Featured Oddly News

നേപ്പാളിനെ ഞെട്ടിച്ച ആദ്യവിമാനം റാഞ്ചല്‍; പ്രതി നേപ്പാള്‍ പ്രധാനമന്ത്രി സുശീലയുടെ ഭര്‍ത്താവ് !

കാഠ്മണ്ഡു: നേപ്പാളിന്റെ മുന്‍ ചീഫ് ജസ്റ്റിസും, ഇടക്കാല പ്രധാനമന്ത്രിയുമായ സുശീല കാര്‍ക്കി വന്‍ ആഗോളശ്രദ്ധ നേടുകയാണ്. എന്നാല്‍ നേപ്പാളിന്റെ പ്രധാനമന്ത്രിയുടെ ഭര്‍ത്താവ് 52 വര്‍ഷം മുന്‍പ് ബോളിവുഡ് നടി ഉള്‍പ്പെട്ട നേപ്പാളിലെ ആദ്യ വിമാനറാഞ്ചല്‍ കേസിലെ പ്രതിയാണെന്നുള്ള കാര്യംകൂടി അറിയുക. അതായിരുന്നു നേപ്പാളിലെ ആദ്യ വിമാനം റാഞ്ചല്‍.

നേപ്പാളി കോണ്‍ഗ്രസിന്റെ മുന്‍ യുവനേതാവായിരുന്ന കാലത്താണ് ദുര്‍ഗാ പ്രസാദ് സുബേദിയെയാണ് സുശീല കാര്‍ക്കി വിവാഹം കഴിച്ചത്. ഉത്തര്‍പ്രദേശിലെ വാരണാസിയിലുള്ള ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പഠിക്കുന്ന സമയത്താണ് ഇവര്‍ കണ്ടുമുട്ടിയത്.

1973 ജൂണ്‍ 10-ന് നേപ്പാളില്‍ നടന്ന ആദ്യത്തെ വിമാനറാഞ്ചലില്‍ സുബേദി പങ്കാളിയായിരുന്നു. അന്ന് ഹിന്ദി സിനിമാ നടി മാല സിന്‍ഹയും ആ വിമാനത്തില്‍ യാത്ര ചെയ്തിരുന്നു. ദുര്‍ഗാ പ്രസാദ് സുബേദി, നാഗേന്ദ്ര ധുങ്കേല്‍, ബസന്ത ഭട്ടറായി എന്നിവരടങ്ങുന്ന മൂന്നംഗ സംഘമാണ് വിമാനറാഞ്ചല്‍ നടത്തിയത്. രാജാവ് മഹേന്ദ്രയുടെ ഭരണത്തിനെതിരായ ‘സായുധ പോരാട്ടത്തിന്’ പണം സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. പിന്നീട് നേപ്പാളിന്റെ നാല് തവണ പ്രധാനമന്ത്രിയായ ഗിരിജ പ്രസാദ് കൊയ്രാളയാണ് ഇതിന്റെ സൂത്രധാരന്‍ എന്ന് കരുതപ്പെടുന്നു.

1973 ജൂണ്‍ 11-ന് ന്യൂയോര്‍ക്ക് ടൈംസിന്റെ പ്രിന്റ് എഡിഷനില്‍ നേപ്പാള്‍ എംബസിയെ ഉദ്ധരിച്ച് വന്ന റിപ്പോര്‍ട്ടനുസരിച്ച്, മൂന്ന് സായുധരായ ആളുകള്‍ നേപ്പാൾ എയർലൈൻസ് ഡി എച്ച് സി ട്വിൻ ഓട്ടർ വിമാനം റാഞ്ചുകയും, ഇന്ത്യയിലേക്ക് കടക്കുകയും, ഏകദേശം 400,000 ഡോളറുമായി കാട്ടിലേക്ക് രക്ഷപ്പെടുകയും ചെയ്തു. നേപ്പാള്‍ സ്റ്റേറ്റ് ബാങ്കിന്റേതായിരുന്ന ഈ പണം കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോകുന്ന പതിവ് വിമാനത്തിലായിരുന്നു ഉണ്ടായിരുന്നത്.

”റാഞ്ചികള്‍ യാത്രക്കാരുടെ വേഷത്തില്‍ വിമാനത്തില്‍ കയറി. വിമാനം പറന്നുയര്‍ന്നപ്പോള്‍ അവര്‍ പൈലറ്റിന് നേരെ തോക്ക് ചൂണ്ടി ഫോര്‍ബ്സ്ഗഞ്ചിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ഈ സംഭവത്തില്‍ യാത്രക്കാര്‍ക്കോ വിമാന ജീവനക്കാര്‍ക്കോ പരിക്കേറ്റിട്ടില്ല. ഈ പണം പാര്‍ട്ടി സമ്പൂര്‍ണ്ണ രാജവാഴ്ചക്കെതിരെ ആരംഭിച്ച ജനാധിപത്യ പോരാട്ടത്തെ പിന്തുണയ്ക്കാന്‍ വേണ്ടിയുള്ളതായിരുന്നു,” 2014-ല്‍ റോയിട്ടേഴ്‌സിനോട് റാഞ്ചികളിലൊരാളും വിരമിച്ച നേപ്പാളി അംബാസഡറുമായ ദിനേശ് ഭട്ടറായി പറഞ്ഞു.

റാഞ്ചികള്‍ പൈലറ്റിനെ നിര്‍ബന്ധിച്ച് ബിഹാറിലെ ഫോര്‍ബ്സ്ഗഞ്ചില്‍ വിമാനം ഇറക്കി. അവിടെ മറ്റ് സംഘാംഗങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇതില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാളയും ഉള്‍പ്പെട്ടിരുന്നു. വിമാന റാഞ്ചലിലെ പങ്കാളിത്തത്തിന്റെ പേരില്‍ അദ്ദേഹം മൂന്ന് വര്‍ഷം ഇന്ത്യന്‍ ജയിലുകളില്‍ കഴിഞ്ഞതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്തില്‍ നിന്ന് മൂന്ന് പെട്ടി പണം മാറ്റിയ ശേഷം, ബാക്കിയുള്ള യാത്രക്കാരുമായി വിമാനം യാത്ര തുടര്‍ന്നു. ഒരു വര്‍ഷത്തിനുള്ളില്‍, ധുങ്കേല്‍ ഒഴികെയുള്ള സംഘത്തിലെ എല്ലാ അംഗങ്ങളെയും ഇന്ത്യന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. സുബേദിയും മറ്റുള്ളവരും രണ്ട് വര്‍ഷം ജയിലില്‍ കിടക്കുകയും, പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും. 1980-ലെ ഹിതപരിശോധനക്ക് തൊട്ടുമുമ്പ് നേപ്പാളിലേക്ക് മടങ്ങുകയും ചെയ്തുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.