Sports

ടി20 ലോകകപ്പിലെ ഉദ്ഘാടന പതിപ്പിലെ ആദ്യ ടൈ ; ചരിത്രമെഴുതിയ ഇന്ത്യാ പാക് മത്സരത്തിലെ ബൗള്‍ഡ് ഔട്ട്

ബുധനാഴ്ച ന്യൂയോര്‍ക്കില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തോടെ 2024 ലെ ടി20 ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ ടൂര്‍ ആരംഭിക്കും. 2007-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഉദ്ഘാടന പതിപ്പില്‍ കപ്പടിച്ച ഇന്ത്യ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ മിന്നും വിജയങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. . ജോഹന്നാസ്ബര്‍ഗില്‍ നടന്ന ഫൈനലില്‍ ഗൗതം ഗംഭീറിന്റെ മിന്നുന്ന 75 മുതല്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ തുടര്‍ച്ചയായ ആറ് സിക്സറുകളും ആദ്യമായി ടൈ ആയ മത്സരത്തിലെ ബൗള്‍ഡ് ഔട്ടും ടി20 ലോകകപ്പില്‍ ഇന്ത്യയുടെ അതുല്യ ചരിത്രം രചിച്ചിരിക്കുകയാണ്.

ടി20 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ടൈ ആയ മത്സരത്തില്‍ ഇന്ത്യയും പാകിസ്താനുമായിരുന്നു ബൗള്‍ഡ് ഔട്ടില്‍ മത്സരിച്ചത്. ടി20 ലോകകപ്പിന്റെ ഉദ്ഘാടന പതിപ്പില്‍ ഡര്‍ബനില്‍ നടന്ന മത്സരത്തിലായിരുന്നു ചരിത്രം പിറന്നത്. ആദ്യം ബാറ്റ് ചെയ്ത റോബിന്‍ ഉത്തപ്പയുടെ 39 പന്തില്‍ 50 റണ്‍സ് നേടിയ ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറില്‍ 141/9 എന്ന നിലയില്‍ നില്‍ക്കാന്‍ കഴിഞ്ഞു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ മിസ്ബാ ഉള്‍ ഹഖിന്റെ (35 പന്തില്‍ 53) വൈകിയുള്ള പോരാട്ടത്തിലൂടെ കളിയെ തലകീഴായി മറിച്ചു. അവസാന 3 ഓവറില്‍ പാകിസ്ഥാന് 42 റണ്‍സ് വേണ്ടിയിരുന്നു. മിസ്ബയുടെ ബാറ്റിംഗ് കളി ടൈയില്‍ അവസാനിപ്പിച്ചു. അവസാന രണ്ട് പന്തുകളില്‍ എസ് ശ്രീശാന്ത് അവര്‍ക്ക് വിജയ റണ്‍ നിഷേധിച്ചു. സമനിലയായതോടെ ജേതാക്കളെ തീരുമാനിക്കാന്‍ ബൗള്‍ഡ് ഔട്ട് പരീക്ഷിച്ച ആദ്യ മത്സരവും ഇതായിരുന്നു. ആറു പന്തുകള്‍ വീതം ഇരുടീമുകളും എറിയുകയായിരുന്നു ബൗള്‍ഡ് ഔട്ട്.

പാകിസ്താന്‍ ബൗളിംഗിന് തെരഞ്ഞെടുത്തത് മുഴുവന്‍ ഫാസ്റ്റ് ബൗളര്‍മാരായിരുന്നു. ഇന്ത്യ സ്പിന്നര്‍മാരെയും പരീക്ഷിച്ചു. ബാറ്റ്‌സ്മാന്‍ ഇല്ലാതെ വിക്കറ്റില്‍ എറിഞ്ഞു കൊള്ളിക്കുന്നതായിരുന്നു ബൗള്‍ഡ് ഔട്ട്. പാകിസ്താന്‍െ ബൗളര്‍മാര്‍ എറിഞ്ഞ ഒരു പന്തുപോലും വിക്കറ്റില്‍ കൊണ്ടില്ല. അതേസമയം ഇന്ത്യയ്ക്കായി എറിയാനെത്തിയ സെവാഗ്, ഹര്‍ഭജന്‍, ഉത്തപ്പ എന്നിവരെല്ലാം സ്റ്റമ്പ് തെറുപ്പിച്ചു. അതിനുശേഷം ഇതുവരെ നടന്ന ടി20 ലോകകപ്പുകളില്‍ മൂന്ന് മത്സരങ്ങള്‍ കൂടിയ ടൈ ആയി മാറിയിരുന്നു.