ദുര്‍ഗ്ഗാപൂജ ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ കോണുകളിലും ആഘോഷിക്കപ്പെടുന്ന ഒരു ഉത്സവമാണ്. ഇന്ത്യന്‍ സമൂഹം എവിടെയുണ്ടോ, അവിടെയെല്ലാം പൂജയുടെ ചൈതന്യവുമുണ്ട്. അമേരിക്ക, യുകെ, തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ദുര്‍ഗ്ഗാപൂജയുടെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും, കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും പൂജ ആഘോഷിക്കപ്പെടുന്നുണ്ടെന്ന് അധികമാര്‍ക്കും അറിയില്ല. ദക്ഷിണ കൊറിയയില്‍ ഉയിജോങ്ബുലും, ജപ്പാനില്‍ ടോക്കിയോയിലുമാണ് ആഘോഷങ്ങള്‍ നടക്കുന്നത്.
മറ്റ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാനെ വേറിട്ടുനിര്‍ത്തുന്ന ചില കാര്യങ്ങളുണ്ട്. ടോക്കിയോയിലെ കോട്ടോ-കു പ്രദേശത്ത്, സോംദത്ത ബാനര്‍ജി എന്ന വനിതാ പുരോഹിതയാണ് ദുര്‍ഗ്ഗാപൂജയുടെ കാര്‍മ്മികത്വം വഹിക്കുന്നത്. ജപ്പാനില്‍ ദുര്‍ഗ്ഗാപൂജ സംഘടിപ്പിക്കുന്ന ഇന്ത്യ ബംഗാള്‍ കള്‍ച്ചറല്‍ അസോസിയേഷന് ജപ്പാന് എന്ന സംഘടനയിലെ അംഗമാണ് അവര്‍. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അവര്‍ ആദ്യമായി പൂജ ആരംഭിച്ചത്. ഒരു വനിതാ പുരോഹിതയാണ് പൂജ നടത്തുന്നത് എന്നതിലാണ് അവരുടെ പ്രത്യേകത.
സ്നേഹത്തോടെ അവരെ ‘സെന്‍സെ’ എന്നാണ് വിളിക്കുന്നത്, ജാപ്പനീസ് ഭാഷയില്‍ ‘അധ്യാപകന്’ എന്നാണ് ഈ വാക്കിനര്‍ത്ഥം. പശ്ചിമബംഗാളിലെ ശാന്തിനികേതനില്‍ ജനിച്ചുവളര്‍ന്ന സോംദത്ത അഞ്ച് വര്‍ഷം മുന്‍പാണ് ടോക്കിയോയിലേക്ക് താമസം മാറിയത്.
തന്റെ മുത്തച്ഛനും മറ്റ് പുരുഷന്മാരും മാത്രമാണ് ദുര്‍ഗ്ഗാപൂജ ചെയ്യുന്നത് എന്നതു കണ്ടപ്പോള്‍ അവര്‍ക്കത് ശരിയായി തോന്നിയില്ല. ‘സ്ത്രീകള്‍ സഹായികള്‍ മാത്രമായിരുന്നു, എന്തുകൊണ്ടാണ് പുരുഷന്മാര് മാത്രം? സ്ത്രീകള്‍ക്ക് പുരോഹിതരാകാന്‍ കഴിയാത്തത് എന്തുകൊണ്ട്?” എന്ന് അവര്‍ ചിന്തിച്ചു. ‘ദൈവത്തിന്റെ കണ്ണില്‍ എല്ലാവരും തുല്യരാണ്. എന്നെ സംബന്ധിച്ചിടത്തോളം, ഭക്തി എന്നത് അന്ധവിശ്വാസങ്ങള്‍ക്കും അതിരുകള്‍ക്കും അപ്പുറമാണ്,’ അവര്‍ പറയുന്നു. ആചാരങ്ങളുടെ കാര്യത്തിലും, ആര്‍ത്തവ സമയത്ത് ഒരു സ്ത്രീ പൂജ ചെയ്യുന്നതില്‍ അവര്‍ യാതൊരു വിവേചനവും കാണിക്കാറില്ല.
വിജയദശമി ദിനത്തില്‍ വിവാഹിതരായ സ്ത്രീകള്‍ മാത്രം ദേവിയുടെ വിഗ്രഹത്തില്‍ സിന്ദൂരം ചാര്‍ത്തുന്ന ‘ബാരന്’ എന്ന ഒരു ആചാരമുണ്ട്; എന്നാല്‍ അവിവാഹിതകളായ സ്ത്രീകള്‍ക്കും വിധവകള്‍ക്കും ഈ ചടങ്ങ് ചെയ്യാന്‍ സാധാരണയായി അനുവാദമില്ല. എന്നാല്‍ സോംദത്ത ഇതിനെക്കുറിച്ച് വ്യക്തമായി പറയുന്നത് ഇങ്ങനെയാണ്, ‘നിങ്ങള്‍ അവിവാഹിതയായതുകൊണ്ട് പൂജ ചെയ്യാന്‍ പാടില്ലെന്ന് ദൈവം ഒരിക്കലും പറയില്ല. പൂജയുടെ സാരം ഭക്തിയാണ്, അല്ലാതെ ഒരാളുടെ വൈവാഹിക നിലയല്ല.’
ജപ്പാനിലെ ഏറ്റവും പഴക്കമുള്ള പൂജക്ക് തുടക്കം കുറിച്ചത് ജനറല്‍ ഇന്‍കോര്‍പ്പറേറ്റഡ് അസോസിയേഷന്, ബംഗാളി അസോസിയേഷന് ഓഫ് ടോക്കിയോ എന്ന സംഘടനയാണ്്. 2024 ഡിസംബര്‍ വരെ, ടോക്കിയോയിലെ ഇന്ത്യന്‍ എംബസിയുടെ കണക്കനുസരിച്ച് ഏകദേശം 53,974 ഇന്ത്യന്‍ പൗരന്മാരാണ് ജപ്പാനില്‍ താമസിക്കുന്നത്. നേപ്പാളി, ബര്‍മ്മീസ് പൗരന്മാര് കഴിഞ്ഞാല്‍ രാജ്യത്തെ മൂന്നാമത്തെ വലിയ വിദേശ ദക്ഷിണേഷ്യന്‍ ജനസംഖ്യയും ഇവരുടേതാണ്.




