Lifestyle

സ്പ്രേകള്‍ പരീക്ഷിച്ച് മടുത്തോ? ഒറ്റ പൈസ ചിലവാക്കാതെ പാറ്റയെ പമ്പ കടത്താം

വീടുകളില്‍ ശല്യക്കാരനായ ജീവികളില്‍ പ്രധാനിയാണ് പാറ്റ. പാറ്റയെ തുരത്തുന്നതിനായി പല അടവുകളും പയറ്റി പരാജയപ്പെട്ടവരായിരിക്കാം നിങ്ങള്‍. അതിനായി പരസ്യങ്ങളില്‍ കാണുന്ന പല സ്പ്രേകളും പരീക്ഷിച്ച് നിങ്ങള്‍ മടുത്തുവെങ്കില്‍ നമ്മുടെ അടുക്കളയില്‍ സ്ഥിരമായി ഉണ്ടാകുന്നതും വലിച്ചെറിയുന്നതുമായ ചില സാധനങ്ങള്‍ ഉപയോഗിച്ച് കൊണ്ട് പാറ്റയെ ഓടിക്കാം.

കറികളില്‍ രുചി പകരുന്നതിനായി ഉപയോഗിക്കുന്ന പുതിന പാറ്റകള്‍ക്ക് അത്ര ഇഷ്ടമല്ല. ഇവയുടെ രൂക്ഷമായ ഗന്ധം പാറ്റകളെ ഓടിക്കും. പുതിന ഇലകള്‍ ഒരു തുണി സഞ്ചിയില്‍ കെട്ടി അടുക്കളയില്‍ വയ്ക്കുക, പാറ്റകള്‍ വരില്ല.

സിട്രസ് പഴങ്ങളുടെ മണവും പാറ്റകള്‍ സഹിക്കാനാവില്ല. വീട്ടിലെ വിള്ളലുകള്‍ ദ്വാരങ്ങള്‍, അടുക്കള, സിങ്ക് തുടങ്ങിയ ഭാഗങ്ങളില്‍ ഇവയുടെ തൊലി സൂക്ഷിക്കുന്നത് പാറ്റകളെ തുരത്തും. പാറ്റയെ തുരത്താന്‍ സഹായിക്കുന്ന കാര്‍വാക്രോള്‍ എന്ന രാസവസ്തു തൈമിലുണ്ട്. തൈം എസന്‍ഷ്യല്‍ ഓയില്‍ നേര്‍പ്പിച്ച് വീടിനുള്ളില്‍ പാറ്റകള്‍ വരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ഒരു സ്പ്രേയായി ഉപയോഗിക്കാം.

വെളുത്തുള്ളിയുടെ ഗന്ധവും പാറ്റകളെ ഓടിക്കാന്‍ സഹായിക്കും. ഇതിലെ എസന്‍ഷ്യല്‍ ഓയിലില്‍ കാണപ്പെടുന്ന എ സാറ്റിവം സംയുക്തം 96.76% ഫലപ്രപ്തിയോടെ പാറ്റകളുടെ മുട്ടകള്‍ നശിപ്പിക്കുന്നതിന് സഹായകമാകും.

തുളസി എല്ലാ തരത്തിലുള്ള പ്രാണികളെയും അകറ്റി നിര്‍ത്തുന്നതിനുള്ള ഒരു ഗന്ധം പുറപ്പെടിവിക്കുന്നുണ്ട്. പാറ്റകള്‍ക്ക് പുറമേ, ഈച്ചകള്‍ കൊതുക് എന്നിവയെ തുരത്താന്‍ നമ്മള്‍ തുളസി ഉപയോഗിക്കാറുണ്ട്. ഇവ കൂടാതെ, പൈന്‍, ലാവണ്ടര്‍, പെപ്പര്‍മിന്റ്, യൂക്കാലിപ്റ്റസ്, ടീ ട്രീ ഓയില്‍, ബേ ഇലകള്‍, കറുവപ്പട്ട, റോസ്മേരി എന്നിവയുടെ ഗന്ധവും പാറ്റയെ അകറ്റും.