സുഗന്ധവ്യഞ്ജനങ്ങളും മസാലപ്പൊടികളും അടുക്കളയിലെ അവിഭാജ്യ ഘടകമാണെങ്കിലും അവയുടെ ഗുണനിലവാരം പലപ്പോഴും കുറവാണ്. ഇത്തരത്തിൽ കൃത്രിമ രുചിക്കായും, നിറത്തിനായും, മണത്തിനായും ചേർക്കുന്ന ചേരുവകകൾ ശരീരത്തിന് ദോഷകാരമാണ് .
ഇവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും സിന്തറ്റിക് അഡിറ്റീവുകൾ കണ്ടെത്തുന്നതിനും കൃത്രിമ കളറിംഗ് ഏജന്റുകളുടെ സാന്നിധ്യം കണ്ടെത്തുന്നതിനും സഹായിക്കുന്ന ലളിതമായ ചില മാർഗങ്ങൾ ചുവടെ കൊടുക്കുന്നു
മഞ്ഞൾപൊടി
ചെറിയ അളവിൽ മഞ്ഞൾപ്പൊടി എടുത്ത് ചെറുചൂട് വെള്ളത്തിൽ കലർത്തുക. ശേഷം ഇളക്കി നിറം നിരീക്ഷിക്കുക. ശുദ്ധമായ മഞ്ഞൾ ആണെങ്കിൽ വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന കണികകളോ അസാധാരണമായ അവശിഷ്ടങ്ങളോ ഉണ്ടാകില്ല. ഒപ്പം ഇവയ്ക്ക് സ്വാഭാവിക മഞ്ഞ നിറമാകും കാണപ്പെടുക . കൃത്രിമ നിറങ്ങൾ ചേർത്തിട്ടുണ്ടെങ്കിൽ, വെള്ളം കൂടുതൽ തെളിച്ചമുള്ളതോ അസ്വാഭാവികമായ മഞ്ഞയായോ കാണപ്പെട്ടേക്കാം.
മുളകുപൊടി
ഒരു ഗ്ലാസ് വിനാഗിരിയിൽ ചെറിയ അളവിൽ മുളകുപൊടി ഇടുക, പതുക്കെ ഇളക്കുക. മുളകുപൊടി കൃത്രിമ വസ്തുക്കളുമായി കലർത്തിയിട്ടുണ്ടെങ്കില്‍, വിനാഗിരി ചുവപ്പ് അല്ലെങ്കിൽ ഓറഞ്ച് നിറത്തിലുള്ള തിളക്കമുള്ള നിറമായി മാറും.
ടെക്സ്ചർ പരിശോധന
നിങ്ങളുടെ വിരലുകൾക്കിടയിൽ ഒരു നുള്ള് മല്ലിപ്പൊടിയോ ജീരകപ്പൊടിയോ തടവുക. ഇത് മിനുസമാർന്നതായി തോന്നുന്നുവെങ്കിൽ, അത് ശുദ്ധമായിരിക്കും. എന്നാൽ ഇതിൽ തരിയുള്ളതായി പരുക്കനായി തോന്നിയാൽ, അത് പൊടിയിൽ മായം കലർന്നതാണെന്ന് സൂചിപ്പിക്കുന്നു .
ഹീറ്റ് ടെസ്റ്റ്
ഒരു നോൺ-സ്റ്റിക് പാനിൽ ചെറിയ തീയിൽ കടുക് പൊടി ചൂടാക്കുക. ശുദ്ധമായ കടുക് പൊടി ചൂടാകുമ്പോൾ ഒരു രൂക്ഷഗന്ധമാകും ഉണ്ടാകുക . കടുക് പൊടിയിൽ അന്നജം കലർന്നതാണെങ്കിൽ, അത് ഈ പ്രത്യേക മണം പുറപ്പെടുവിക്കില്ല, മാത്രമല്ല വ്യത്യസ്തമായ ഗന്ധം ആകും ഉണ്ടാകുക .
ഫ്ലേം ടെസ്റ്റ്
ചെറിയ അളവിൽ കായ പൊടി എടുത്ത് തീപ്പെട്ടി അല്ലെങ്കിൽ ലൈറ്റർ ഉപയോഗിച്ച് കത്തിക്കുക. ശുദ്ധമായ കായം കത്തും. രൂക്ഷമായ ഗന്ധത്തോടെ ഇവ കത്തുകയാണെങ്കിൽ ഇതിൽ മായം ചേർന്നിരിക്കാൻ സാധ്യത ഏറെയാണ് .