Lifestyle

നെത്തോലി ഇനി എളുപ്പത്തിൽ വെട്ടി വൃത്തിയാക്കാം; കത്രികയും കത്തിയും വേണ്ട!

മഴ കനത്ത് തീരക്കടൽ തണുത്തതോടെ വലനിറയെ മീൻ ലഭി​ച്ച് മത്സ്യത്തൊഴി​ലാളി​കൾ. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ തീരത്ത് നിന്നു പോകുന്ന വള്ളങ്ങൾക്ക് നല്ല കൊയ്ത്താണ്. ഒപ്പം മത്സ്യവിലയിലും ഇടിവുണ്ടായി. വള്ളങ്ങൾക്ക് ധാരാളമായി നെത്തോലി കിട്ടുന്നതിനാൽ വില കുത്തനെ ഇടിഞ്ഞു. 30 മുതൽ 40 വരെയായിരുന്നു ഒരു കി​ലോ നെത്തോലിയുടെ വില. 15 രൂപവരെയെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നെത്തോലിയെന്നും ചൂടയെന്നും കൊഴുവയെന്നുമൊക്ക പലനാടുകളിലും വിളിപ്പേരുള്ള പൊടി മീൻ വറുത്തു കഴിക്കുന്നതാണ് ഏറ്റവും രുചികരം. ഇപ്പോൾ വിലക്കുറവിൽ നെത്തോലി സുലഭമായി കിട്ടും. ചെറിയ മീനുകൾ രുചികരമാണെങ്കിലും അവ വൃത്തിയാക്കി എടുക്കുക ഇത്തിരി ടാസ്കാണ്. ഇനി ആ ടെൻഷൻ വേണ്ട.

കത്തിയും കത്രികയും ഇല്ലാതെ തന്നെ നെത്തോലി വെട്ടിയെടുക്കാം. മാത്രമല്ല, മുള്ളും കളഞ്ഞ് എടുക്കാനൊരു ട്രിക്കുണ്ട്. മീനിന്റെ തലഭാഗം കൈ കൊണ്ട് നുള്ളി കളയുകയാണ്. അതിന്റെ വയറ് ഭാഗത്തോടൊപ്പം വേണം കളയാൻ. വാല് ഭാഗം കൈ കൊണ്ട് തന്നെ ചെറുതായി കറക്കി അടർത്തി എടുക്കാവുന്നതാണ്. മുള്ള് മുഴുവനായി കളയാനും വഴിയുണ്ട്.

മീനിന്റെ തലയും വയറും കൈ കൊണ്ട് നുള്ളി മാറ്റുമ്പോൾ വയറ് ഭാഗം മുഴുവനായും രണ്ടായി പിളർത്തി പതിയെ മുള്ള് മുന്നോട്ട് തള്ളി വലിച്ചെടുക്കാവുന്നതാണ്. ഇനി നെത്തോലി ഇങ്ങനെ വൃത്തിയാക്കി വറുത്തെടുത്താൽ മുള്ളില്ലാതെ കഴിക്കാവുന്നതാണ്. കുട്ടികൾക്കും നൽകാം.