Featured Sports

തിരുവനന്തപുരത്ത് സഞ്ജു കളിക്കുമോ? പ്രതികരണവുമായി മോർക്കൽ, നാലാം മത്സരം ഇന്ന് വിശാഖപട്ടണത്ത്

വിശാഖപട്ടണം: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ നാലാം മത്സരം ഇന്നു നടക്കും. വിശാഖപട്ടണത്തിലെ ഡോക്‌ടര്‍ വൈ.എസ്‌. രാജശേഖര റെഡ്‌ഡി എ.സി.എ.-വി.ഡി.സി.എ. ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ ഏഴ്‌ മുതലാണു മത്സരം. അഞ്ച്‌ ട്വന്റി20 കളുടെ പരമ്പര ഇന്ത്യ 3-0 ത്തിന്‌ ഉറപ്പാക്കിയതിനാല്‍ പരീക്ഷണങ്ങള്‍ക്കു തയാറായേക്കാം.

2023 നവംബറിലാണ്‌ വിശാഖപട്ടണത്തില്‍ അവസാനം ട്വന്റി20 കളിച്ചത്‌. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ ഇന്ത്യ 209 റണ്‍ പിന്തുടര്‍ന്നു നേടി. ഇന്നത്തെ മത്സരവും റണ്‍ മഴയില്‍ അവസാനിക്കുമെന്നാണു പ്രവചനം. ലെഗ്‌ സ്‌പിന്നര്‍ ഇഷ്‌ സോധി ട്വന്റി20 യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ന്യൂസിലന്‍ഡ്‌ താരമാകാനുള്ള ഒരുക്കത്തിലാണ്‌. 160 വിക്കറ്റുകളാണ്‌ സോധി സ്വന്തമാക്കിയത്‌. അഞ്ച്‌ പേരെ കൂടി പുറത്താക്കിയാല്‍ സോധി ടിം സൗത്തിയുടെ റെക്കോഡ്‌ തിരുത്തും. അഫ്‌ഗാനിസ്‌ഥാന്റെ റാഷിദ്‌ ഖാനാണ്‌ (187) ട്വന്റി20 യില്‍ ഏറ്റവും വിക്കറ്റെടുക്കുന്ന ബൗളര്‍.

ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്‌ 41 റണ്‍ കൂടിയെടുത്താല്‍ ട്വന്റി20 യില്‍ 3000 തികയ്‌ക്കാം. രോഹിത്‌ ശര്‍മ (4231), വിരാട്‌ കോഹ്ലി (4188) എന്നിവരാണു 3000 തികച്ച മറ്റ്‌ ഇന്ത്യന്‍ താരങ്ങള്‍. ലോകകപ്പിന്‌ ഒരാഴ്‌ച മാത്രം ശേഷിക്കേ മലയാളി ഓപ്പണര്‍ സഞ്‌ജു സാംസണിന്റെ മങ്ങിയ പ്രകടനം ആശങ്കയാണ്‌. മൂന്നാം ട്വന്റി20 യില്‍ സഞ്‌ജു ഗോള്‍ഡന്‍ ഡെക്കായിരുന്നു. കഴിഞ്ഞ മൂന്ന്‌ മത്സരങ്ങളിലായി 10, ആറ്‌, 0 എന്നിങ്ങനെയാണു സഞ്‌ജുവിന്റെ പ്രകടനം. ഒന്നാം നമ്പര്‍ വിക്കറ്റ്‌ കീപ്പറായതിനാല്‍ സഞ്‌ജുവിനെ നിലനിര്‍ത്തും.

ഇതിനിടയില്‍ സഞ്ജുവിന്റെ പ്രകടനം സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ ബൗളിങ് കോച്ച് മോണി മോർക്കൽ. സഞ്ജുവിന് അടുത്തുതന്നെ പഴയ ഫോം കണ്ടെത്താൻ സാധിക്കുമെന്ന് മോർക്കൽ പ്രതികരിച്ചു. ഫോം താത്കാലികമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഞങ്ങൾ ലോകകപ്പിന് തയ്യാറെടുക്കുകയാണ്. ശരിയായ സമയത്ത് കളിക്കാർ അവരുടെ മികച്ച പ്രകടനം കണ്ടെത്തേണ്ടത് പ്രധാനമാണ്. അദ്ദേഹം നന്നായി പരിശീലനം നടത്തുന്നു. മികച്ച രീതിയിൽ പന്തിനെ നേരിടുന്നു. അതിനാൽ ഫോമിലേക്ക് മടങ്ങിയെത്താൻ ചുരുങ്ങിയ സമയം മാത്രമേ വേണ്ടൂ.- മോർക്കൽ പറഞ്ഞു. അതേസമയം പ്രധാന ശ്രദ്ധ ടീമിന്റെ വിജയമാണെന്നും മോർക്കൽ കൂട്ടിച്ചേർത്തു.

ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഞങ്ങൾക്ക് കുറച്ച് മത്സരങ്ങൾ കൂടിയുണ്ട്. സഞ്ജുവിന് ഫോം കണ്ടെത്താനും റൺസ് നേടാനും കഴിയുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.”- അദ്ദേഹം കൂട്ടിച്ചേർത്തു. ആഴ്ചകൾക്കപ്പുറം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ റിഹേഴ്‌സലാണ് ഈ പരമ്പര. അതിനാൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് പ്ലേയിങ് ഇലവനിൽ നിലനിൽക്കാൻ സഞ്ജുവിന് ആവശ്യമാണ്. 3 മത്സരങ്ങളിലും നിരാശപ്പെടുത്തിയതോടെ സഞ്ജുവിനെതിരേ സോഷ്യൽ മീഡിയയിലും പ്രതിഷേധമുണ്ട്.

2023 ല്‍ അവസാന ട്വന്റി20 കളിച്ച ന്യൂസിലന്‍ഡ്‌ പരമ്പരയിലോ ലോകകപ്പിനുള്ള ടീമിലോ ഇഷാന്‍ ഇടംപിടിച്ചിരുന്നില്ല. തിലക്‌ വര്‍മയ്‌ക്കു പരുക്കേറ്റതോടെയാണ്‌ ഇഷാന്‍ ടീമിലെത്തുന്നത്‌. മൂന്നാം നമ്പറായ ബാറ്റ്‌ ചെയ്യാന്‍ അവസരം കിട്ടിയതോടെ താരം നിറഞ്ഞാടി. മൂന്നാമത്തെ മത്സരത്തില്‍ 32 പന്തില്‍ 76 റണ്ണുമായി തിളങ്ങി.

ജസ്‌പ്രീത്‌ ബുംറയ്‌ക്കും രവി ബിഷ്‌ണോയിക്കും പകരം അര്‍ഷദീപ്‌ സിങും വരുണ്‍ ചക്രവര്‍ത്തിയും കളിച്ചേക്കാം. ന്യൂസിലന്‍ഡ്‌ നിരയില്‍ ജിമ്മി നീഷാമും ലൂകി ഫെര്‍ഗുസണും കളിച്ചേക്കാം. കെയ്‌ല്‍ ജാമിസണ്‍, ജേക്കബ്‌ ഡഫി എന്നിവര്‍ പുറത്തിരിക്കും.

സാധ്യതാ ടീം: ഇന്ത്യ – സഞ്‌ജു സാംസണ്‍, അഭിഷേക്‌ ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്‌ (നായകന്‍), ഹാര്‍ദിക്‌ പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്‌, ഹര്‍ഷിത്‌ റാണ, കുല്‍ദീപ്‌ യാദവ്‌, അര്‍ഷദീപ്‌ സിങ്‌, വരുണ്‍ ചക്രവര്‍ത്തി.
സാധ്യതാ ടീം: ന്യൂസിലന്‍ഡ്‌- ടിം സീഫര്‍ട്ട്‌, ഡെവണ്‍ കോണ്‍വേ, റാചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, മാര്‍ക്‌ ചാപ്‌മാന്‍, ജെയിംസ്‌ നീഷാം, മിച്ചല്‍ സാന്റ്‌നര്‍ (നായകന്‍), ലൂകി ഫെര്‍ഗുസണ്‍, ഇഷ്‌ സോധി.

2025 മുതല്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഓപ്പണര്‍ അഭിഷേക്‌ ശര്‍മയാണു ശ്രദ്ധാകേന്ദ്രം.202.20 സ്‌ട്രൈക്ക്‌ റേറ്റില്‍ കളിക്കുന്ന അഭിഷേക്‌ ഇതുവരെ 45.95 ശരാശരിയില്‍ 1011 റണ്ണെടുത്തു. എട്ട്‌ അര്‍ധ സെഞ്ചുറികളും കുറിച്ചു. 25 പന്തില്‍ 50 റണ്ണെടുത്തതാണ്‌ അതില്‍ ഏറ്റവും സമയമെടുത്തു നേടിയത്‌. ഐഎല്‍.ടി.20 ക്കിടെ പരുക്കേറ്റ പേസര്‍ ലൂകി ഫെര്‍ഗുസണ്‍ കളിക്കളത്തിലേക്കു തിരിച്ചെത്തുകയാണ്‌. ബിഗ്‌ ബാഷ്‌ ലീഗില്‍ സിഡ്‌നി തണ്ടറിന്റെ താരമായിരുന്നെങ്കിലും പരുക്കു കാരണം കളിക്കാനായില്ല. 2024 നവംബറിലാണ്‌ അവസാനം ന്യൂസിലന്‍ഡിനായി കളിച്ചത്‌.