ഇപ്പോഴും പോര്‍ച്ചുഗലിന്റെ ഏറ്റവും മികച്ച ഗോള്‍ സ്‌കോറിംഗ് മെഷീന്‍ താന്‍ തന്നെയാണെന്ന് അടിവരയിടുന്ന പ്രകടനമാണ് താരം കഴിഞ്ഞ മത്സരത്തിലും കാട്ടിയത്. പോര്‍ച്ചുഗല്‍ 3-2 ന് വിജയിച്ച സ്ലൊവാക്യയ്ക്കെതിരെ നടന്ന യൂറോ യോഗ്യതാ മത്സരത്തില്‍ ഇരട്ടഗോള്‍ നേടിയാണ് താരം അത് തെളിയിച്ചത്.
അടുത്ത വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന യൂറോകപ്പില്‍ താന്‍ പോര്‍ച്ചുഗല്‍ ടീമില്‍ ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ക്രിസ്ത്യാനോയുടെ വിരമിക്കലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൂരോഗമിക്കുമ്പോഴാണ് അതിന് ഉടന്‍ സാധ്യതയില്ലെന്ന് വ്യക്തമാക്കി താരമെത്തിയത്.
”ഇനിയും ഒരുപാട് സമയം ബാക്കിയുള്ളതിനാല്‍ ഞാന്‍ യൂറോ 2024-ല്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എനിക്ക് പ്രശ്നമോ പരിക്കോ ഉണ്ടാകില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, കളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.” ഗോളിനോട് റൊണാള്‍ഡോ പറഞ്ഞു.
ജൂണ്‍ 14 മുതല്‍ ആരംഭിക്കാനിരിക്കുന്ന യൂറോ 2024 ടൂര്‍ണമെന്റിലേക്കുള്ള യോഗ്യത കൂടിയാണ് സ്‌ളോവാക്യയ്‌ക്കെതിരേ പോര്‍ച്ചുഗല്‍ 3-2 ന് ജയിച്ചപ്പോള്‍ ഉറപ്പിച്ചത്. ‘ഞാന്‍ നേരത്തെ പോര്‍ച്ചുഗല്‍ വിട്ടു, പക്ഷേ അത് എപ്പോഴും എന്റെ വീടായിരിക്കും. പോര്‍ച്ചുഗലിലെ എല്ലാ സ്റ്റേഡിയത്തിലും അവര്‍ എന്നെ പിന്തുണയ്ക്കുന്നു. അവര്‍ ഞങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തിന് പോര്‍ച്ചുഗീസുകാരെയും അഭിനന്ദിക്കണം, ഈ യോഗ്യത അവരുടേത് കൂടിയാണ്.” റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഗ്രൂപ്പിലെ അപ്രധാന മത്സരത്തില്‍ അടുത്തതായി പോര്‍ച്ചുഗല്‍ ഇനി ബോസ്‌നിയയിലേക്ക് പോകും. ഈ മത്സരത്തിനും താനുണ്ടാകുമെന്ന് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം പറഞ്ഞു. ”തീര്‍ച്ചയായും, ഞാന്‍ ബോസ്‌നിയയിലേക്ക് പോകും. പക്ഷേ കളിക്കാന്‍ ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യം തീരുമാനിക്കുക പരിശീലകനായിരിക്കും. ദേശീയ ടീമിനെ സഹായിക്കാന്‍ ഞാന്‍ എപ്പോഴും സജ്ജനാണ്. പരിശീലകന്‍ ആഗ്രഹിക്കുന്നത് എന്താണോ അതു നല്‍കാന്‍ താന്‍ സന്നദ്ധനാണ്.” താരം പ്രതികരിച്ചു.