Crime

ഫ്രാന്‍സിനെ ഞെട്ടിച്ച കൂട്ടബലാത്സംഗക്കേസ് ; ഭാര്യയെ വിട്ടുകൊടുത്തെന്ന് ഭര്‍ത്താവ്

ഫ്രാന്‍സിനെ ഞെട്ടിച്ച ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട ബലാത്സംഗക്കേസുകളില്‍ ഒന്നിന്റെ വിചാരണയില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ഭാര്യയ്ക്ക് മയക്കുമരുന്ന് നല്‍കിയെന്നും ബലാത്സംഗം ചെയ്യാന്‍ ഡസന്‍ കണക്കിന് അപരിചിതരെ ക്ഷണിച്ചുവരുത്തിയെന്നും ആരോപിക്കപ്പെട്ട ഭര്‍ത്താവ് തന്റെ കുറ്റങ്ങള്‍ കോടതിയില്‍ സമ്മതിച്ചു. ചൊവ്വാഴ്ച രാവിലെ തന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് സംസാരിച്ച 71 കാരനായ ഡൊമിനിക് പെലിക്കോട്ട് പറഞ്ഞത് ഈ കോടതിമുറിയിലെ എല്ലാവരെയും പോലെ ഞാനും ഒരു ബലാത്സംഗിയാണെന്നായിരുന്നു.

‘കുറ്റത്തി​ന്റെ മൊത്തത്തിലുള്ള ഗൗരവം ഞാന്‍ തിരിച്ചറിയുന്നതായും അയാള്‍ കൂട്ടിച്ചേര്‍ത്തു. ഭാര്യ ഗിസെലെ പെലിക്കോട്ടിന്റെ ഗുരുതരമായ ‘ബലാത്സംഗം’ എന്ന ആരോപണം നേരിടുന്ന മറ്റ് 50 പുരുഷന്മാര്‍ക്കൊപ്പം ഡൊമിനിക്കും വിചാരണയിലാണ്. സമീപ വര്‍ഷങ്ങളിലെ ‘ഏറ്റവും വലിയ ലൈംഗിക വേട്ടക്കാരില്‍ ഒരാള്‍’ എന്നായിരുന്നു ഡൊമിനിക്കിന്റെ സ്വന്തം മകള്‍ പോലും അയാളെ വിളിച്ചത്.

കുട്ടിക്കാലത്ത് താന്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് ഡൊമിനിക് സംസാരിച്ചു. ഒമ്പത് വയസ്സുള്ളപ്പോള്‍ താന്‍ ബലാത്സംഗത്തിന് ഇരയായെന്നും 14ാം വയസ്സില്‍ മറ്റൊരു ലൈംഗികാതിക്രമത്തിന് സാക്ഷിയായെന്നും 71കാരന്‍ വെളിപ്പെടുത്തി. ”എന്റെ ചെറുപ്പകാലം മുതല്‍ ഞാന്‍ ഞെട്ടലുകളും ആഘാതങ്ങളും അല്ലാതെ മറ്റൊന്നും ഓര്‍ക്കുന്നില്ല,” പെലിക്കോട്ട് പറഞ്ഞു.

കൗമാരപ്രായത്തില്‍ ഭാര്യയെ കണ്ടുമുട്ടിയപ്പോള്‍ എല്ലാം മാറിമറിഞ്ഞതായി അദ്ദേഹം പറഞ്ഞു. വിരോധാഭാസമാണെങ്കിലും, ഞാന്‍ എന്റെ ഭാര്യയെ ഒരു വസ്തുവായി കണക്കാക്കിയിട്ടില്ലെന്നും കുറ്റാരോപിതന്‍ പറഞ്ഞു. അതേസമയം കോടതിയില്‍ ഭര്‍ത്താവിന്റെ നാടകീയമായ കുറ്റസമ്മതത്തോട് പ്രതികരിച്ചുകൊണ്ട് ഗിസെല്‍ പറഞ്ഞു, ‘എനിക്ക് ഇത് കേള്‍ക്കാന്‍ പ്രയാസമാണ്, അമ്പത് വര്‍ഷമായി, ഞാന്‍ ഒരു നിമിഷം പോലും ചിന്തിക്കാത്ത രീതിയിലുള്ള ഒരു മനുഷ്യനോടൊപ്പമാണ് ജീവിച്ചത്. ഈ മനുഷ്യനില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു.

ഡൊമിനിക് കോടതിയില്‍ നിന്ന് സഹതാപം അഭ്യര്‍ത്ഥിച്ചു, ‘ ഞാന്‍ കുറ്റക്കാരനാണ്, എന്റെ ഭാര്യയെയും മക്കളെയും എന്റെ കൊച്ചുമക്കളെയും ഞാന്‍ ഇതിന് വിധേയമാക്കി. ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നു, ക്ഷമിക്കാന്‍ കഴിയില്ലെങ്കിലും ഞാന്‍ ക്ഷമ ചോദിക്കുന്നു.’

Leave a Reply

Your email address will not be published. Required fields are marked *