ലോകത്തെ ഏറ്റവും കഠിനമായ മത്സരങ്ങളിലൊന്നായിട്ടാണ് ‘മാരത്തോണ്‍ ഡെ സാബ്ളസി’ നെ വിലയിരുത്തുന്നത്. സഹാറ മരുഭൂമിയിലൂടെ 155 മൈല്‍ ദൂരം താണ്ടുന്ന മാരത്തോണ്‍ ആറ് ദിവസമാണ് നടക്കുന്നത്. മത്സരം നടക്കുന്ന ഭൂപ്രദേശം വളരെ വെല്ലുവിളി നിറഞ്ഞതും മാരകവും ആയതിനാലാണ് ഇതിനെ ലോകത്തെ ഏറ്റവും കാഠിന്യമേറിയ ഒന്നായി കണക്കാക്കുന്നത്. മരിക്കുകയാണെങ്കില്‍ മൃതദേഹം എവിടെ എത്തിക്കണം എന്ന ഫോറം വരെ പൂരിപ്പിച്ച് നല്‍കിയാണ് ആള്‍ക്കാര്‍ മത്സരിക്കേണ്ടത്.
ഒരു മുന്‍ പോലീസ് ഓഫീസറും ഒളിമ്പിക് പെന്റാത്‌ലണ്‍ താരവുമായ മൗറോ പ്രോസ്പെരി തന്റെ മുപ്പത്തൊമ്പതാം വയസ്സില്‍ 1994ല്‍ മാരത്തോണില്‍ പങ്കെടുത്തത് ചരിത്രമാണ്. ഓട്ടത്തിനിടെ അപ്രതീക്ഷിതമായ സാഹചര്യത്തില്‍ പെട്ടുപോകുകയും അസാമാന്യമായ മനക്കരുത്തിലും ബുദ്ധിയിലും മരണത്തെ മറികടന്ന പ്രോസ്‌പെരിയുടെ ജീവിതം നമ്മെ ഞെട്ടിക്കും.
മത്സരത്തിനിറങ്ങും മുമ്പേ നിര്‍ജ്ജലീകരണം നേരിടാന്‍ തയ്യാറെടുക്കുന്നതിനായി പ്രോസ്പെരി ദിവസവും 25 മൈല്‍ ഓടുകയും കുറഞ്ഞ വെള്ളം മാത്രം കുടിച്ച് പരിശീലിക്കുകയും ചെയ്തു. മത്സരം മൊറോക്കോയില്‍ നിന്ന് ആരംഭിച്ചു. തുടക്കത്തില്‍ എല്ലാം നല്ലരീതിയില്‍ പോയെങ്കിലും നാലാം ദിവസം മുതല്‍ പ്രതിസന്ധി മുഖാമുഖം വരാന്‍ തുടങ്ങി.
ആദ്യ പ്രശ്നം ശക്തമായ മണല്‍ക്കാറ്റ് ആയിരുന്നു. കാറ്റ് പെട്ടെന്ന് വന്ന് അദ്ദേഹത്തെ മൂടി, മണല്‍ത്തരികള്‍ ‘സൂചിമഴ പോലെ’ മുഖത്തടിച്ചു. അദ്ദേഹം ഒരു മറവില്‍ കുനിഞ്ഞിരുന്ന് കാറ്റ് തീരുന്നത് വരെ കാത്തു. മണിക്കൂറുകളോളം ആ മണല്‍ക്കാറ്റ് തുടര്‍ന്നു. അടുത്ത ദിവസം രാവിലെ മണലില്‍ ഉറക്കമുണര്‍ന്നപ്പോള്‍ പ്രോസ്പെരിക്ക് വഴി മനസ്സിലാക്കാന്‍ കഴിഞ്ഞില്ല, കാരണം മണല്‍ക്കാറ്റ് ഭൂപ്രദേശത്തിന്റെ രൂപം മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ കൈയില്‍ ഒരു കോമ്പസും ഭൂപടവും ഉണ്ടായിരുന്നു,
പക്ഷേ വഴികണ്ടെത്താന്‍ സാധിച്ചില്ല. ആ സമയം അദ്ദേഹത്തിന്റെ ബാഗില്‍ ആവശ്യത്തിന് ഉണങ്ങിയ ഭക്ഷണമുണ്ടായിരുന്നു. പക്ഷേ, അര കുപ്പി വെള്ളം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ മൗറോ പ്രോസ്പെരി, മുന്‍കരുതലായി ഉടന്‍തന്നെ ഒരു ഒഴിഞ്ഞ കുപ്പിയില്‍ മൂത്രമൊഴിച്ചു, തന്റെ മുത്തച്ഛനില്‍ നിന്ന് പഠിച്ച ഒരു വിദ്യയായിരുന്നു അത്. കഴിയുന്നത്ര ഊര്‍ജ്ജം സംരക്ഷിച്ചുകൊണ്ട്, താപനില കുറഞ്ഞ അതിരാവിലെയും വൈകുന്നേരങ്ങളിലും മാത്രം അദ്ദേഹം നടന്നു.
വിശ്രമം ആവശ്യമുള്ളപ്പോള്‍, മറയുള്ള സ്ഥലങ്ങളില്‍ അദ്ദേഹം വിശ്രമിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, മരുഭൂമിയിലൂടെ യാത്ര ചെയ്യുന്ന ബെഡൂയിനുകള്‍ സാധാരണയായി ഉപയോഗിച്ചിരുന്ന ഒരു മുസ്ലീം ആരാധനാലയമായ മറാബൂത്തില്‍ പ്രോസ്പെരി എത്തി. പാകം ചെയ്ത തന്റെ റേഷനുകളില്‍ ചിലത് അദ്ദേഹം കഴിച്ചു. നാലാം ദിവസം മുതല്‍ കുപ്പിയിലാക്കിയ മൂത്രം കുടിക്കാനും തുടങ്ങി. ഒരു ഘട്ടത്തില്‍, ആരാധനാലയത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് വാവലുകളെ പിടിച്ച്, വിശപ്പടക്കാന്‍ അവ പച്ചയായി കഴിച്ചു.
പരമാവധി ശ്രമിച്ചിട്ടും തന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിയാതെ വന്നപ്പോള്‍ പ്രോസ്പെരി നിരാശയിലായി, കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തന്റെ മൃതദേഹം ആരാധനാലയത്തില്‍ നിന്ന് കണ്ടെത്താനും അതുവഴി ഭാര്യക്ക് പോലീസ് പെന്‍ഷന്‍ ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു. പക്ഷേ, അപ്പോഴേക്കും അദ്ദേഹത്തിന്റെ രക്തം കട്ടപിടിച്ചിരുന്നതിനാല്‍ പുറത്തേക്ക് വന്നില്ല. ഈ സംഭവം അതിജീവിക്കാനുള്ള ഒരു അടയാളമായി അദ്ദേഹം കണക്കാക്കി. തന്റെ യാത്ര ഏതാനും ദിവസങ്ങള്‍ കൂടി തുടര്‍ന്നു. പാമ്പുകളെയും പല്ലികളെയും പിടിച്ച് അതും പച്ചയായി കഴിച്ചു. പ്രോസ്പെരിക്ക് മൂത്രമൊഴിക്കാന്‍ പോലും കഴിയാത്തവിധം നിര്‍ജ്ജലീകരണം സംഭവിച്ചു.
കണ്ടെത്തിയ ചീരച്ചെടികളുടെ നീര് കുടിച്ചു. ഒമ്പതാം ദിവസം മൗറോ പ്രോസ്പെരി ഒടുവില്‍ ഒരു ബെര്‍ബര്‍ വാസസ്ഥലത്ത് എത്തിച്ചേര്‍ന്നു. അവിടെയുള്ള സ്ത്രീകള്‍ അദ്ദേഹത്തിന് ആട്ടിന്‍പാല്‍ നല്‍കി. പോലീസ് അദ്ദേഹത്തെ കൊണ്ടുപോയി സ്റ്റേഷനിലേയക്ക് കൊണ്ടുപോയി. അപ്പോഴാണ് താന്‍ യഥാര്‍ത്ഥത്തില്‍ എത്തേണ്ട സ്ഥലത്ത് നിന്ന് ഏകദേശം 181 മൈല്‍ അകലെയായി അള്‍ജീരിയ വരെ നടന്നെത്തിയെന്ന് പ്രോസ്പെരി മനസ്സിലാക്കിയത്. ഈ ആഘാതത്തില്‍നിന്ന് പൂര്‍ണ്ണമായി സുഖം പ്രാപിക്കാന്‍ അദ്ദേഹത്തിന് രണ്ട് വര്‍ഷമെടുത്തു. കഠിനമായ ഈ അനുഭവത്തിന് ശേഷവും, അദ്ദേഹം എട്ടിലധികം മരുഭൂമിയിലെ ഓട്ടമത്സരങ്ങളില്‍ പങ്കെടുത്തു.




