Crime

മാട്രിമോണിയല്‍ സൈറ്റ് വഴി ഐഐഎം ബിരുദധാരി വഞ്ചിച്ചത് 20 സ്ത്രീകളെ

മാട്രിമോണിയല്‍ സൈറ്റുകള്‍വഴി സമ്പന്നരായ 20 ലധികം സ്ത്രീകളോട് വ്യാജവിവാഹാലോചന നടത്തിയ ഐഐഎം ബിരുദധാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രേറ്റര്‍ നോയ്ഡയില്‍നിന്നും രാഹുല്‍ ചതുര്‍വേദി എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. പേരും പെരുമയുമുള്ള ഒരു കമ്പനിയുടെ റീജിയണല്‍ മാനേജര്‍ പദവിയിലിരിക്കുന്നയാള്‍ എന്ന വ്യാജേനെ ഇയാള്‍ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള സ്ത്രീകളെ മാട്രിമോണിയല്‍ സൈറ്റ് വഴി കണ്ടെത്തുകയും വിവാഹം കഴിക്കാനെന്ന വ്യാജേനെ മോഹിപ്പിച്ച് വഞ്ചിക്കുകയുമായിരുന്നു.

താന്‍ തികച്ചും മാന്യനാണെന്ന് വരുത്താന്‍ മാട്രിമോണിയല്‍ സൈറ്റിലെ പ്രീമിയം അക്കൗണ്ടുകളായിരുന്നു ഇയാള്‍ ഉപയോഗിച്ചിരുന്നത്. സ്ത്രീകളെ പെട്ടെന്ന് ആകര്‍ഷിക്കുന്നതും അവരുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിയുന്നതുമായ രീതിയിലുള്ള പ്രൊഫൈലാണ് സൈറ്റില്‍ നല്‍കിയിരുന്നത്. വ്യാജ സാലറി സ്‌ളിപ്പും വിവാഹവാഗ്ദാനങ്ങളും ഇയാള്‍ നടത്തിയിരുന്നതായി നോയ്ഡ പോലീസ് പറയുന്നു. പെണ്‍കുട്ടികളോട് മാത്രമല്ല, അവരുടെ കുടുംബങ്ങളുമായും ഇയാള്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്നു.

തന്റെ പദ്ധതിയെ മുന്നോട്ട് കൊണ്ടുപോകാന്‍, ഇരകളുടെ കുടുംബങ്ങളുമായുള്ള തന്റെ പിതാവിന്റെ ശബ്ദം അനുകരിച്ച് ചതുര്‍വേദി ആള്‍മാറാട്ടം പോലും നടത്തി. ഇയാളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്ന ബിസ്രാഖ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മറ്റ് ഇരകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും തിരിച്ചറിയുന്നതിനുമായി ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്.

അതേസമയം കഴിഞ്ഞയാഴ്ച പല സംസ്ഥാനങ്ങളിലായി 50 ലധികം സ്ത്രീകളെ കബളിപ്പിച്ചതിനാണ് ഒരാള്‍ അറസ്റ്റിലായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനെ മാട്രിമോണിയല്‍ സൈറ്റുകള്‍ ഉപയോഗിച്ച് അവിവാഹിതരെയും വിധവകളെയും വിവാഹമോചിതരായ സ്ത്രീകളെയുമെല്ലാം ഇയാള്‍ വലയിലാക്കിയിരുന്നു. വിലകൂടിയ സമ്മാനങ്ങളും വിമാന ടിക്കറ്റുകളും വാങ്ങാനെന്ന് വിശ്വസിപ്പിച്ച് പണവും വിവിധ നഗരങ്ങളിലേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റുകളും ഇയാള്‍ സ്വന്തമാക്കിയരുന്നതായിട്ടാണ് റിപ്പോര്‍ട്ട്.