നീണ്ട ഇടവേളയ്ക്ക് ശേഷം, ചെന്നൈയില്‍ നടക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്തയാഴ്ച കളത്തിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ്. ജൂലൈയില്‍ രാഹുല്‍ ദ്രാവിഡില്‍ നിന്ന് മുഖ്യപരിശീലകനായി ചുമതലയേറ്റ ശേഷം ഗംഭീറിന്റെ ആദ്യ ടെസ്റ്റ് അസൈന്‍മെന്റാണ് പരമ്പര. പക്ഷേ ആദ്യ മത്സരം ജയിക്കാനായാല്‍ ഇന്ത്യയ്ക്ക് അതൊരു വമ്പന്‍ നേട്ടമാകും.
ആദ്യ മത്സരത്തില്‍ തന്നെ വിജയിക്കാനായാല്‍ കണക്കിലെ കളികളിലും ഇന്ത്യയ്ക്ക് ഒരു നേട്ടമുണ്ടാകും. 1932ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഇന്ത്യ ഇതുവരെ 579 ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 178 മത്സരങ്ങള്‍ വീതം ജയിക്കുകയും അത്ര തന്നെ തോല്‍വിയും ഏറ്റുവാങ്ങിയിട്ടുണ്ട്. 222 മത്സരങ്ങള്‍ സമനിലയിലാകുകയും ഓസ്ട്രേലിയയുമായി നടന്ന ഒരു മത്സര ടൈ ആവുകയും ചെയ്തു. ചെന്നൈയില്‍ ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പിച്ചാല്‍ ഇന്ത്യയുടെ വിജയം 179 ആയി തോല്‍വികളുടെ കണക്കുകളെ മറികടക്കാനാകും. അതായത് 1932 ന് ശേഷം ആദ്യമായി ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തോല്‍വികളുടെ എണ്ണം രോഹിതും കൂട്ടരും മറികടക്കും. മുഖ്യപരിശീലകനെന്ന നിലയില്‍ ദ്രാവിഡിന്റെ അവസാന പരമ്പരയില്‍ ഈ വര്‍ഷമാദ്യം ഇന്ത്യ ഇംഗ്ലണ്ടിനെ 4-1ന് തകര്‍ത്തു.
ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഉള്‍പ്പെടെ കഠിനമായ 10 മത്സരങ്ങളുടെ ടെസ്റ്റ് സീസണിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. സുപ്രധാന വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റുകളുടെ കാര്യത്തിലും ഈ മത്സരം നിര്‍ണ്ണായകമാകും. ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയയില്‍ ഗവാസ്‌കര്‍ പരമ്പര കൂടി വരാനിരിക്കെ. നിലവില്‍ 68.52 ശതമാനം പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്. 62.50 ശതമാനം പോയിന്റുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും.
ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാനെതിരായ 10 വിക്കറ്റിന്റെ വിജയവും രണ്ടാം ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ലിറ്റണ്‍ ദാസ് സെഞ്ച്വറി നേടിയതിന്റെ വിസ്മയിപ്പിക്കുന്ന പോരാട്ടവും പിന്തുടര്‍ന്ന് മറ്റൊരു വിജയവും നേടിയ ബംഗ്‌ളാദേശ് 45.83 ശതമാനം പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പരമ്പരയിലെ രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്കില്‍ നടക്കും.