Featured Lifestyle

വരണ്ട ചർമം വിഷമിപ്പിക്കുന്നുണ്ടോ? ഈ മാർഗങ്ങൾ പരീക്ഷിക്കൂ; മാജിക്ക് കാണാം

വരണ്ട ചര്‍മം പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ചര്‍മത്തിന്റെ ഇത്തരം വരണ്ട സ്വഭാവം പല തരത്തിലാണ് ആളുകളെ ബാധിയ്ക്കാറുള്ളത്. പച്ചക്കറി ജ്യൂസ് പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതൊഴിവാക്കാന്‍ സഹായിക്കും. രക്തം ശുദ്ധീകരിക്കുന്നതിനും ആരോഗ്യപ്രദമായ, തിളങ്ങുന്ന ചര്‍മം സമ്മാനിക്കുന്നതിനും പച്ചക്കറി ജ്യൂസ് സഹായിക്കുന്നു. വരണ്ട ചര്‍മ്മം ഉള്ളവര്‍ ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താനും യുവത്വം തോന്നിപ്പിക്കാനും അധികമായി ശ്രദ്ധ നല്‍കേണ്ടി വരും. ചൊറിച്ചില്‍ പോലെയുള്ള പ്രശ്നങ്ങളും ഇവര്‍ നേരിടേണ്ടി വരും. ആവശ്യത്തിന് വെള്ളം കുടിക്കാത്തതും കാലാവസ്ഥയിലെ മാറ്റങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളിലെ രാസപദാര്‍ഥങ്ങളുമൊക്കെ വരണ്ട ചര്‍മത്തിനു കാരണമാകാം. എന്നാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതിന് ഒരു പരിധി വരെ പരിഹാരം ഉണ്ടാക്കാന്‍ സാധിയ്ക്കും……

സണ്‍സ്‌ക്രീന്‍ / ഓവര്‍ നൈറ്റ് മാസ്‌ക് – വെയില്‍ കുറവുള്ള ദിവസങ്ങളില്‍ പോലും സണ്‍സ്‌ക്രീനിന്റെ ഉപയോഗം ഒഴിവാക്കരുത്. എസ് പി എഫ് മുപ്പതോ അതിലധികമോ ഉള്ള സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കുക. വൈറ്റമിന്‍ ഇ, ഷിയാ ബട്ടര്‍ എന്നിവ അടങ്ങിയ സണ്‍സ്‌ക്രീനുകള്‍ മുഖം വരണ്ടതാകാതിരിക്കാന്‍ സഹായിക്കും. ഉറങ്ങുന്നതിനു മുമ്പായി വരണ്ട ചര്‍മത്തിന് അനുയോജ്യമായ ഒരു സ്ലീപ്പിങ് മാസ്‌ക് പുരട്ടാം. ടോണര്‍, മോയിസ്ചറൈസര്‍, എസ്സെന്‍സ് എന്നിവയുടെ ഗുണങ്ങള്‍ ചര്‍മത്തില്‍ നിന്നും നഷ്ടപ്പെട്ടു പോകാതെ ലോക്ക് ചെയ്യാന്‍ ഇത് സഹായിക്കും. ചര്‍മം എത്ര വരണ്ടതാണെന്നതനുസരിച്ച് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയോ അല്ലെങ്കില്‍ പതിവായോ ഇത് ഉപയോഗിക്കാം

ജലാംശം നല്‍കുന്ന ടോണര്‍ – വരണ്ടു ദാഹിച്ചിരിക്കുന്ന ചര്‍മത്തിനു ജലം നല്‍കുന്നതിനു വേണ്ടിയാണ് ടോണര്‍. ജലാംശം നിലനിര്‍ത്തുന്ന ഹ്യൂമക്ടെന്റുകള്‍ അടങ്ങിയ ഹൈഡ്രേറ്റിങ് ടോണര്‍ തന്നെ തിരഞ്ഞെടുക്കാം. ചര്‍മത്തിന്റെ ആരോഗ്യത്തിനായി ഉപയോഗിക്കുന്ന മറ്റ് ഉത്പന്നങ്ങളെ ആഗിരണം ചെയ്യാന്‍ ഹൈഡ്രേറ്റിങ് ടോണര്‍ ചര്‍മത്തെ സജ്ജമാക്കും.

മൃദുവായ ക്ലന്‍സര്‍ – വരണ്ട ചര്‍മത്തിനുള്ള പരിചരണം ക്ലെന്‍സറില്‍ നിന്നും തുടങ്ങാം. മൃദുവായ ക്ലെന്‍സര്‍ മാത്രം തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. പതയിലല്ല മറിച്ച് പ്രവര്‍ത്തനത്തിലാണ് കാര്യം. മുഖചര്‍മത്തിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യുന്ന ഫേസ് വാഷുകള്‍ ഉപയോഗിക്കരുത്. ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള ക്ലെന്‍സറുകള്‍ പൂര്‍ണമായും ഒഴിവാക്കുക. ഗ്ലിസറിന്‍, ഹൈലൂറോണിക് ആസിഡ് അല്ലെങ്കില്‍ സെറാമൈഡുകള്‍ പോലുള്ള ചേരുവകള്‍ അടങ്ങിയ സൗമ്യമായ ക്ലെന്‍സര്‍ ഉപയോഗിക്കാം. ചര്‍മത്തിന്റെ പി എച്ച് മൂല്യത്തെ ബാധിക്കാതെ അഴുക്ക് നീക്കം ചെയ്യാന്‍ ഇവയ്ക്ക് സാധിക്കും.

ഫെയ്‌സ് ഓയില്‍ – ചര്‍മത്തിന് അധിക ജലാംശം നല്‍കാനാണ് ഫെയ്‌സ് ഓയില്‍ ഉപയോഗിക്കുന്നത്. റോസ്ഷിപ്പ് ഓയില്‍, അല്ലെങ്കില്‍ ജോജൊബ ഓയില്‍ പോലെയുള്ള സൗമ്യമായ ഫേസ് ഓയില്‍ തിരഞ്ഞെടുക്കുക. ഏതാനും തുള്ളികള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയാകും. മോയ്‌സ്ചറൈസറിലേക്ക് ഫെയ്‌സ് ഓയില്‍ ഒന്നോ രണ്ടോ തുള്ളി കലര്‍ത്തിയ ശേഷം പുരട്ടുകയും ചെയ്യാം.

സെറം – ഹൈലൂറോണിക് ആസിഡ് അല്ലെങ്കില്‍ നിയാസിനാമൈഡ് അടങ്ങിയ സെറം തന്നെ ഉപയോഗിക്കുക. ചര്‍മത്തിലെ ജലാംശം നഷ്ടപ്പെടാതെ ഉള്ളില്‍ തന്നെ തടഞ്ഞുനിര്‍ത്താന്‍ ഇത് സഹായിക്കും.

മോയിസ്ചറൈസര്‍ – അടുത്തഘട്ടം മോയിസ്ചറൈസറിന്റെ ഉപയോഗമാണ്. ചര്‍മം വളരെയധികം വരണ്ടതാണെങ്കില്‍ ഒരു റിച്ച് മോയ്സ്ചറൈസിങ് ക്രീം തന്നെ തെരഞ്ഞെടുക്കുക. അതല്ലെങ്കില്‍ പതിവ് ഉപയോഗത്തിനായി ഒരു ലൈറ്റ് വെയിറ്റ് ജെല്‍ അടിസ്ഥാനമാക്കിയുള്ള ക്രീം തിരഞ്ഞെടുക്കാം. സെറാമൈഡുകള്‍, ഷിയാ ബട്ടര്‍, ഓട്സ് എക്സ്ട്രാക്ട് എന്നിവ അടങ്ങിയ മോയ്സ്ചറൈസിങ് ക്രീമുകള്‍ വരണ്ട ചര്‍മത്തെ ശാന്തമാക്കാനും പോഷണം നല്‍കാനും സഹായിക്കും.

എസ്സെന്‍സ് – ചര്‍മത്തിന് അമിത ഭാരം നല്‍കാതെ ആഴത്തില്‍ ജലാംശം നല്‍കാന്‍ എസ്സെന്‍സ് ഉപയോഗിക്കാം. ചര്‍മത്തെ ഉള്ളില്‍ നിന്നും ജലാംശമുള്ളതാക്കി മാറ്റാന്‍ കഴിയുന്നു എന്നതാണ് എസ്സെന്‍സിന്റെ പ്രത്യേകത. മുഖത്ത് പുരട്ടുന്ന സെറമുകളുടെയും ക്രീമുകളുടെയും ഫലപ്രാപ്തി കൂട്ടാന്‍ ഇത് സഹായിക്കുന്നു. പെപ്റ്റൈഡുകള്‍, ഹൈഡ്രേറ്റിങ് കോംപ്ലക്സുകള്‍ എന്നിവ അടങ്ങിയ എസ്സെന്‍സ് ഉപയോഗിക്കുക. ടോണര്‍ ഉപയോഗിച്ചതിനുശേഷം എസ്സെന്‍സ് കൂടി ഉപയോഗിക്കുന്നത് മൃദുത്വം നിലനിര്‍ത്താനും സഹായിക്കും.