ഭക്ഷണകാര്യത്തില്‍ വീട്ടമ്മമാരുടെയും ബാച്ചിലേഴ്സിന്റേയും ഇഷ്ടതാരമാണ് ബ്രെഡ്. പ്രഭാതഭക്ഷണത്തില്‍ ബ്രെഡ് ഒരു പ്രധാനിയാണ്. അല്‍പ്പം ജാമോ, ഒരു മുട്ടയോ ഉണ്ടെങ്കില്‍ ബ്രേക്ക്ഫാസ്റ്റ് കുശാല്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരമായ ബ്രെഡ് അധികദിവസം സൂക്ഷിക്കാന്‍ പറ്റില്ലായെന്നതാവാം പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നം. എന്നാല്‍ ബ്രെഡ് കേടാകാതെ സൂക്ഷിക്കാന്‍ നിരവധി വഴികളുണ്ട്.
ബ്രെഡ് കേടാകാതെ സൂക്ഷിക്കുന്നതിനായി ഫ്രീസറില്‍ വയ്ക്കുക. ഇങ്ങനെ സൂക്ഷിച്ചാല്‍ പൂപ്പല്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കുറവാണ്. തണുപ്പ് പോകാന്‍ ആവി കയറ്റിയാല്‍ മതിയാവും.
ബ്രെഡ് പേപ്പര്‍ കവറില്‍ ഇട്ട് സൂക്ഷിച്ചാല്‍ കുറച്ച് ദിവസങ്ങള്‍കൂടി അത് കേട് കൂടാതെ ഇരിക്കും. പേപ്പര്‍ബാഗിലായതിനാല്‍ ബ്രെഡിന്റെ ഈര്‍പ്പം വലിച്ചെടുത്ത് അതിന് പൂപ്പല്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
ബ്രെഡ് ഒരു വായു കടക്കാത്ത ബോക്‌സില്‍ ഇട്ട് സൂക്ഷിക്കുന്നതിലൂടെയും ബ്രെഡ് കേടാകാതെ കുറെനാള്‍ സൂക്ഷിക്കാന്‍ സാധിക്കും. ഈര്‍പ്പമില്ലായെന്ന് ഉറപ്പുവരുത്തണം. ഇങ്ങനെയൊക്കെയാണെങ്കിലും മാനുഫാക്ചറിംഗ് തീയതി കഴിഞ്ഞ് രണ്ട് ദിവസത്തില്‍ അധികം ബ്രെഡ് സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. കടയിൽ നിന്നും വാങ്ങുന്ന റൊട്ടി ഉടനെ തന്നെ കഴിക്കുന്നതാണ് നല്ലത്.