Celebrity

‘അഭിനയിച്ച സിനിമ കണ്ടാല്‍ ഞാന്‍ കഥ എഴുതുമെന്ന് ആരും വിശ്വസിക്കില്ല, സംവിധായികയാകുമെന്ന് കരുതിയിരുന്നില്ല.’- സീനത്ത്

നാടകരംഗത്തുനിന്ന് സിനിമയിലേക്ക് എത്തി സഹനായിക വേഷങ്ങളിൽ അടക്കം തിളങ്ങിയ താരമാണ് സീനത്ത്. ഏകദേശം നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം ഡബ്ബിംങ്ങ് ആര്‍ട്ടിസ്റ്റു കൂടിയാണ്. ഇളയമ്മ നിലമ്പൂര്‍ ആയിഷയുടെ പിന്തുണയോടെയാണ് നാടകത്തില്‍ അഭിനയിച്ചത്.
നിരവധി സിനിമകളില്‍ അമ്മ, അമ്മായിഅമ്മ, നാത്തൂന്‍ എന്നിങ്ങനെ മികച്ച റോളുകളിലൂടെ സിനിമകളില്‍ നടി സജീവമായിരുന്നു. മമ്മൂട്ടിയുടെ റോഷാക്കില്‍ മികച്ചൊരു വേഷം സീനത്ത് ചെയ്തിരുന്നു. അഭിനയരംഗത്ത് എത്തിയിട്ട് 42 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, ഒരു പുതിയ മേലങ്കി കൂടി അണിയുകയാണ് താരം, സംവിധായികയുടെ. രണ്ടാം നാൾ എന്ന തന്റെ ആദ്യ സിനിമയിലേക്ക് എത്തിയത് എങ്ങനെയെന്നു പറയുകയാണ് സീനത്ത്.

എങ്ങനെയാണ് ഒരു സംവിധായിക, അല്ലെങ്കിൽ ഒരു പടം ചെയ്യണമെന്ന തോന്നൽ ഉണ്ടാകുന്നത് എന്നായിരുന്നു അവതാരകന്റെ ചോദ്യം.
“ഞാൻ ഒരു സംവിധാനത്തിലേക്ക് എത്തുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. അസോസിയേഷനിൽ ചെറിയ ഡ്രാമകൾ ഒക്കെ ചെയ്യിപ്പിക്കും. ഞാൻ എഴുതും. എനിക്ക് തോന്നുന്ന കഥകൾ ഒക്കെ എഴുതുകയും ചെയ്യും. ഇവിടെ ഓരോ പ്രാവിശ്യം ചെയ്യുമ്പോളും ഓരോ ത്രെഡുകൾ പോയിക്കൊണ്ടിരിക്കുകയാണ്. ഇവിടെയുള്ള പത്തു നൂറു ഫാമിലി അത് കാണും, പിന്നെയത് പോയി.

വർഷത്തിൽ ഒന്നോ രണ്ടോ ഒക്കെ അങ്ങനെ പോയിക്കൊണ്ടിരിക്കുവാ. ആരിലേക്കും നമുക്കത് എത്തിക്കാൻ പറ്റുന്നില്ല. അങ്ങനെയാണ് ഞാൻ ഒരു ഡ്രാമ എഴുതിയത്. ട്രാൻസ്ജെൻഡേഴ്സിന്റെ കഥയായിരുന്നു അത്. അത് അവതരിപ്പിക്കണമെന്ന് വിചാരിച്ചിരുന്നപ്പോഴാണ് എന്റെയൊരു ഫ്രണ്ട് പറയുന്നത് സിനിമയാക്കാൻ. ഞാനത് ഡ്രാമയ്ക്ക് വേണ്ടി എഴുതിയതാണ് എന്ന് പറഞ്ഞു. അപ്പൊ അവരെന്നെ കളിയാക്കി. ആരെങ്കിലും സിനിമയാക്കാൻ അവസരം കിട്ടിയാൽ അത് വേണ്ടെന്നു വയ്ക്കുമോ എന്ന് ചോദിച്ചു. ഡ്രാമയും സിനിമയും രണ്ടും രണ്ടാണെന്നു ഞാനപ്പോൾ പറഞ്ഞു. അങ്ങനെയാണ് അതിന്റെ ത്രെഡ് ജോസ് തോമസിനോട് പറയുന്നത്. പക്ഷേ അത് വർക്ക്‌ ഔട്ട്‌ ആയില്ല. അതിപ്പോഴും ഡ്രാമയായി നിൽക്കുന്നുണ്ട്.
അത് കഴിഞ്ഞാണ് ഞാൻ സിനിമയ്ക്ക് വേണ്ടി എഴുതിയാലോ എന്ന് വിചാരിക്കുന്നത്. അങ്ങനെയാണ് രണ്ടാം നാൾ എഴുതിയത്. പക്ഷേ ഞാനതു ആരോടും പറഞ്ഞില്ല. കാരണം പറഞ്ഞാലത് ആരും വിശ്വസിക്കില്ല. നമ്മൾ ചെയ്യുന്ന റോൾ വച്ചിട്ടാണ് എല്ലാവരും നമ്മളെ വിലയിരുത്തുന്നത്. കൊച്ചു കൊച്ചു റോളുകൾ, അമ്മ വേഷങ്ങൾ ഒക്കെ ചെയ്യുന്ന ഞാൻ കഥ എഴുതിയെന്ന് ആരും വിശ്വസിക്കില്ല. അത് കൊണ്ട് ഞാൻ പേടിച്ചു ആരോടും പറഞ്ഞില്ല… ” സീനത്ത് പറയുന്നു.

തന്റെ ആദ്യ സിനിമ പൂർത്തിയാക്കിയ ശേഷം കോവിഡ് വന്നതും, അതിനു ക്രിട്ടിക്സിന്റെ പ്രേത്യേക പരാമർശം കിട്ടിയതും സീനത്ത് പറയുന്നു. മെഡിമിക്സിലെ അനൂപ് ഈ കഥ വായിച്ചതാണ് ടെർനിങ്‌ പോയിന്റായി മാറിയതും സീനത്ത് പറയുന്നുണ്ട്.