ദിവസവും മത്സ്യം ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? വളരെ നല്ലതാണെന്നാണ് അതിനുള്ള ഉത്തരം. ഫ്രെഷ് മീന്‍ കിട്ടാത്ത സാഹചര്യങ്ങളില്‍ പലപ്പോഴും ഫ്രിഡ്ജിനുള്ളില്‍ ഇത് നമുക്ക് സൂക്ഷിക്കേണ്ടതായി വരാറുണ്ട്. ഗുണനിലവാരവും സുരക്ഷയും നിലനിര്‍ത്തുന്നതിനായി ശരിയായ രീതിയില്‍ സംഭരിക്കേണ്ടത് അത്യാവശ്യമാണ്. മത്സ്യം ഫ്രിജിലോ ഫ്രീസറിലോ എങ്ങനെ സൂക്ഷിക്കാം എത്രക്കാലം സൂക്ഷിക്കാമെന്ന് നോക്കാം.
യുണൈറ്റഡ് സ്റ്റേറ്റസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ പറയുന്നത് പ്രകാരം ഫ്രഷ് മത്സ്യം ഫ്രിഡ്ജില്‍ 1 മുതല്‍ 2 ദിവസം വരെ സുരക്ഷിതമായി സൂക്ഷിക്കാവുന്നതാണ്. ഇത് പ്ലാസ്റ്റിക് റാപ്പിലോ അലുമിനിയം ഫോയിലിലോ പൊതിഞ്ഞ് വായുകടക്കാതെ പാത്രത്തില്‍ വയ്ക്കണം. ബാക്ടീരിയയുടെ വളര്‍ച്ച മന്ദഗതിയിലാക്കാനായി റഫ്രിജറേറ്ററിന്റെ താപനില 4 ഡിഗ്രി ല്‍ താഴെയായി സൂക്ഷിക്കുക. പുതിയ മത്സ്യമാണതെന്ന് ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്.
എത്ര നാൾ മത്സ്യം ഫ്രീസറിൽ സൂക്ഷിക്കാം?
എഫ് ഡി എയുടെ നിര്‍ദേശം പ്രകാരം ചാള, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങള്‍ 6 മുതല്‍ 8 മാസം വരെ ഫ്രീസറില്‍ സൂക്ഷിക്കാം. സാല്‍മണ്‍, അയല, ട്രൗട്ട് തുടങ്ങിയവ കൊഴുപ്പുള്ള മത്സ്യങ്ങള്‍ 2 മുതല്‍ 3 മാസം വരെ സൂക്ഷിക്കാം. ഫ്രീസര്‍ താപനില – 18ഡിഗ്രി താഴെയാണെന്ന് ഉറപ്പാക്കുക.
മത്സ്യം വാങ്ങിച്ച ഉടനെ തന്നെ ഫ്രീസറിനുള്ളില്‍ വയ്ക്കുക. നാഷണല്‍ സെന്റര്‍ ഫോര്‍ ഹോം ഫുഡ് പ്രിസര്‍വേഷന്റെ മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ച് ഇവ പ്ലാസ്റ്റിക് റാപ്പിലോ അലുമിനിയം ഫോയിലിലോ പൊതിയുകയോ അല്ലെങ്കില്‍ വായു കടക്കാത്ത വാക്വം സീല്‍ ചെയ്ത ബാഗുകള്‍ ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. ഇത് മത്സ്യത്തിന്റെ ഘടനയും രുചിയും സംരക്ഷിക്കാനും സഹായിക്കുന്നുണ്ട്.