ഇന്ത്യാ – അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ അവിസ്മരണീയമായ പ്രകടനം നടത്തിയത് നായകന്‍ രോഹിത് ശര്‍മ്മ ആയിരുന്നെങ്കിലും അഫ്ഗാനിസ്ഥാന്റെ പേരാട്ടവീര്യത്തെ ശരിക്കും തടയിട്ടത് മുന്‍ നായകന്‍ വിരാട് കോഹ്ലി ആയിരുന്നു. വെറും ആറു റണ്‍സ് എടുത്താല്‍ ടി20 യിലെ ഫോര്‍മാറ്റില്‍ 12,000 റണ്‍സ് ആകുമായിരുന്ന കോഹ്ലിക്ക് പക്ഷേ ലക്ഷ്യം നേടാനായില്ല. പൂജ്യത്തിന് പുറത്തായി.
എന്നാല്‍ അഫ്ഗാന്‍ ബാറ്റിംഗിനിടയില്‍ കോഹ്ലി നടത്തിയ ഒരു ഉജ്വലമായ ഫീല്‍ഡിംഗ് ഇല്ലായിരുന്നെങ്കില്‍ അഫ്ഗാനെ സമനിലയില്‍ തളച്ച് സൂപ്പര്‍ ഓവര്‍ ഘട്ടത്തില്‍ എത്തിക്കാന്‍ ഇന്ത്യയ്ക്ക് കഴിയാതെ പോകുമായിരുന്നു. അഫ്ഗാനിസ്ഥാന്റെ ബാറ്റിംഗിനിടയില്‍ 17-ാം ഓവറിലായിരുന്നു അത്. ഓഫ് സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറിനെതിരെ കരീം ജനത് ലോംഗ്-ഓണിന് മുകളിലൂടെ ബൗണ്ടറിയിലേക്ക് കൂറ്റന്‍ ഷോട്ടിനു ശ്രമിച്ചു. പന്ത് അതിര്‍ത്തി കടക്കുമെന്ന് തോന്നിയ ഘട്ടത്തില്‍ കോഹ്ലി അവിശ്വസനീയമായ ഒരു കുതിപ്പ് നടത്തി.
ചാടി ഉയര്‍ന്ന കോഹ്ലി പന്ത് കയ്യിലാക്കുകയും ചെയ്തു. എന്നാല്‍ താന്‍ ബൗണ്ടറി ലൈന്‍ കടക്കുമെന്ന് വ്യക്തമായ കോഹ്ലി പന്ത് കളത്തിനകത്തേക്ക് എറിഞ്ഞ ശേഷം പുറത്തേക്ക് വീണു. ആ പന്തില്‍ അഫ്ഗാനിസ്ഥാന് കിട്ടിയത് ഒരു റണ്‍സ് മാത്രമായിരുന്നു. അദ്ദേഹത്തിന്റെ അസാധാരണമായ പ്രയത്നം ടീമിന് ഉറപ്പായ അഞ്ച് റണ്‍സ് രക്ഷിച്ചു. കോഹ്ലിയുടെ നീക്കം ആരാധകരെ മാത്രമല്ല ഡഗൗട്ടില്‍ ഇരുന്ന ഇന്ത്യന്‍ സഹതാരങ്ങളെയും അഫ്ഗാനിസ്ഥാന്റെ താരങ്ങളെയും വരെ വിസ്മയിപ്പിച്ചു കളഞ്ഞു.
അവസാന ടി20യില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ നാടകീയമായ രണ്ടാം സൂപ്പര്‍ ഓവറില്‍ വിജയിക്കുകയും പരമ്പര 3-0 ന് ജയിക്കുകയും ചെയ്തു. മൊഹാലിയിലും ഇന്‍ഡോറിലും മുമ്പത്തെ വിജയങ്ങളുമായി ആതിഥേയ ടീം നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരിക്കെ, എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരം തീവ്രമായ നാടകത്തിന്റെ രാത്രിയായി വികസിച്ചു.
ഇന്ത്യയുടെ 212/4 എന്ന സ്‌കോറിന് മറുപടി നല്‍കിയ അഫ്ഗാനിസ്ഥാന്‍ സ്‌കോര്‍ 212/6 എന്ന നിലയില്‍ സമനിലയിലാക്കി. ആദ്യ സൂപ്പര്‍ ഓവറില്‍ അഫ്ഗാനിസ്ഥാന്‍ 16/1 എന്ന സ്‌കോര്‍ ഇന്ത്യയ്ക്കൊപ്പമെത്തിയപ്പോള്‍. രണ്ടാം സൂപ്പര്‍ ഓവറില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയും 11/2 സ്‌കോര്‍ ചെയ്യുകയും ചെയ്തു, സ്പിന്നര്‍ രവി ബിഷ്നോയ് മൂന്ന് പന്തില്‍ രണ്ട് വിക്കറ്റിന് ഒരു റണ്‍സ് മാത്രം വഴങ്ങി വിജയം ഉറപ്പാക്കി.