങുള്ള പാകിസ്‌താന്‍ പട്ടികയില്‍ വളരെ പിന്നിലാണ്‌.

ഇന്ത്യയുടെ വ്യോമവാഹനങ്ങളില്‍ 31.6 ശതമാനം യുദ്ധവിമാനങ്ങളും 29 ശതമാനം ഹെലികോപ്‌റ്ററുകളും 21.8 ശതമാനം പരിശീലന വിമാനങ്ങളുമാണെന്നു റിപ്പോര്‍ട്ട്‌ പറയുന്നു. ചൈനയുടെ പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മി എയര്‍ഫോഴ്‌സില്‍ 52.9 ശതമാനം യുദ്ധവിമാനങ്ങളും 28.4 ശതമാനം പരിശീലന വിമാനങ്ങളും ഉണ്ടെങ്കിലും ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്‌ കൂടുതല്‍ കരുത്തുള്ളതാണെന്നു റാങ്കിങ്‌ വിലയിരുത്തുന്നു.

ഒന്നിലധികം മേഖലകളില്‍ ശക്‌തമായ ശേഷിയുള്ള സന്തുലിത സേനയെന്നാണ്‌ ഇന്ത്യന്‍ വ്യോമസേനയെ റിപ്പോര്‍ട്ട്‌ വിശേഷിപ്പിക്കുന്നത്‌. ഐ.എ.എഫ്‌ റാഫേല്‍, സുഖോയ്‌ എസ്‌.യു-30 എം.കെ.ഐ, തേജസ്‌ തുടങ്ങിയ നൂതന 4.5 തലമുറ വിമാനങ്ങളും മിഗ്‌ 29, മിറാഷ്‌ 2000 പോലുള്ള നാലാം തലമുറ ജെറ്റുകളും നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്നു. കൂടാതെ എല്‍.സി.എ-എം.കെ1 എ, എല്‍.സി.എ-എം.കെ2, എം.ആര്‍.എഫ്‌.എ, എ.എം.സി.എ തുടങ്ങിയ തദ്ദേശീയ വിമാനങ്ങള്‍ വികസിപ്പിക്കുകയും കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയിടുകയും ചെയ്യുന്നു.