Crime

ഹോട്ടലില്‍ മുറി മാറി മുട്ടി ; മദ്യലഹരിയില്‍ യുവാക്കള്‍ യുവതിയെ രാത്രി മുഴുവന്‍ കൂട്ടബലാത്സംഗം ചെയ്തു, രക്ഷപ്പെട്ടത് പുലര്‍ച്ചെ

മുംബൈ: അബദ്ധത്തില്‍ ഹോട്ടല്‍മുറി മാറി മുട്ടിയ യുവതിയെ അവിടെ മദ്യപിച്ചിരുന്ന യുവാക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറി (പഴയ ഔറംഗാബാദ്) ലാണ് സംഭവം.

സ്വകാര്യ ആശുപത്രി ജീവനക്കാരിയായ 30 വയസുകാരി ഛത്രപതി സംഭാജി നഗറിലെ ഹോട്ടലില്‍ 105-ാം നമ്പര്‍ മുറിയില്‍ താമസിക്കുന്ന സുഹൃത്തിനെ കാണാന്‍ എത്തിയതായിരുന്നു. സുഹൃത്തിന്റെ മുറിയില്‍നിന്ന് ഇറങ്ങിയ ഇവര്‍ അബദ്ധത്തില്‍ രണ്ടാം നിലയിലെത്തി. സുഹൃത്തിന്റെ മുറിയെന്നു തെറ്റിധരിച്ച് യുവതി 205-ാം നമ്പര്‍ മുറിയുടെ വാതിലില്‍ മുട്ടി.

ഇവിടെ മദ്യപിച്ചിരിക്കുകയായിരുന്നു ഘനശ്യാം ഭൗലാല്‍ റാത്തോഡ്, ഋഷികേശ് തുളസിറാം ചവാന്‍, കിരണ്‍ ലക്ഷ്മണ്‍ റാത്തോഡ് എന്നിവരുടെ മൂന്നംഗ സംഘം. വാതില്‍ തുറന്നപ്പോള്‍, താന്‍ എവിടെ എത്തിയെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായ യുവതിയെ കണ്ടു. പ്രതികള്‍ അവളെ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി അവരോടൊപ്പം മദ്യപിക്കാന്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന് രാത്രി മുഴുവന്‍ കൂട്ടബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെടുന്നു. പുലര്‍ച്ചെ നാലോടെ യുവതി സംഘത്തിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ടു. നിലവിളിച്ചുകൊണ്ട് മുറിയില്‍ നിന്ന് പുറത്തേക്ക് ഓടിയ യുവതി വേദാന്ത് നഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് ഉടനടി നടപടി സ്വീകരിച്ചു. സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അവര്‍ മൂന്ന് മണിക്കൂറിനുള്ളില്‍ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു.