Crime

ഭര്‍ത്താവിനോടുള്ള വാശി തീര്‍ക്കാന്‍ കൗമാരക്കാരെ ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മ അറസ്‌റ്റില്‍

വാഷിങ്‌ടണ്‍: ഭര്‍ത്താവുമായി വഴക്കിട്ടതിനു പിന്നാലെ 15 വയസുള്ള രണ്ട്‌ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യു.എസ്‌. വനിത അറസ്‌റ്റില്‍. മിനിസോട്ട സ്വദേശിനിയും രണ്ടു കുട്ടികളുടെ അമ്മയുമായ അലിസണ്‍ ലേഗ്‌ ഷാര്‍ദി(38)നെയാണ്‌ കഴിഞ്ഞ ദിവസം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ജാമ്യത്തില്‍ വിട്ടയച്ച ഇവരോട്‌ ഇന്ന്‌ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

ജനുവരി 14-ന്‌ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അവധിയാഘോഷിക്കാന്‍ അലിസണ്‍ റോസ്‌വില്ലെയിലെത്തിയപ്പോഴായിരുന്നു സംഭവം. ഇവര്‍ താമസിച്ചിരുന്ന അതേ ഹോട്ടലില്‍ താമസിച്ചിരുന്ന, കൊളൊറാഡോയില്‍നിന്നുള്ള ഹോക്കി ടീം അംഗങ്ങളായ കുട്ടികളെയാണ്‌ അലിസണ്‍ പീഡിപ്പിച്ചത്‌.

ഹോട്ടലിലെ ടബ്ബില്‍ വച്ച്‌ കുട്ടികളെ പരിചയപ്പെട്ട അലിസണ്‍ അവരുമായി തന്റെ ദാമ്പത്യപ്രശ്‌നങ്ങള്‍ പങ്കുവച്ചു. എല്ലാവരും അവരവരുടെ മുറികളിലേക്ക്‌ മടങ്ങിയ ശേഷം, തന്റെ ഭര്‍ത്താവുമായി വഴക്കിട്ടെന്നും കൗമാരക്കാരന്റെ മുറിയിലേക്ക്‌ വരാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ്‌ ആണ്‍കുട്ടികളിലൊരാള്‍ക്ക്‌ അലിസണ്‍ സന്ദേശം അയച്ചു. തുടര്‍ന്ന്‌ അവരുടെ മുറിയിലെത്തിയ അലിസണ്‍, താനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ രണ്ടു കുട്ടികളെ നിര്‍ബന്ധിക്കുകയായിരുന്നു.

കുട്ടികള്‍ വീട്ടിലേക്കു മടങ്ങിയിട്ടും അലിസണ്‍ അവര്‍ക്ക്‌ സന്ദേശമച്ചതായും പോലീസ്‌ പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെയാണ്‌ ഇവര്‍ക്കെതിരേ പോലീസ്‌ കേസെടുത്തത്‌. ചോദ്യംചെയ്യലില്‍ അവര്‍ കുറ്റം സമ്മതിച്ചായും പോലീസ്‌ പറഞ്ഞു. തുടര്‍ന്നാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌.