ഉറക്കമില്ലായ്മ പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കൃത്യമായ ഉറക്കം ശാരീരിക മാനസികാരോഗ്യത്തിന് അത്യാവശ്യമാണ്. ശരീരത്തിനും മനസ്സിനും ഊര്‍ജ്ജം വര്‍ദ്ദിപ്പിക്കുന്നതിന് വേണ്ടി നല്ല ഉറക്കം അത്യാവശ്യമാണ്. കിടപ്പുമുറി എങ്ങനെ ഒരുക്കിയിരിക്കുന്നു എന്നതും ഉറക്കത്തെ സ്വാധീനിക്കുന്നുണ്ട്. അത്തരം ഒരു അന്തരീക്ഷം കിടപ്പുമുറിയില്‍ ഉണ്ടാവേണ്ടതും നല്ല ഉറക്കത്തിന് അനിവാര്യമാണ്. ഉറക്കം മെച്ചപ്പെടുത്താന്‍ കിടപ്പുമുറിയില്‍ ഇക്കാര്യങ്ങളും ശ്രദ്ധിയ്ക്കാം…..
സന്തോഷം നല്‍കുന്ന അന്തരീക്ഷം സൃഷ്ടിക്കാം – കുടുംബാംഗങ്ങളുടെയോ കുട്ടികളുടെയോ സുഹൃത്തുക്കളുടെയോ ചിത്രങ്ങള്‍ കിടപ്പുമുറിയില്‍ ഉള്‍പ്പെടുത്തുന്നത് മനസ്സിന് സന്തോഷം നല്‍കാന്‍ സഹായിക്കും. ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്‍കുന്ന എന്ത് വസ്തുക്കളും കിടപ്പുമുറിയില്‍ വയ്ക്കാം. പഴ്സനല്‍ സ്‌പെയ്‌സ് എന്ന് പൂര്‍ണമായും വിളിക്കാവുന്ന തരത്തിലായിരിക്കണം കിടപ്പുമുറി ഒരുക്കുന്നത്. ഇത് ഏറ്റവും സമാധാനം നല്‍കുന്ന സ്ഥലമായി കിടപ്പുമുറിയെ തോന്നിപ്പിക്കാനും അതിലൂടെ സുഖകരമായി അവിടെ കിടന്നുറങ്ങാനും സഹായിക്കും.
കട്ടിലിന്റെ സ്ഥാനം – മുറിയുടെ എല്ലാ ഭാഗത്തേക്കും കാഴ്ചയെത്തുന്ന ഇടത്തുവേണം കട്ടില്‍ സ്ഥാപിക്കേണ്ടത്. എന്നാല്‍ വാതിലിന് നേര്‍വിപരീതമായി കട്ടില്‍ വരാതിരിക്കാനും ശ്രദ്ധിക്കണം. മുറിയിലെ പ്രധാന ആകര്‍ഷണം കട്ടിലായിരിക്കണം. കട്ടിലിട്ടതിനുശേഷം ഇരുവശങ്ങളിലും അല്‍പം സ്ഥലവും ഒഴിഞ്ഞു കിടക്കണം. ബെഡ് സൈഡ് ടേബിളുകള്‍ ഇട്ടശേഷം ചെറിയ ഇന്‍ഡോര്‍ പ്ലാന്റുകള്‍ അവയില്‍ വയ്ക്കുന്നതും മികച്ച അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിക്കും.
കിടക്കയുടെ ഗുണനിലവാരവും പ്രധാനം – ഓരോ വ്യക്തികള്‍ക്കും ഇഷ്ടപ്പെടുന്ന കിടക്കകള്‍ വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് പരുക്കന്‍ മെത്തകള്‍ ഉറക്കത്തിന് തടസ്സമുണ്ടാക്കുന്നു. പൊതുവേ മീഡിയം ദൃഢതയുള്ള കിടക്കകളാണ് ഉറക്കത്തിന് അനുയോജ്യം. തല, കഴുത്ത്, നടുവ് എന്നീ ഭാഗങ്ങള്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കുന്ന തരത്തിലാവണം കിടക്ക. ഇത് കിടക്കുന്ന സമയത്ത് ശരീരത്തിലെ രക്തയോട്ടം കൃത്യമാക്കാനും സുഖകരമായ ഉറക്കം ലഭിക്കാനും സഹായിക്കും.
ബ്രൈറ്റ് ലൈറ്റുകള്‍ വേണ്ട – ആര്‍ട്ടിഫിഷ്യല്‍ ലൈറ്റുകള്‍ പകല്‍ സമയത്തേതുപോലെയുള്ള പ്രകാശം വീടിനുള്ളില്‍ നല്‍കും. എന്നാല്‍ ഇത് കണ്ണുകള്‍ക്കും തലച്ചോറിനും തെറ്റായ സന്ദേശം നല്‍കുന്നതിനാല്‍ അത് ഉറക്കത്തെയും സ്വാധീനിക്കും. അതിനാല്‍ കടുത്ത പ്രകാശമുള്ള ബള്‍ബുകള്‍ കിടപ്പുമുറിയില്‍ ഉറക്ക സമയത്ത് ഉപയോഗിക്കരുത്. ഇളം ടോണില്‍ ഉള്ള വാം ലൈറ്റുകളാണ് ഉചിതം.
തിരക്കുകളെക്കുറിച്ച് ഓര്‍മിപ്പിക്കുന്നവ ഒഴിവാക്കാം – പുതിയ രീതിയില്‍ വീടുകള്‍ ഡിസൈന്‍ ചെയ്യുന്നവര്‍ സൗകര്യം കണക്കിലെടുത്ത് കിടപ്പുമുറിക്കുള്ളില്‍ തന്നെ ടിവി യൂണിറ്റ് സ്ഥാപിക്കാനുള്ള സ്ഥലവും കമ്പ്യൂട്ടര്‍ ടേബിളിനുള്ള ഇടവും പ്രത്യേകമായി ഒരുക്കുന്നുണ്ട്. ജോലിക്കും വിനോദത്തിനും ഇത് സഹായകമാണെങ്കിലും ഉറക്കത്തിന് ഇവ അനുകൂല ഘടകങ്ങളല്ല. ടിവി, ഡെസ്‌ക്ടോപ്പ്, ലാപ്‌ടോപ് എന്നിവ കിടപ്പുമുറിയില്‍ ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. ജോലിയെക്കുറിച്ചുള്ള അമിതമായ ചിന്തകള്‍ എപ്പോഴും മനസ്സില്‍ കടന്നുകൂടാതിരിക്കാന്‍ ഇത് സഹായിക്കും. തിരക്കുകളില്‍ നിന്നും അകന്ന് സ്വസ്ഥമായി ഉറങ്ങുന്നതിനു വേണ്ടി മാത്രം മുറി പ്രയോജനപ്പെടുത്തണം.