Crime

ഐടി പ്രൊഫഷണല്‍ അടിച്ചുമാറ്റിയത് രണ്ടുകോടിയുടെ പോര്‍ഷേകാര്‍…! മോഷ്ടിക്കാന്‍ നിര്‍ദ്ദേശിച്ചത് മന്ത്രിയാണത്രേ !

തെലുങ്ക് സിനിമാവേദിയുമായി ബന്ധപ്പെട്ട ഒരു വമ്പന്‍ മോഷണക്കേസില്‍ പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവിന്റെ മരുമകന് നഷ്ടമായത് രണ്ടുകോടി വില വരുന്ന പോര്‍ഷേകാര്‍. സംഭവത്തില്‍ ഹൈദരാബാദിലെ ഒരു ടെക്കി അറസ്റ്റിലായി. മണ്‍സൂരാബാദ് പ്രദേശത്തു നിന്നുള്ള മല്ലേല സായ് കിരണ്‍ എന്ന 30 കാരനെയാണ് കേസില്‍ പോലീസ് പിടികൂടിയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നഗരത്തിലെ ഒരു ഉയര്‍ന്ന ഹോട്ടലിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് നിന്ന് ആഡംബര കാറുമായി 30 കാരനായ സായ് കിരണ്‍ മുങ്ങുകയായിരുന്നു. രാവിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യാന്‍ എത്തിയ പ്രശസ്ത നിര്‍മ്മാതാവ് ദില്‍ രാജുവിന്റെ മരുമകന്‍ അര്‍ച്ചിത് റെഡ്ഡി രണ്ടുകോടി വിലവരുന്ന തന്റെ ചുവപ്പ് പോര്‍ഷേകാര്‍ ഹോട്ടലിലെ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്കു ചെയ്തതോടെയാണ് കഥ ആരംഭിച്ചത്. വര്‍ക്കൗട്ടിനായി അകത്തേയ്ക്ക് പോയി മടങ്ങിയെത്തിയപ്പോള്‍, തന്റെ കാര്‍ അപ്രത്യക്ഷമായതായി മനസ്സിലാക്കി. സെക്യുരിറ്റിക്കാര്‍ ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിച്ചു. ഉടന്‍ തന്നെ പോലീസ് ട്രാഫിക് സിഗ്‌നലുകള്‍ വെച്ച് മദാപൂരിലെയും ജൂബിലി ഹില്‍സിലെയും വിവിധ പ്രദേശങ്ങളില്‍ പോര്‍ഷെയുടെ നീക്കങ്ങള്‍ ട്രാക്കുചെയ്തു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ, അധികാരികള്‍ കാറിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തുകയും കിരണിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.തന്റെ മോട്ടോര്‍സൈക്കിളില്‍ ഹോട്ടലില്‍ എത്തിയ കിരണ്‍ തന്ത്രപൂര്‍വ്വം തന്റെ ബൈക്ക് പോര്‍ഷെയ്ക്ക് സമീപം പാര്‍ക്ക് ചെയ്തു. ഇതിനിടയിലാണ് കാറിന്റെ താക്കോല്‍ വാഹനത്തിനുള്ളില്‍ വച്ചിരിക്കുന്നതും ഡോര്‍ തുറന്നിരിക്കുന്നതും ശ്രദ്ധിച്ചത്. കിട്ടിയ അവസരം മുതലെടുത്ത് വാഹനവുമായി മുങ്ങി.

പോലീസ് സ്റ്റേഷനില്‍, ബോളിവുഡ് താരങ്ങളുമായും ശക്തരായ രാഷ്ട്രീയക്കാരുമായും തനിക്ക് ബന്ധമുണ്ടെന്നൊക്കെ കിരണ്‍ പറഞ്ഞു. മന്ത്രി കെ ടി രാമറാവുവാണ് കാര്‍ മോഷ്ടിക്കാന്‍ തന്നോട് നിര്‍ദ്ദേശിച്ചതെന്ന് വരെ പറയാന്‍ മടിച്ചില്ല. നല്ല ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഒരു ഐടി പ്രൊഫഷണലാണ് കിരണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇയാള്‍ക്ക് ഓട്ടോ മൊബൈലുകളോട് പ്രത്യേക കമ്പമുണ്ടായിരുന്നു. സമാനമായ മോഷണം ഇയാള്‍ മുമ്പും നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അതേസമയം അവന്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉള്ളയാളാണെന്നും ബ്രെയിന്‍ ലൈഫ് ഫൗണ്ടേഷനില്‍ ചികിത്സയിലാണെന്നും അവര്‍ വ്യക്തമാക്കി.