Featured Health

186 കിലോ ഭാരമുള്ള 31-കാരന് നിസ്സാര അണുബാധ മാരകമായി : അമിതവണ്ണം രോഗസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം

മുംബൈയില്‍ ഡെന്റല്‍ ഉപകരണങ്ങളുടെ വിതരണക്കാരനായി ജോലി ചെയ്യുന്ന 31 വയസ്സുകാരനായ യുവാവ്, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും ഡിസംബറിലും കടുത്ത ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയിലായി. ഓരോ തവണയും ശ്വാസംമുട്ടല്‍ കൂടുകയും ഓക്‌സിജന്റെ അളവ് അപകടകരമാംവിധം താഴുകയും ചെയ്തു. മറ്റ് മാറാരോഗങ്ങളൊന്നും ഇല്ലാതിരുന്നിട്ടും, അമിതവണ്ണം കാരണം ഇദ്ദേഹത്തിന് ഐസിയു ചികിത്സയും വെന്റിലേറ്റര്‍ സഹായവും (BiPAP) ആവശ്യമായി വന്നു.

യുവാവിന്റെ ആരോഗ്യപ്രശ്‌നങ്ങളുടെ പ്രധാന കാരണം ‘ക്ലാസ് III ഒബീസിറ്റി’ (അമിതവണ്ണം) ആയിരുന്നു. ഇത് ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സ്‌ട്രോക്ക്, ഹൃദ്രോഗം, സന്ധിവാതം, ശ്വസനശേഷി കുറയുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ‘അമിതവണ്ണം അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെയും ശ്വസന ശേഷിയെയും സാരമായി ബാധിച്ചു. ചികിത്സയിലൂടെ സുഖം പ്രാപിച്ചെങ്കിലും, ഇടയ്ക്കിടെയുണ്ടാകുന്ന കടുത്ത അണുബാധകള്‍ അമിതവണ്ണം ഉയര്‍ത്തുന്ന വലിയൊരു ഭീഷണിയാണ് കാണിക്കുന്നത്,’ എന്ന് ലാപ്രോസ്‌കോപ്പിക് ആന്‍ഡ് ബാരിയാട്രിക് സര്‍ജന്‍ ഡോ. അപര്‍ണ ഗോവില്‍ ഭാസ്‌കര്‍ പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.

അമിതവണ്ണം ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ‘ദി ലാന്‍സെറ്റ്’ (The Lancet) പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്, ശരീരത്തിലെ അമിത കൊഴുപ്പ് പ്രതിരോധശേഷിയെ നശിപ്പിക്കുകയും വീക്കം (Inflammation) ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് അണുബാധകള്‍ വിട്ടുമാറാനും അവ ഗുരുതരമാകാനും കാരണമാകുന്നു. 5.4 ലക്ഷം ആളുകളില്‍ ഇതേക്കുറിച്ച് പഠനം നടത്തി. അമിതവണ്ണമുള്ളവര്‍ അണുബാധകള്‍ കാരണം ആശുപത്രിയിലാകാനോ മരിക്കാനോ 70% കൂടുതല്‍ സാധ്യതയുണ്ടെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, അതികഠിനമായ അമിതവണ്ണമുള്ളവര്‍ക്ക് മരണസാധ്യത മൂന്നിരട്ടിയാണ്. ഫ്‌ലൂ, കോവിഡ്-19, ന്യൂമോണിയ, ഗ്യാസ്ട്രോ എന്റൈറ്റിസ്, മൂത്രനാളിയിലെ അണുബാധ എന്നിവയെല്ലാം അമിതവണ്ണമുള്ളവരില്‍ കൂടുതല്‍ അപകടമുണ്ടാക്കുന്നു.

2023-ല്‍ പകര്‍ച്ചവ്യാധികള്‍ മൂലമുണ്ടായ 54 ലക്ഷം മരണങ്ങളില്‍ 6 ലക്ഷവും (10.8%) അമിതവണ്ണവുമായി ബന്ധപ്പെട്ടതാണെന്ന് പഠനം സൂചിപ്പിക്കുന്നു. 2023-ല്‍ പകര്‍ച്ചവ്യാധികള്‍ മൂലമുണ്ടായ 26 മരണങ്ങളില്‍ ഒന്ന് അമിതവണ്ണവുമായി ബന്ധപ്പെട്ടതാണ്. ആഗോളതലത്തില്‍ അമിതവണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വരും പതിറ്റാണ്ടുകളില്‍ ഇത് മൂലമുള്ള അണുബാധകളും മരണങ്ങളും വര്‍ദ്ധിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ മൈക്ക കിവ്മാക്കി മുന്നറിയിപ്പ് നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *