മദ്ധ്യപ്രദേശില്‍ ഒരു ആശുപത്രിയുടെ നാലു ചുവരിനുള്ളില്‍ നടന്ന വിവാഹം ഏറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍കൊണ്ട് സോഷ്യല്‍മീഡിയയില്‍ വലിയ ശ്രദ്ധനേടുന്നു. വിവാഹച്ചടങ്ങില്‍ രോഗിയായ തന്റെ വധുവിനെ എടുത്തുകൊണ്ട് അഗ്നിയെ വലംവച്ച വരന്റെ സ്നേഹം ഇന്റര്‍നെറ്റില്‍ ഹൃദയങ്ങള്‍ കീഴടക്കി. വധു രോഗിണിയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാലാണ് വിവാഹം ആശുപത്രിയില്‍വച്ച് നടത്തേണ്ടി വന്നത്.
ബീവാറിലെ പഞ്ചാബി നഴ്‌സിംഗ് ഹോമിലാണ് ഈ അസാധാരണ ചടങ്ങ് അരങ്ങേറിയത്. വിവാഹം വധുവിന്റെ ജന്മനാടായ പുരുഷോത്തമ്പുര ഗ്രാമത്തില്‍ നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആഹ്ലാദകരമായ ആഘോഷത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിവാഹ തീയതിക്ക് അഞ്ച് ദിവസം മുമ്പ് നന്ദിനിയുടെ ആരോഗ്യനില ഗുരുതരമായി വഷളായി. പെട്ടെന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദീര്‍ഘകാലമായി കാത്തിരുന്ന വിവാഹ ചടങ്ങും ആഘോഷങ്ങളും ഇനിയെന്ന് എന്ന ചോദ്യം ബന്ധുക്കള്‍ക്കിടയില്‍ ചര്‍ച്ചയായി. എന്നാല്‍ വധൂവരന്മാര്‍ക്ക് തങ്ങളുടെ സ്‌നേഹം വിലപ്പെട്ടതായിരുന്നു. വിവാഹമണ്ഡപവും മറ്റ് പരമ്പരാഗത ചടങ്ങുകളും വേണ്ടെന്നുവച്ച് രോഗശാന്തിയുടെ ഇടമായ ആശുപത്രി മുറി, കതിര്‍മണ്ഡപമായി മാറ്റി. ഇരുകുടുംബങ്ങളുടെയും അനുഗ്രഹാശിസ്സുകളോടെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹചടങ്ങുകള്‍ നടന്നു. ആദിത്യ നന്ദിനിയെ എടുത്തുകൊണ്ടാണ് അഗ്‌നിയെ വലം വെച്ചത്.
വരന്‍ ആദിത്യ സിംഗ് പാട്ടും നൃത്തവുമായി പരമ്പരാഗത വിവാഹ ഘോഷയാത്രയായി ആഘോഷത്തിന്റെ അകമ്പടിയിലാണ് വിവാഹവേദിയിലേക്ക് എത്തിയത്. കുംഭ്രാജ് പട്ടണത്തില്‍ നിന്നുള്ള ബല്‍വീര്‍ സിംഗ് സോളങ്കിയുടെ മകള്‍ നന്ദിനിയുടേയും ആദിത്യയുടേയും വിവാഹം ഏറെ പ്രാധാന്യമുള്ള അക്ഷയ തൃതീയ ദിനത്തോടനുബന്ധിച്ച് മെയ് 1 നായിരുന്നു നിശ്ചയിച്ചിരുന്നത്.
വിവാഹം അവരുടെ സ്നേഹത്തിന്റേയും സഹിഷ്ണുതയുടെയും ശക്തമായ തെളിയിക്കല്‍ കൂടിയായിരുന്നു. ഈ ഹൃദയംഗമമായ രംഗം ഓണ്‍ലൈനില്‍ എണ്ണമറ്റ കാഴ്ചക്കാരെ സൃഷ്ടിച്ചു. വിവാഹം പ്രതികൂല സാഹചര്യങ്ങളിലും സ്‌നേഹത്തിന്റെ ശാശ്വത ശക്തിയുടെ സാക്ഷ്യമായി. കല്യാണം മാറ്റിവയ്ക്കുക യോ നിരാശപ്പെടുകയോ ചെയ്യുന്നതിനുപകരം, ആദിത്യയും നന്ദിനിയും ധൈര്യത്തോടെയും ആര്‍ദ്രതയോടെയും തങ്ങളുടെ കഥ മാറ്റിയെഴുതുകയായിരുന്നു.