സിഡ്‌നിയിലെ അവസാന ടെസ്റ്റില്‍ നായകന്‍ രോഹിത് ശര്‍മ്മയെ പ്ലെയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ കാര്യങ്ങള്‍ വഷളായിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫി 2025 ആസന്നമായിരിക്കെ ഏകദിനത്തില്‍ ടീമിനെ ആരുനയിക്കുമെന്നതാണ് പ്രധാനമായി ഉയരുന്ന ചോദ്യം. രോഹിത് ഇല്ലെങ്കില്‍ ബിസിസിഐക്ക് ഒരു ബാക്കപ്പ് ഓപ്ഷന്‍ ആവശ്യമാണ്.
സിഡ്‌നിയില്‍ രോഹിതിനെ ഒഴിവാക്കിയത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. നിര്‍ണ്ണായക ടെസ്റ്റ് കളിക്കുന്നതില്‍ നിന്ന് അദ്ദേഹം ഒഴിവാകാന്‍ കാരണമെന്താണെന്ന് എല്ലാവരും ആശ്ചര്യപ്പെട്ടു. കോയിന്‍ ടോസില്‍, സ്റ്റാന്‍ഡ്-ഇന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ, രോഹിത് സ്വയം വിശ്രമിച്ചുകൊണ്ട് നേതൃപാടവം പ്രകടിപ്പിച്ചതായി വെളിപ്പെടുത്തി. പരമ്പരയില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ തന്റെ ഫോം ഇന്ത്യയെ സഹായിച്ചില്ലെന്ന് സ്വയം മനസ്സിലാക്കിയ അദ്ദേഹം മാറിനില്‍ക്കുകയായിരുന്നു.
”ഞങ്ങളുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ തന്റെ നേതൃത്വവും തെളിയിച്ചിട്ടുണ്ട്. ഈ ഗെയിമില്‍ വിശ്രമിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനാല്‍, ഞങ്ങളുടെ ടീമില്‍ വളരെയധികം ഐക്യമുണ്ടെന്ന് ഇത് കാണിക്കുന്നു. ടീമിന് ഏറ്റവും മികച്ചത് എന്താണെന്ന് അദ്ദേഹം കരുതിയോ ഞങ്ങള്‍ അത് ചെയ്യാന്‍ ആഗ്രഹിക്കുന്നു.” ടോസില്‍ ബുംറ പറഞ്ഞു. ടെസ്റ്റ് മത്സരത്തില്‍ നിന്നുള്ള മാറ്റം രോഹിതിന്റെ വിരമിക്കലിലേക്ക് എത്തിയേക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. രോഹിത് ഏകദിനത്തില്‍ നിന്നുകൂടി വിരമിക്കാന്‍ തീരുമാനം എടുത്താല്‍ എട്ട് ടീമുകളുടെ ടൂര്‍ണമെന്റിന് ചുക്കാന്‍ പിടിക്കാന്‍ മെന്‍ ഇന്‍ ബ്ലൂവിന് ഒരു പുതിയ ക്യാപ്റ്റന്‍ ഉണ്ടാകേണ്ടി വരും.
കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ വിജയിച്ചതിന് പിന്നാലെയാണ് രോഹിത് ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. രോഹിത് ഏകദിനത്തില്‍ കൂടി അന്താരാഷ്ട്ര വിരമിക്കല്‍ പ്രഖ്യാപിച്ചാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ നയിക്കാനുള്ള മികച്ച ഓപ്ഷനായി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഉയര്‍ന്നുവരാനാണ് സാധ്യതകള്‍.
‘ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള സാഹചര്യങ്ങളില്‍ നയിക്കാനുള്ള കഴിവ് ഹാര്‍ദിക്കിനുണ്ട്, ഒരു ഓള്‍റൗണ്ടറും ലീഡറും എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവപരിചയം അദ്ദേഹത്തെ ചാമ്പ്യന്‍സ് ട്രോഫി പോലുള്ള ഒരു ഐസിസി ടൂര്‍ണമെന്റിന് അനുയോജ്യമായ തിരഞ്ഞെടുപ്പാക്കി മാറ്റുന്നു,” പേര് വെളിപ്പെടുത്താത്ത ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. രണ്ടാമത്തെ ഓപ്ഷന്‍ ഗില്ലാണ്. എന്നാല്‍ ഗില്ലിന് നായകനാകാന്‍ കുറേക്കൂടി പരിചരണവും പക്വതയും ആവശ്യമാണെന്നത് ഹര്‍ദിക്കിന്റെ സാധ്യത കൂട്ടുന്നു.
പാക്കിസ്ഥാനും യുഎഇയും ചേര്‍ന്ന് ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025-ന് ആതിഥേയത്വം വഹിക്കും. പാകിസ്ഥാന്‍ അവരുടെ എല്ലാ മത്സരങ്ങളും അവരുടെ രാജ്യത്ത് കളിക്കുമ്പോള്‍, ഇന്ത്യയുടെ മത്സരങ്ങള്‍ അവര്‍ യോഗ്യത നേടിയാല്‍ നോക്കൗട്ട് ഉള്‍പ്പെടെ ദുബായില്‍ നടക്കും. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ഫെബ്രുവരി 19 ന് ആരംഭിച്ച് മാര്‍ച്ച് 9 ന് അവസാനിക്കും.