രിങ്ങയിലയിൽ പോഷകസമ്പന്നമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇത് മുടിയിൽ ഉപയോഗിച്ചാലും പല ഗുണങ്ങളാണ് ലഭിക്കുന്നത്. മുരിങ്ങയില എങ്ങനെ മുടിയിൽ ഉപയോഗിക്കണമെന്നും എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുന്നതെന്നും നോക്കാം.
സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മുരിങ്ങയില മുടി വളർച്ചയ്ക്ക് ഏറെ നല്ലതാണ്. മുടി വരണ്ട് പോകുന്നത് തടയാനും തലയോട്ടിയിലെ സ്വാഭാവിക എണ്ണ നിലനിർത്താനും മുരിങ്ങയില സഹായിക്കും. നല്ല തിളക്കമുള്ളതും ഇടതൂർന്ന് അഴകോടെ കിടക്കുന്ന മുടിയ്ക്കും മുരിങ്ങയില സഹായിക്കാറുണ്ട്. വൈറ്റമിൻ എ,ബി, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടിയിഴകൾക്ക് വേരിൽ നിന്ന് ആരോഗ്യം നൽകുകയും മുടിയുടെ കോശങ്ങളെ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
തലയോട്ടിയെ വ്യത്തിയാക്കാൻ സഹായിക്കുന്ന ഒലിക് ആസിഡുണ്ട് മുരിങ്ങയിലയിൽ. ഇത് തലയോട്ടിയിലെ ഈർപ്പം നീക്കം ചെയ്യാതെ തലയോട്ടിയെ സംരക്ഷിക്കും. മുരിങ്ങയിലയിൽ ധാരാളം ആന്റി ഫംഗൽ, ആന്റി മൈക്രോബയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. താരൻ പോലെയുള്ള പ്രശ്നങ്ങളെ മാറ്റാൻ ഇത് സഹായിക്കും. എക്സിമ, സോറിയാസിസ് പ്രശ്നങ്ങളിൽ നിന്ന് തലയോട്ടിയെ സംരക്ഷിക്കാൻ മുരിങ്ങയിലയ്ക്ക് കഴിയാറുണ്ട്.
മുരങ്ങിയില ഉപയോഗിക്കേണ്ട വിധം
വിപണിയിൽ ലഭിക്കുന്ന മുരിങ്ങയില പൊടി പായ്ക്കുകള്‍ വാങ്ങി ഉപയോഗിക്കാവുന്നതാണ്. ഇതിനായി ആദ്യം മുരിങ്ങയില പൊടിയിലേക്ക് തേനോ അല്ലെങ്കിൽ കറ്റാർവാഴയോ ചേർക്കുക. ഇനി ആവശ്യത്തിന് വെള്ളവും ചേർത്ത് ഒരു ഹെയർ പായ്ക്കായി ഉപയോഗിക്കാവുന്നതാണ്. ആഴ്ചയിൽ രണ്ട് ദിവസം ഇത് മുടിയിൽ തേച്ച് പിടിപ്പിച്ച് കഴുകി കളയാം. ഇത് അല്ലെങ്കിൽ ഫ്രഷായി പറിക്കുന്ന ഇലകൾ വെള്ളത്തിലിട്ട് തിളപ്പിച്ച് അതിലേക്ക് തേനോ കറ്റാർവാഴയോ ചേർത്തും ഉപയോഗിക്കാവുന്നതാണ്.




