കേരളത്തില്‍ വിവാഹമോചനക്കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോഴും വിവാഹമോചിതരാകുന്നവരുടെ മാനസികാവസ്ഥയെക്കുറിച്ച് സമൂഹം ചിന്തിക്കാറില്ല. പരസ്പരം പൊരുത്തപ്പെട്ടു ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വിവാഹമോചിതരാകുന്നതെങ്കിലും വിവാഹമോചനമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ വിവാഹമോചിതരാകുന്നവര്‍ പരാജയപ്പെടുന്നുണ്ട്. വിവാഹമോചനത്തിനു ശേഷമുണ്ടാകുന്ന മാനസിക സമ്മര്‍ദങ്ങള്‍ക്കും ഒറ്റപ്പെടലുകള്‍ക്കും ഒരു പരിധി വരെ കാരണമാകുന്നതും ഇതുതന്നെയാണ്.
വേര്‍പിരിയല്‍ വേദനാജനകം
വിവാഹമോചനം രണ്ട് വ്യക്തികളെ സംബന്ധിച്ചും വേദനാജനകം തന്നെയാണ്. വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ച രണ്ട് വ്യക്തികള്‍ വേര്‍പിരിയുകയെന്നത് ഇരുവര്‍ക്കും മാനസിക പ്രയാസം ഉണ്ടാക്കും. വീട്ടുകാരുടെയും ബന്ധുജനങ്ങളുടെയും മുന്‍പില്‍ വിഷമമില്ലെന്നു ഭാവിക്കാന്‍ ശ്രമിച്ചാലും വിവാഹമോചനം ഏതൊരു വ്യക്തിയെയും മാനസിക സമ്മര്‍ദത്തിലാക്കാറുണ്ട്. ഏറെക്കാലം ഒരുമിച്ച് ജീവിച്ച രണ്ട് വ്യക്തികള്‍ വിവാഹമോചിതരായിയെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ തന്നെ സമയമെടുക്കും.
വിവാഹമോചനക്കേസ് ഫയല്‍ ചെയ്യുന്ന നിമിഷം മുതല്‍ വിവാഹമോചിതരാകുമെന്നറിയാമെങ്കിലും വിവാഹമോചനം ലഭിക്കുന്ന അവസരത്തില്‍ അത് ഉള്‍ക്കൊള്ളാന്‍ രണ്ട് വ്യക്തികളെ സംബന്ധിച്ചും ബുദ്ധിമുട്ടായിരിക്കും. വിവാഹമോചിതരായി എന്ന യാഥാര്‍ഥ്യം തിരിച്ചറിയാനും ഉള്‍ക്കൊള്ളാനും വൈകുന്നതാണ് വിവാഹമോചിതരാകുന്നവരെ കൂടുതല്‍ മാനസിക സമ്മര്‍ദങ്ങളിലേക്ക് എത്തിക്കുന്നത്. പരസ്പരം പൊരുത്തപ്പെടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ചതെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് പെരുമാറിയാല്‍ വിവാഹമോചനം മൂലം അനുഭവപ്പെടുന്ന മാനസിക പ്രയാസങ്ങളെ ഒരു പരിധി വരെ അതിജീവിക്കാനാകും.
വിവാഹം തെറ്റായ തീരുമാനമോ?
വിവാഹം തന്നെ തെറ്റായ തീരുമാനമായിരുന്നു എന്ന കുറ്റബോധം വിവാഹമോചിതരാകുന്ന ഭൂരിഭാഗം ആളുകള്‍ക്കും ഉണ്ടാകാറുണ്ട്. വിവാഹമോചനത്തിന് ശേഷം ഇവരെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നം കുറ്റബോധമാണ്. വിവാഹമോചനമെന്ന തീരുമാനം ശരിയായിരുന്നോ എന്ന ചിന്ത പോലും ഇവരെ അസ്വസ്ഥരാക്കും. ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെട്ടെന്ന തോന്നലും തന്റെ തീരുമാനം തെറ്റായിരുന്നോയെന്ന കുറ്റബോധവും കൂടുതല്‍ മാനസിക സമ്മര്‍ദങ്ങള്‍ക്ക് കാരണമാകാറുണ്ട്.
വിവാഹമേ കഴിക്കേണ്ടിയിരുന്നില്ലെന്ന നിരാശ വിവാഹമോചനത്തിനു ശേഷമുള്ള നാളുകളില്‍ പലര്‍ക്കും അനുഭവപ്പെടാറുണ്ട്. അതോടൊപ്പം വീട്ടുകാരുടെയും ബന്ധുക്കളുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്ന കുറ്റപ്പെടുത്തലുകള്‍ കൂടിയാകുമ്പോള്‍ ഇവരുടെ സങ്കടം ഇരട്ടിക്കും. കുട്ടികള്‍ ഉള്ളവരെ സംബന്ധിച്ച് തന്റെ കുട്ടിക്ക് അച്ഛന്റെ അല്ലെങ്കില്‍ അമ്മയുടെ സ്‌നേഹം നഷ്ടപ്പെട്ടുവെന്ന ദു:ഖം മാനസികമായി ഏറെ തളര്‍ത്തും. ഇങ്ങനെ പല തരത്തിലുള്ള ചിന്തകളിലൂടെ വിവാഹമോചിതരാകുന്നവര്‍ കടന്നുപോകും.
ഒറ്റപ്പെടുവെന്ന ചിന്ത
ഒറ്റയ്ക്കായി പോയി എന്ന തോന്നലാണ് വിവാഹമോചനത്തിനു ശേഷമുണ്ടാകുന്ന പല മാനസിക പ്രശ്‌നങ്ങളുടെയും തുടക്കം. ജീവിതത്തില്‍ ഒറ്റപ്പെടുമെന്ന് ഭയപ്പെടുന്നവരാണെങ്കില്‍ വിവാഹമോചനം അവരെ സംബന്ധിച്ച് കൂടുതല്‍ മാനസിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കും. വിവാഹമോചനത്തിനു ശേഷമുള്ള നാളുകള്‍ അതിജീവിക്കുകയെന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും പ്രയാസമായിരിക്കും. ഇതു വീട്ടുകാരും മനസിലാക്കി പെരുമാറണം. ഇടയ്ക്കിടെ കുറ്റപ്പെടുത്താതെ അവര്‍ക്കൊപ്പം നില്‍ക്കുക. ഒറ്റപ്പെടുന്നുവെന്ന തോന്നല്‍ ഉണ്ടാക്കാതെ പരമാവധി ശ്രദ്ധിക്കണം.
വീട്ടിലെ ഉത്തരവാദിത്വങ്ങളും കുട്ടികളുടെ കാര്യങ്ങളും വേണ്ടതു പോലെ കൈകാര്യം ചെയ്യാന്‍ കഴിയുമോ എന്ന ഉത്കണ്ഠ ഉടലെടുക്കുന്നതും വിവാഹമോചനത്തിന് ശേഷമായിരിക്കും. കുടുംബത്തിന്റെ ഉത്തരവാദിത്വം, കരിയര്‍, നിത്യജീവിത ചെലവുകള്‍, ഒറ്റയ്ക്കാകുമ്പോഴുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം തന്നെ ഒട്ടേറെ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള ഉത്കണ്ഠകള്‍ അകാരണമായ ഭയത്തിനും വിഷാദത്തിനും വരെ കാരണമാകും.
പുനര്‍വിവാഹത്തിനു മറ്റുള്ളവര്‍ നിര്‍ബന്ധിക്കുമ്പോള്‍ ഇനിയൊരു ജീവിതപങ്കാളിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും ചിലപ്പോള്‍ ധൈര്യമുണ്ടാകില്ല. മറ്റൊരു ജീവിതപങ്കാളി വേണോ, വീണ്ടും വൈവാഹിക ജീവിതത്തില്‍ പരാജയപ്പെടുമോ തുടങ്ങിയ ഭയം വിവാഹമോചിതരാകുന്നവരെ അലട്ടാറുണ്ട്.
കുട്ടികളുടെ മാനസികാവസ്ഥ
മാതാപിതാക്കള്‍ നിയമപരമായി വേര്‍പിരിയുന്നത് ഏറ്റവുമധികം മാനസിക പ്രയാസമുണ്ടാക്കുന്നത് കുട്ടികള്‍ക്കായിരിക്കും. കുട്ടികളെ സംബന്ധിച്ച് അച്ഛനും അമ്മയും വിവാഹമോചിതരാകുന്നത് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. മാതാപിതാക്കളുടെ കരുതലും സ്‌നേഹവും ലഭിക്കേണ്ട പ്രായമായതിനാല്‍ കുഞ്ഞുങ്ങള്‍ ആഗ്രഹിക്കുന്നത് ഇരുവരുടെയും സംരക്ഷണമാണ്. വേര്‍പിരിയുന്നതിന്റെ കാരണങ്ങളെക്കുറിച്ച് പോലും കുട്ടികള്‍ക്ക് വ്യക്തമായ ധാരണയുണ്ടാകില്ല. ഇത്തരം സാഹചര്യങ്ങളില്‍ മാതാപിതാക്കള്‍ വിവാഹമോചിതരാകുന്നത് ഇവരെ മാനസികമായി തളര്‍ത്തും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് കോടതി നിശ്ചയിക്കുന്ന ദിവസങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം ചെലവഴിക്കേണ്ടതായി വരും. കുട്ടികളുടെ സ്വഭാവരൂപീകരണത്തെയും പഠനത്തെയും ഇതു ദോഷമായി ബാധിക്കാം.
യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുക
ഒരുമിച്ച് ജീവിക്കാനാകില്ല എന്ന സത്യം മനസിലാക്കുന്നതു പോലെ വിവാഹമോചനത്തെയും അംഗീകരിക്കുക. ഒരുമിച്ച് ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ വേര്‍പിരിഞ്ഞുവെന്നത് രണ്ടുപേരും ഉള്‍ക്കൊള്ളാന്‍ തയാറാകണം. വിവാഹമോചനത്തിനു ശേഷം രണ്ടുപേരും രണ്ട് വ്യക്തികള്‍ മാത്രമാണ്. വൈവാഹിക ജീവിതത്തിലെ പഴയ കാര്യങ്ങളെക്കുറിച്ച് കഴിവതും ഓര്‍മിക്കാതിരിക്കുക. ഇരുവരും ഒരുമിച്ച് ഉണ്ടായിരുന്നപ്പോഴുള്ള സന്തോഷം നല്‍കുന്നതോ, സങ്കടപ്പെടുത്തുന്നതോ ആയിട്ടുള്ള സന്ദര്‍ഭങ്ങള്‍ ഓര്‍ക്കാതിരിക്കുക.
ഒറ്റയ്ക്കാകുന്ന അവസരങ്ങള്‍ ഒഴിവാക്കി എന്തെങ്കിലും കാര്യങ്ങളില്‍ കൂടുതല്‍ ആക്ടീവാകാന്‍ ശ്രമിക്കുക. സുഹൃത്തുക്കള്‍ക്കൊപ്പമോ അല്ലെങ്കില്‍ ബന്ധുക്കള്‍ക്കൊപ്പമോ ചെറിയ യാത്രകള്‍ പോകാവുന്നതാണ്. മനസ് ശാന്തമാകാനും മാനസിക പ്രയാസങ്ങള്‍ കുറയ്ക്കാനും യാത്രകള്‍ സഹായിക്കും. മുന്‍പ് യാത്രചെയ്തിട്ടില്ലാത്ത സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുക. പഴയ ഓര്‍മകള്‍ നല്‍കുന്ന സ്ഥലമാകരുത് യാത്രകള്‍ക്ക് തിരഞ്ഞെടുക്കുന്നത്. കൂടുതല്‍ സമയം സ്വന്തം സന്തോഷങ്ങള്‍ക്കു വേണ്ടി ചെലവിടുക. ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക.
നല്ല സുഹൃത്തുക്കളാകുക
പരസ്പരം പൊരുത്തപ്പെട്ട് മുന്നോട്ട് പോകാന്‍ സാധിക്കാത്തതിനാല്‍ വേര്‍പിരിഞ്ഞുവെന്ന ബോധ്യം ഇരുകൂട്ടര്‍ക്കും ഉണ്ടാകണം. വിവാഹമോചനത്തിന് ശേഷം ഇരുവരും രണ്ട് വ്യക്തികള്‍ മാത്രമാണെന്ന തിരിച്ചറിവ് വേണം. മുന്നോട്ടുള്ള ജീവിതത്തില്‍ സ്വയം തീരുമാനമെടുക്കാനുള്ള അവകാശം രണ്ടുപേര്‍ക്കുമുണ്ട്. വിവാഹമോചനത്തിനു ശേഷം ഇരുവരും സൗഹൃദം നിലനിര്‍ത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇരുവരും വ്യക്തികള്‍ മാത്രമാണെന്ന തിരിച്ചറിവോടെയുള്ള സൗഹൃദമാകണം.
സൗഹൃദം തുടരുമ്പോഴും ഒരാളുടെ വ്യക്തിപരമായ തീരുമാനങ്ങളില്‍ ഇടപെടാനുള്ള അവകാശം ഇല്ലെന്ന ബോധ്യം പരസ്പരമുണ്ടാകുന്നത് നല്ലതാണ്. വിവാഹമോചനത്തിന് ശേഷം മറ്റൊരു വിവാഹത്തെക്കുറിച്ച് സമയമെടുത്ത് ചിന്തിക്കുക. ജീവിതത്തില്‍ ഇനിയൊരു കൂട്ട് വേണമെന്ന തോന്നലുണ്ടാകുമ്പോള്‍ പുനര്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ച് തീരുമാനമെടുക്കാന്‍ രണ്ടുപേര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പരസ്പരം മനസിലാക്കുന്ന ഒരു ജീവിതപങ്കാളിയെ കണ്ടെത്തുമ്പോള്‍ പുനര്‍ വിവാഹത്തെക്കുറിച്ച് ആലോചിച്ച് ഉചിതമായ തീരുമാനത്തിലെത്തുക.
ഒറ്റയ്ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല എന്ന സാഹചര്യം വരുമ്പോള്‍ ഇരുവര്‍ക്കും മറ്റൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാവുന്നതേയുള്ളൂ. ഒരാള്‍ പുനര്‍വിവാഹം ചെയ്യാന്‍ തീരുമാനിച്ചാല്‍ അത് ഉള്‍ക്കൊള്ളാന്‍ തയാറാകുക. സങ്കടപ്പെടുത്തുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി, ജീവിതത്തില്‍ ഉന്മേഷവും സന്തോഷവും തിരികെ കൊണ്ടുവരിക. സ്വന്തം കഴിവുകള്‍ വികസിപ്പിച്ചെടുക്കാന്‍ സമയം കണ്ടെത്തുക. വളരെ പോസിറ്റീവായി മാത്രം ജീവിതത്തെ കാണുക.




