Sports

ടി 20 ലോകകപ്പോടെ ക്രിക്കറ്റ് മതിയാക്കുമോ? വിരമിക്കലിനെക്കുറിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഈ സീസണ്‍ പലര്‍ക്കും ലോകകപ്പിലേക്കുള്ള വാതിലാണ്. ടി20 ലോകകപ്പ് നടക്കാനിരിക്കെ ആരൊക്കെ ടീമിലെത്തുമെന്നതിന് ഐപിഎല്ലിലെ പ്രകടനവും നിര്‍ണ്ണായകമാകും. ടി20 ലീഗില്‍ മുംബൈ ഇന്ത്യന്‍സില്‍ ബാറ്റ്‌സ്മാനായി കഴിവുകള്‍ മെച്ചപ്പെടുത്താനുള്ള തിരക്കിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് രോഹിത്ശര്‍മ്മയുടെ അവസാന ടൂര്‍ണമെന്റ് ആയിരിക്കുമോ എന്ന ആശങ്കയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.

എന്നാല്‍ താന്‍ ഉടന്‍ വിരമിക്കാനില്ലെന്ന് താരം വ്യക്തമായി പറയുന്നു. രണ്ടു ലോകകപ്പുകള്‍ മുന്നിലുള്ളപ്പോള്‍ ഒരു കിരീടമെങ്കിലും നേടണമെന്ന ആഗ്രഹം അദ്ദേഹത്തില്‍ ഇപ്പോഴും സജീവമാണ്. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന ചാറ്റിനിടെ രോഹിത് വിരമിക്കല്‍ വിഷയം ചര്‍ച്ച ചെയ്തു. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മത്സരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയ്ക്കായി ലോകകപ്പ് നാട്ടിലെത്തിക്കുന്നതിനുള്ള തന്റെ തുടര്‍ച്ചയായ പ്രചോദനം അദ്ദേഹം പ്രകടിപ്പിച്ചു.

”റിട്ടയര്‍മെന്റിനെക്കുറിച്ച് ഞാന്‍ ശരിക്കും ചിന്തിച്ചിട്ടില്ല. പക്ഷേ, ജീവിതം നിങ്ങളെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് എനിക്കറിയില്ല. ഈ സമയത്തും ഞാന്‍ നന്നായി കളിക്കുന്നു – അതിനാല്‍ കുറച്ച് വര്‍ഷങ്ങള്‍ കൂടി തുടരുമെന്ന് കരുതുന്നു. എനിക്ക് ലോകകപ്പ് ജയിക്കണമെന്ന് ആഗ്രഹമുണ്ട്, 2025-ല്‍ ഒരു ഡബ്ല്യുടിസി ഫൈനല്‍ ഉണ്ട്, ഇന്ത്യ അത് നേടുമെന്ന് പ്രതീക്ഷിക്കുന്നു.” ഷോയില്‍ രോഹിത് പറഞ്ഞു.

ഓസ്ട്രേലിയയ്ക്കെതിരായ 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ഹൃദയഭേദകമായ തോല്‍വിയും രോഹിത് ചര്‍ച്ച ചെയ്തു. ടൂര്‍ണമെന്റിലുടനീളം തോല്‍വിയറിയാതെ നിന്നെങ്കിലും, പാറ്റ് കമ്മിന്‍സിന്റെ ടീമിനെതിരെ കലാശപ്പോരില്‍ ടീം ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയത് ഒരു ഐസിസി ടൂര്‍ണമെന്റില്‍ ഒരിക്കല്‍ കൂടി ഇന്ത്യ വെറുംകൈയോടെ തിരികെ പോരാന്‍ നിര്‍ബ്ബന്ധിതമായി.

”എനിക്ക് 50 ഓവര്‍ ലോകകപ്പാണ് യഥാര്‍ത്ഥ ലോകകപ്പ്. ഞങ്ങള്‍ ആ ലോകകപ്പ് കണ്ടാണ് വളര്‍ന്നത്. അതിലും പ്രധാനമായി, ഇത് ഇന്ത്യയില്‍ ഞങ്ങളുടെ കാണികള്‍ക്ക് മുന്നില്‍ സംഭവിച്ചു. ആ ഫൈനല്‍ വരെ ഞങ്ങള്‍ നന്നായി കളിച്ചു. സെമി ഫൈനല്‍ വിജയിച്ചു, ഞാന്‍ വിചാരിച്ചു, ഇപ്പോള്‍ ഞങ്ങള്‍ ഒരു ചുവട് അകലെയാണ്. ഞങ്ങള്‍ എല്ലാ കാര്യങ്ങളും ശരിയായി ചെയ്യുന്നു.

ഞങ്ങളെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ കഴിയുന്ന ഒരു കാര്യം പോലും എന്റെ മനസ്സില്‍ വന്നില്ല. കാരണം ഞങ്ങള്‍ എല്ലാ ബോക്‌സുകളും ടിക്ക് ചെയ്തുവെന്ന് ഞാന്‍ കരുതി, ഞങ്ങള്‍ നല്ല ക്രിക്കറ്റ് കളിക്കുന്നു. ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാല്‍ നമുക്കെല്ലാവര്‍ക്കും ഒരു മോശം ദിവസമുണ്ടാകേണ്ടകും. അത് ഞങ്ങളുടെ മോശം ദിവസമാണെന്ന് ഞാന്‍ ഊഹിക്കുന്നു. ആ ഫൈനലില്‍ ഞങ്ങള്‍ മോശം ക്രിക്കറ്റ് കളിച്ചുവെന്ന് കരുതരുത്, ചില കാര്യങ്ങള്‍ ഞങ്ങളുടെ വഴിക്ക് പോയില്ല. എന്നാല്‍ ഓസ്ട്രേലിയ ഞങ്ങളെക്കാള്‍ മികച്ചതായിരുന്നു.” രോഹിത് പറഞ്ഞു.

ടി20 ലോകകപ്പ് ഐപിഎല്‍ 2024 ഫൈനലിന് ശേഷം വെറും ആറ് ദിവസങ്ങള്‍ക്കുള്ളില്‍ ജൂണ്‍ 2 ന് ആരംഭിക്കും. രോഹിത് ശര്‍മ്മ തന്റെ നിലവിലെ ഫോം മുതലാക്കാനും ചില മികച്ച പ്രകടനങ്ങള്‍ നടത്താനും നോക്കും, ഇത് വരാനിരിക്കുന്ന ലോകകപ്പിനുള്ള സുപ്രധാന തയ്യാറെടുപ്പായിരിക്കും.