Featured Oddly News

ഒസാമ ബിൻ ലാദൻ സ്ത്രീ വേഷം ധരിച്ച് അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെട്ടത് എങ്ങനെ? മുൻ സിഐഎ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി ഞെട്ടിക്കുന്ന വിവരങ്ങൾ

ന്യൂഡല്‍ഹി: സി.ഐ.എയുടെ പിടിയില്‍നിന്നു അഫ്‌ഗാനിസ്‌ഥാനിലെ ടോറ ബോറ കുന്നുകളില്‍നിന്നു അല്‍ഖ്വയ്‌ദ സ്‌ഥാപകന്‍ ഒസാമ ബിന്‍ ലാദന്‍ രക്ഷപ്പെട്ടത്‌ സ്‌ത്രീ വേഷത്തില്‍. 2001 സെപ്‌റ്റംബര്‍ 11ലെ ഭീകരാക്രമണങ്ങള്‍ക്ക്‌ ശേഷം ഒസാമയെ പിടികൂടാനുള്ള തീവ്രശ്രമത്തിലായിരുന്നു സി.ഐ.എ. മുന്‍ സി.ഐ.എ ഉദ്യോഗസ്‌ഥന്‍ ജോണ്‍ കിരിയാക്കോയാണ്‌ ഒസാമ രക്ഷപ്പെട്ട രീതി വെളിപ്പെടുത്തിയത്‌.

15 വര്‍ഷത്തോളമാണ്‌ അദ്ദേഹം സി.ഐ.എയില്‍ സേവനമനുഷ്‌ഠിച്ചത്‌. പാകിസ്‌താനിലെ സി.ഐ.എയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളുടെ മേധാവിയുമായിരുന്ന കിരിയാക്കോ. സെന്‍ട്രല്‍ കമാന്‍ഡ്‌ കമാന്‍ഡറുടെ വിവര്‍ത്തകന്‍ യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ സൈന്യത്തില്‍ നുഴഞ്ഞുകയറിയ ‘അല്‍ഖ്വയ്‌ദ പ്രവര്‍ത്തകനായിരുന്നു’ എന്ന്‌ തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞു.

‘അഫ്‌ഗാനിസ്‌ഥാനില്‍ ബോംബാക്രമണം ആരംഭിക്കുന്നതിന്‌ ഒരു മാസത്തിലധികം ഞങ്ങള്‍ കാത്തിരുന്നു. വളരെ ശ്രദ്ധയോടെയായിരുന്നു നീങ്ങിയത്‌. വികാരങ്ങള്‍ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല. പ്രദേശത്ത്‌ ശരിയായ സജ്‌ജീകരണങ്ങള്‍ക്ക്‌ ഒരു മാസം കാത്തിരുന്നു. അതിനുശേഷം ഞങ്ങള്‍ അറിയപ്പെടുന്ന അല്‍ഖ്വയ്‌ദ കേന്ദ്രങ്ങളില്‍ ആക്രമണം ആരംഭിച്ചു. പ്രധാനമായും തെക്കന്‍, കിഴക്കന്‍ അഫ്‌ഗാനിസ്‌ഥാനിലെ പഷ്‌തു മേഖലകളില്‍. 2001 ഒക്‌ടോബറില്‍ ഒസാമ ബിന്‍ ലാദനും അല്‍ഖ്വയ്‌ദ നേതൃത്വവും ടോറ ബോറയിലുണ്ടെന്ന്‌ ഞങ്ങള്‍ അറിഞ്ഞു. അവിടം വളയാന്‍ വൈകിയില്ല’- അദ്ദേഹം പറഞ്ഞു.

‘സെന്‍ട്രല്‍ കമാന്‍ഡ്‌ കമാന്‍ഡറുടെ വിവര്‍ത്തകന്‍ യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ സൈന്യത്തില്‍ നുഴഞ്ഞുകയറിയ ഒരു അല്‍ഖ്വയ്‌ദ പ്രവര്‍ത്തകനായിരുന്നു എന്ന്‌ ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. അങ്ങനെ, ഞങ്ങള്‍ ബിന്‍ ലാദനെ വളഞ്ഞെന്ന വിവരം ചോര്‍ന്നുപോയി. ഒസാമയോട്‌ മലയിറങ്ങി വരാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം പുലര്‍ച്ചെ വരെ സമയം ആവശ്യപ്പെട്ടു. സ്‌ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നെന്നായിരുന്നു വിശദീകരണം. ജനറല്‍ ഫ്രാങ്ക്‌സിനെ ഈ ആശയം അംഗീകരിക്കാന്‍ വിവര്‍ത്തകന്‍ പ്രേരിപ്പിച്ചു’.-കിരിയാക്കോ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ബിന്‍ ലാദന്‍ സ്‌ത്രീയുടെ വേഷം ധരിച്ച്‌, ഇരുട്ടിന്റെ മറവില്‍ ഒരു പിക്കപ്പ്‌ ട്രക്കില്‍ രക്ഷപ്പെട്ടു’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുലര്‍ച്ചെ സൂര്യോദയത്തിന്‌ ശേഷം ടോറ ബോറയില്‍ കീഴടങ്ങാന്‍ ആരും ഉണ്ടായിരുന്നില്ല. ‘അവരെല്ലാം രക്ഷപ്പെട്ടു. അങ്ങനെ ഞങ്ങള്‍ പോരാട്ടം പാകിസ്‌താന്റെ പ്രദേശത്തേക്ക്‌ മാറ്റേണ്ടി വന്നു.’

9/11 ഭീകരാക്രമണത്തില്‍ 3,000 പേര്‍ കൊല്ലപ്പെട്ടതിന്‌ ശേഷം അഫ്‌ഗാനിസ്‌ഥാനിലെ ടോറ ബോറ പര്‍വതനിരകളില്‍ അമേരിക്ക അല്‍ഖ്വയ്‌ദ ഭീകരരെ വളഞ്ഞതും അവരുടെ പാകിസ്‌താനിലേക്കുള്ള പലായനവും, അമേരിക്കയും പാക്‌ രഹസ്യാന്വേഷണ ഏജന്‍സികളും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടാണ്‌ കിരിയാക്കോ പ്രതികരിച്ചത്‌.പിന്നീട്‌, 2011 മേയ്‌ മാസത്തില്‍ പാകിസ്‌താനിലെ അബോട്ടാബാദില്‍ വച്ചാണ്‌ അമേരിക്ക ഒസാമ ബിന്‍ ലാദനെ കണ്ടെത്തിയത്‌. യുണൈറ്റഡ്‌ സ്‌റ്റേറ്റ്‌സ്‌ സ്‌പെഷല്‍ ഫോഴ്‌സ്‌ നടത്തിയ റെയ്‌ഡില്‍ അദ്ദേഹത്തിന്റെ രഹസ്യ കേന്ദ്രത്തില്‍ വച്ചാണ്‌ അദ്ദേഹം മരിച്ചത്‌.

ഒരു ചോദ്യത്തിന്‌ മറുപടിയായി, അമേരിക്ക അല്‍ഖ്വയ്‌ദയിലും അഫ്‌ഗാനിസ്‌ഥാനിലുമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും, ഇന്ത്യന്‍ ആശങ്കകള്‍ക്ക്‌ വലിയ ശ്രദ്ധ നല്‍കിയിരുന്നില്ലെന്നും കിരിയാക്കോ പറഞ്ഞു.
‘മറ്റൊരു കാര്യം ഞാന്‍ പറയാം. വെറും രണ്ട്‌ മാസത്തിന്‌ ശേഷം, 2002 മാര്‍ച്ചില്‍, ഞങ്ങള്‍ ലാഹോറിലെ ഒരു ലഷ്‌കറെ തോയ്‌ബ കേന്ദ്രത്തില്‍ റെയ്‌ഡ്‌ നടത്തി. ആ വീട്ടില്‍നിന്ന്‌, അല്‍ഖ്വയ്‌ദ പരിശീലന മാനുവലിന്റെ ഒരു കോപ്പി സൂക്ഷിച്ച മൂന്ന്‌ ലഷ്‌കറെ തോയ്‌ബ ഭീകരരെ ഞങ്ങള്‍ പിടികൂടി. വിശകലനപരമായി, ലഷ്‌കറെ തോയ്‌ബയെ അല്‍ഖ്വയ്‌ദയുമായി ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ക്ക്‌ സാധിച്ചത്‌ അപ്പോഴായിരുന്നു.
ആദ്യമായി. ഈ പരിശീലന മാനുവല്‍ കണ്ടെത്തിയതിന്‌ സി.ഐ.എ ഡെപ്യൂട്ടി ഡയറക്‌ടറില്‍നിന്ന്‌ ഞങ്ങള്‍ക്ക്‌ അഭിനന്ദനങ്ങള്‍ ലഭിച്ച ഒരു കേബിള്‍ ലഭിച്ചതായി ഞാന്‍ ഓര്‍ക്കുന്നു, പാകിസ്‌താന്‍ സര്‍ക്കാരിനെ അല്‍ഖ്വയ്‌ദയുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞ ആദ്യത്തെ തവണയാണിതെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു.’ഈ വിഷയം എന്തുകൊണ്ട്‌ വേണ്ടത്ര പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെട്ടില്ല എന്ന ചോദ്യത്തിന്‌, അത്‌ വൈറ്റ്‌ ഹൗസിലെ തീരുമാനമായിരുന്നു എന്ന്‌ അദ്ദേഹം പറഞ്ഞു.