Celebrity

സത്യത്തില്‍ അത് കുഞ്ഞിന്റെ ഇന്‍സെക്യൂരിറ്റി കൂട്ടിയതേയുള്ളൂ; അശ്വതി ശ്രീകാന്ത് പറയുന്നു

അവതരണ രീതി കൊണ്ടു തന്നെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയ ആയ അവതാരകമാരില്‍ ഒരാളാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന സീരിയലിലൂടെ അഭിനയ ജീവിതത്തിലേക്കും അശ്വതി ചുവട് വെച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ വരവും സുന്ദര നിമിഷങ്ങളുമൊക്കെ അശ്വതി തന്റെ യൂട്യൂബ് ചാനലായ ലൈഫ് അണ്‍ എഡിറ്റഡിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.മക്കളുടെ കാര്യങ്ങളുടെ വിശേഷങ്ങളെല്ലാം അശ്വതി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ ഇളയമകള്‍ കമലയുടെ രസകരമായ വീഡിയോയാണ് അശ്വതി പങ്കുവെച്ചിരിയ്ക്കുന്നത്.

ഷൂട്ടിംഗിനായി പോകാന്‍ ഇറങ്ങുമ്പോള്‍ പോകേണ്ടയെന്ന് പറഞ്ഞ് ഡോറിന് മുന്നില്‍ നില്‍ക്കുകയാണ് കമല. ജോലിയ്ക്ക് പോയിട്ട് പെട്ടെന്ന് തിരിച്ചു വരാം എന്നു പറയുമ്പോള്‍ ഇച്ചിരി നേരം പോയിട്ട് തിരിച്ചു വരണം എന്ന നിബന്ധനയില്‍ കമല അശ്വതിയെ പോകാന്‍ അനുവദിയ്ക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിയ്ക്കുന്നത്. എന്നാല്‍ മൂത്ത മകള്‍ പദ്മയുടെ കാര്യത്തില്‍ ഇത് തനിക്ക് പാലിക്കാന്‍ കഴിഞ്ഞില്ല, അത് അവളെ ഇന്‍സെക്യുര്‍ ആക്കി എന്ന് അശ്വതി പറയുന്നു.” പദ്മ കുഞ്ഞായിരിക്കുമ്പോള്‍ ഒളിച്ചും പാത്തുമാണ് വീട്ടില്‍ നിന്ന് ഞാന്‍ പുറത്തു കടന്നിരുന്നത്. കണ്ടാല്‍ നിലവിളിക്കുമെന്ന് ഉറപ്പാണ്. അത് കണ്ടിട്ട് പോകാന്‍ എനിക്കും സങ്കടമാണ്, മാനേജ് ചെയ്യാന്‍ വീട്ടില്‍ ഉള്ളവര്‍ക്കും ബുദ്ധിമുട്ടാണ്. അതുകൊണ്ട് പോകാന്‍ ഒരുങ്ങുമ്പോഴേ ആരെങ്കിലും അവളെ എന്റെ അടുത്ത് നിന്ന് മാറ്റും. സത്യത്തില്‍ അത് കുഞ്ഞിന്റെ ഇന്‍സെക്യൂരിറ്റി കൂട്ടിയതേയുള്ളൂ.

പിന്നെ എന്നെ കാണുമ്പോള്‍ അവള്‍ കൂടുതല്‍ വഴക്കാളിയായി. അടുത്ത് നിന്ന് മാറിയാലോ ഉറങ്ങിപ്പോയാലോ അമ്മ പൊയ്ക്കളയുമെന്ന് പേടിച്ചവള്‍ കൂടുതല്‍ കൂടുതല്‍ ഒട്ടിപ്പിടിച്ചു. അത് കൊണ്ട് രണ്ടാമത്തവള്‍ വന്നപ്പോള്‍ സ്ട്രാറ്റജി മാറ്റി. പോകുമ്പോള്‍ പറഞ്ഞിട്ടേ പോകൂ. കരഞ്ഞാലും മുന്നിലൂടെ തന്നെ പോകും. തിരിച്ചു വരുമെന്ന് ഉറപ്പ് കൊടുക്കും. ഇപ്പോള്‍ ഞാന്‍ എവിടെ പോയാലും തിരിച്ചു വരുമെന്ന് അവള്‍ക്ക് ഉറപ്പാണ്.

ഞാന്‍ വീട്ടിലുള്ളപ്പോഴും എന്റെ അടുത്ത് നിന്ന് മാറാന്‍ അവള്‍ക്ക് വിശ്വാസക്കുറവില്ല. എന്നാല്‍ പത്തു വയസ്സുള്ള പദ്മ ഇപ്പോഴും കുളിക്കാന്‍ പോകുമ്പോള്‍ പോലും പറയും ‘അമ്മ ഞാന്‍ വന്നിട്ടേ പോകാവൊള്ളേ’ ന്ന്.” – അശ്വതി പറയുന്നു.കമ്യൂണിക്കേഷന്‍ വളരെ പ്രധാനമാണെന്നാണ് അശ്വതി പറയുന്നത്. മക്കള്‍ക്ക് സുരക്ഷിതത്വം തോന്നുന്നതിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് വിശ്വാസം. ഈ വിശ്വാസ ബോധം പഠനം, സാമൂഹിക കഴിവുകള്‍, പൊരുത്തപ്പെടുത്തല്‍, വൈകാരിക വികസനം എന്നിവയ്ക്ക് അടിത്തറയിടുന്നുവെന്നും അശ്വതി പറയുന്നു.

https://www.instagram.com/reel/C0sxDVbhemD/?utm_source=ig_web_copy_link&igshid=MjM0N2Q2NDBjYg==