ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ പാക്കിസ്ഥാനെതിരെ 61 റൺസിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യൻ ടീം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് എടുത്തത്. തുടക്കത്തിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ (0) നഷ്ടമായെങ്കിലും, തകർപ്പൻ ബാറ്റിങ് കാഴ്ചവെച്ച ഇഷാൻ കിഷന്റെ പ്രകടനം ഇന്ത്യയ്ക്ക് കരുത്തായി.
40 പന്തിൽ നിന്ന് 10 ഫോറുകളും 3 സിക്സറുകളുമടക്കം 77 റൺസാണ് ഇഷാൻ അടിച്ചുകൂട്ടിയത്. പവർപ്ലേയിലെ ആറോവറിൽ അഞ്ചും എറിഞ്ഞത് സ്പിന്നർമാരായിരുന്നു. കൊളംബോയിലെ സ്പിൻ പിച്ചിന്റെ ആനുകൂല്യം തുടക്കത്തിൽ തന്നെ മുതലാക്കാനായിരുന്നു പാക്ക് ടീമിന്റെ ശ്രമം. എന്നാൽ അധികം പരുക്കില്ലാതെ ഇന്ത്യ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 25 റണ്‍സെടുത്ത തിലക് വര്‍മയും 32 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളില്‍ ശിവം ദുബൈയും മോശമല്ലാത്ത പ്രകടനം നടത്തി. 17 പന്തുകളില്‍ നിന്നും താരം 27 റണ്‍സെടുത്ത് പുറത്തായി. പാക് നിരയിൽ സയിം അയൂബ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് ഇന്ത്യൻ ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. സ്കോർ ബോർഡ് തുറക്കും മുൻപേ ഫർഹാനെ നഷ്ടമായ അവർക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. സയിം അയൂബ് (6), സൽമാൻ ആഗ (4) എന്നിവരടക്കം അഞ്ച് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. 44 റൺസെടുത്ത ഉസ്മാൻ ഖാനും 23 റൺസെടുത്ത ഷഹീൻ അഫ്രീദിയും മാത്രമാണ് പാക് നിരയിൽ അൽപ്പമെങ്കിലും പൊരുതിയത്.
18 ഓവറിൽ 114 റൺസിന് പാക്കിസ്ഥാൻ എല്ലാവരും പുറത്തായി. ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംമ്ര, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതവും കുൽദീപ് യാദവ്, തിലക് വർമ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി ദൗത്യം പൂർത്തിയാക്കി.




